Connect with us

Video Stories

അവിശ്വാസം നല്‍കുന്ന വിശ്വാസം

Published

on

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. 545 അംഗ സഭയില്‍ 451 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ 126 നെതിരെ 325 വോട്ട് നേടി ബി.ജെ.പി അനായാസം വിശ്വാസം നേടി. പക്ഷെ കണക്കിലെ കളികള്‍ക്കപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ നടന്ന ബലാബല പരീക്ഷണത്തില്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചപ്പോള്‍ ഭരണപക്ഷത്ത് സര്‍വത്ര ആശയക്കുഴപ്പങ്ങളാണ് പ്രകടമായത്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട അതിക്രമം, അസഹിഷ്ണുത, സാമ്പത്തിക തകര്‍ച്ച, കാര്‍ഷിക വ്യവസായിക തകര്‍ച്ച, റാഫേല്‍ പോര്‍ വിമാന അഴിമതി എന്നിവ പ്രതിപക്ഷം അക്കമിട്ട് നിരത്തിയപ്പോള്‍ പതിവ് പുരപ്പുറ പ്രസംഗത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു പ്രധാനമന്ത്രിയും കൂട്ടരും.
2014 ല്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന തെലുങ്കുദേശം പാര്‍ട്ടി തന്നെയാണ് സര്‍ക്കാറില്‍ അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത് എന്നിടത്തു നിന്നുതന്നെ എന്‍.ഡി.എയുടെ തിരിച്ചടി ആരംഭിക്കുന്നുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന ടി.ഡി.പി ഉന്നയിച്ച ആന്ധ്രയുടെ കാര്യത്തില്‍ പോലും നെഞ്ചത്ത് കൈവെച്ച് ആന്ധ്രക്കൊപ്പമുണ്ടാവുമെന്ന് വികാരഭരിതാനാവാനല്ലാതെ വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. 2024 ല്‍ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് സാധിക്കട്ടേയെന്ന് ആശംസിച്ച് കൊണ്ട് ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ തനിക്കുള്ള ഉറപ്പ് പ്രകടമാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അതുകേള്‍ക്കാന്‍ സഖ്യ കക്ഷിയായ ശിവസേനപോലും അകത്തുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മറ്റൊരു സഖ്യകക്ഷിയായ ജനതാദള്‍ (യു) പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. ആകെ 25 അംഗങ്ങള്‍ മാത്രമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില ഓളങ്ങള്‍ തീര്‍ത്തു എന്നല്ലാതെ ഒരു പുതിയ സഖ്യകക്ഷിയെപ്പോലും കൂടെ കൊണ്ടുവരാന്‍ കഴിയാത്ത ബി.ജെ.പിക്ക് സഭയിലെ സഖ്യകക്ഷികളുടെ പെരുമാറ്റം കടുത്ത മാനസിക സമ്മര്‍ദ്ദം നല്‍കിയിട്ടുണ്ടാവുമെന്ന് തീര്‍ച്ച. എ.ഐ.ഡി.എം.കെ യുടെ പിന്തുണ ലഭിച്ചത്‌കൊണ്ട് മാത്രമാണ് കണക്കിലെങ്കിലും ബി.ജെ.പിക്ക് വലിയ ക്ഷീണം പ്രകടമാകാതിരുന്നത്.
എന്നാല്‍ പ്രതിപക്ഷത്താവട്ടെ പോരാട്ടത്തിന്റെ പോര്‍മുഖം തുറക്കാനുള്ള സമയം ഇതു തന്നെയാണെന്ന സന്ദേശമാണ് അവിശ്വാസ പ്രമേയ ചര്‍ച്ച സമ്മാനിച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന തകര്‍പ്പന്‍ പ്രകടനത്തിലൂടെ തന്റെ നേതൃപാഠവം പ്രതിപക്ഷ കക്ഷികളെകൊണ്ട് മുഴുവന്‍ അംഗീകരിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച അദ്ദേഹം തന്റെ ലോക്‌സഭാ കാലയളവിലെ ഏറ്റവും മികച്ച പ്രസംഗമാണ് കാഴ്ചവെച്ചത്. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും, രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്നും പറഞ്ഞ അദ്ദേഹം റഫാല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടാണെന്നും തുറന്നടിച്ചു. ആള്‍ക്കൂട്ട കൊലപാതകം, അസഹിഷ്ണുത, സാമ്പത്തിക മാന്ദ്യം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ചെറുകിട കച്ചവടക്കാരുടെ പ്രയാസങ്ങള്‍, പെട്രോള്‍ വില വര്‍ധന തുടങ്ങിയ രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളും പരാമര്‍ശിച്ച അദ്ദേഹം അവസാനം സഭയെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് മോദിയെ ആലിംഗനം ചെയ്ത്‌കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ സകല വിദേശ രാഷ്ട്രത്തലവന്‍മാരെയും കെട്ടിപ്പിടിച്ച് ആലിംഗനങ്ങളുടെ രാജാവായി മാറിയ മോദി തന്നെ പതറിപ്പോവുകയുണ്ടായി.
ഭരണപക്ഷത്തെ പ്രമുഖരെപ്പോലും ആശയക്കുഴപ്പത്തിലാക്കാനും രാഹുലിന് സാധിച്ചു. തുടക്കത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പലരും അദ്ദേഹത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക പോലുമുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലായ അവരില്‍ പലരും പിന്നീട് രാഹുലിനെതിരെ തിരിയുകയായിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും സമീപനത്തില്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന പരാമര്‍ശത്തിന് അടിവരയിടുകയാണ് രാഹുല്‍ ഇതിലൂടെ വ്യക്തമാക്കിയത്. രാഹുലിന്റെ നീക്കത്തെ പ്രതിപക്ഷം ഒന്നടങ്കം നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണപക്ഷം നിരന്തരം തടസപ്പെടുത്തുകയും ഒരു തവണ സഭ നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ ഉണ്ടാക്കുകയും ചെയ്തതിലൂടെ ലക്ഷ്യത്തില്‍ തന്നെ തറച്ചു എന്ന് ഉറപ്പായിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന ശിവസേനാ മുഖപത്രം സാംനയുടെ വെളിപ്പെടുത്തല്‍ ഭരണകക്ഷികള്‍ തന്നെ രാഹുലിന്റെ നീക്കങ്ങളെ ക്രിയാത്മകമായി വിലയിരുത്തി എന്നതിന് തെളിവാണ്. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി. രാഹുലിന്റെ പ്രസംഗം ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നുവെന്നും അഭിനന്ദനാര്‍ഹമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
2004 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഹുലിന്റെ കന്നി പ്രസംഗത്തിന് മാസങ്ങളോളം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം കയ്യടിക്കാന്‍ ഒരുങ്ങി നിന്ന ആ സന്ദര്‍ഭത്തില്‍ യു.പിയിലെ കര്‍ഷക പ്രശ്‌നങ്ങളെ കുറിച്ച് മിനുട്ടുകള്‍ക്കൊണ്ട് അദ്ദേഹം പറഞ്ഞൊപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളുടെ മുന്‍ഗണനാക്രമം പോലും പ്രസംഗത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷ നിരയില്‍ നിന്ന് സംസാരിച്ച മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുഴുവന്‍ കക്ഷി നേതാക്കളും സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തിയതിലൂടെ കേന്ദ്രം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിട്ടും അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ പലപല കാരണങ്ങള്‍ പറഞ്ഞ് കാലാവധി തള്ളിനീക്കുകയായിരുന്നു. വന്‍ വ്യത്യാസത്തില്‍ പ്രമേയം സഭ തള്ളുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ഐക്യം തകരുകയും അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലൂടെയാണ് നടപ്പു സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്. അതുവഴി തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. എന്നാല്‍ കണക്കുകള്‍ക്കപ്പുറം മാനസികമായി മികച്ച മുന്‍തൂക്കമാണ് പ്രതിപക്ഷം നേടിയെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ സഭയില്‍ ഇതിന്റെ അനുരണനങ്ങള്‍ പ്രകടമാകുക തന്നെ ചെയ്യും. മോദിസര്‍ക്കാറിന്റെ രീതികളില്‍ വിയോജിപ്പുള്ള മുഴുവന്‍ പേര്‍ക്കും ഒന്നിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം പാര്‍ലമെന്റിനകത്തും പുറത്തും രൂപപ്പെട്ടു വന്നിരിക്കുകയാണ്. ആത്യന്തികമായി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും ഇത് നിമിത്തമായിരിക്കുകയാണ്.

