Connect with us

Video Stories

മുസഫര്‍ നഗറിലെ മുറിവുണങ്ങിയിട്ടില്ല

Published

on

വര്‍ഗീയ വൈരത്തിന്റെ മുറിപ്പാടുകളുണങ്ങാത്ത മുസഫര്‍ നഗര്‍ കലാപത്തെ ഭരണത്തിന്റെ മൂടുപടത്തില്‍ മൂടിവെക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുസഫര്‍ നഗര്‍ ഉള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനുള്ള യോഗി ആദിത്യനാഥിന്റെ ഗൂഢനീക്കം ജനാധിപത്യത്തെ സ്വേച്ഛാധിപത്യവത്കരിക്കുന്നതിന്റെ സംഘ്പരിവാര്‍ സ്വരൂപമാണ് വെളിപ്പെടുത്തുന്നത്. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകളാണ് ബി.ജെ.പി സര്‍ക്കാര്‍ കുഴിച്ചുമൂടുന്നത്. ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ കേസുകള്‍ എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയും യോഗി ആദിത്യനാഥിനുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന കുറ്റം ചുമത്തിയ 16 കേസുകളും മത സ്പര്‍ദ്ധ കേസുകളും പിന്‍വലിക്കുന്നുണ്ട്. അധികാരത്തിലേറിയതു മുതല്‍ ഉത്തര്‍പ്രദേശിലെ ചെറുതും വലുതുമായ വര്‍ഗീയ സംഘട്ടനങ്ങളില്‍ ബി.ജെ.പിയെ വെള്ളപൂശാനുള്ള നീക്കമാണ് യോഗി നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ പ്രതികളായ കേസുകളില്‍ നിയമ പരിരക്ഷ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപിത നയമാണ് മുഖ്യമന്ത്രി കസേരയിലിരുന്ന് ആദിത്യനാഥ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.

കേസുകളില്‍ പ്രതികളായ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ സഞ്ജീവ് കുമാര്‍ ബല്യാന്‍, ബര്‍തേന്ദ്ര സിങ് എം.പി, എം.എല്‍.എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ പ്രതികളായ 179 കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് കോടതിയുടെ പരിഗണനയിലുള്ള എട്ടു കേസുകളുടെ ഊരാക്കുടുക്കില്‍ നിന്ന് തങ്ങളുടെ നേതാക്കളെ സുരക്ഷിതമായി ഊരിയെടുക്കാന്‍ യോഗി ആദിത്യനാഥ് നടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ഗൂഢാലോചനക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനാണ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേസിലകപ്പെട്ടത്. സാധ്വി പ്രാചി അടക്കമുള്ള തീപ്പൊരി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായി കണക്കാക്കുന്നത്. അന്വേഷണവും കലാപ റിപ്പോര്‍ട്ടും പൂര്‍ണാര്‍ത്ഥത്തില്‍ ശരിയല്ലെന്ന് ബോധ്യമുള്ള ജനതയെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ യോഗി സര്‍ക്കാര്‍ പ