News

‘കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ’; പൂരം കലക്കിയ ആള്‍ തന്നെ അന്വേഷിക്കുന്നു, കെ. മുരളീധരന്‍

പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണ്. സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ല. വി.ഡി. സതീശന്‍-എഡിജിപി ഗൂഢാലോചന എന്ന ആരോപണം ഞങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. ഡിജിപി പാവം മനുഷ്യനാണ്. അവരെ ബൊമ്മ പോലെ ഇരുത്തിയിരിക്കുന്നെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തൽ വാട്ടർ അതോറിറ്റിയെയും നഗരസഭയെയും മുരളീധരന്‍ വിമർശിച്ചു. വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഞ്ച് ദിവസം അനുഭവിച്ചത് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് പണം അടച്ചു. തിരഞ്ഞെടുപ്പ് പേര് പറഞ്ഞു അത് നീട്ടി കൊണ്ട് പോയതാണ്. സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Continue Reading

Health

ഇന്ത്യയിൽ എം പോക്‌സ് ഇല്ല, സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Published

on

രാജ്യത്ത് ആർക്കും മങ്കിപോക്‌സ്(എംപോക്‌സ്) ബാധയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സമാർഗനിർദേശത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. അതേസമയം, പൊതുജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളിയ ആള്‍ പിടിയില്‍

വിഷയത്തില്‍, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാന്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയും ചെയ്തു.

Published

on

ക്ഷേത്രത്തിനുള്ളില്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ തള്ളിയ ആള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മഹമൂദ്പൂര്‍ ഗ്രാമത്തിലെ സിദ്ധ ബാബ ക്ഷേത്രത്തിനുള്ളിലാണ് യുവാവ് കോഴിയവശിഷ്ടങ്ങള്‍ എറിഞ്ഞത്. സംഭവത്തില്‍ വീര്‍പാല്‍ ഗുര്‍ജാര്‍ എന്ന യുവാവ് പിടിയിലായി.

സെപ്റ്റംബര്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാള്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് ഇട്ടത്. ക്ഷേത്രം അശുദ്ധമാക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വിശ്വാസികള്‍ തിലമോദ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തടിച്ചുകൂടുകയും ചെയ്തു.

ഇതോടെ ഗാസിയാബാദ് പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കാമെന്നും പ്രതിയെ പിടികൂടാമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിഷയത്തില്‍, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാന്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയും ചെയ്തു. ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചിട്ടും തന്റെ ആഗ്രഹം സഫലമാകാത്തതിന്റെ നിരാശയാണ് വീര്‍പാലിന്റെ പ്രവൃത്തിക്കു പിന്നിലെന്ന് ഗാസിയാബാദ് ഡിസിപി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ തങ്ങള്‍ ഉടന്‍ നടപടിയെടുക്കുകയും ഗുര്‍ജറിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending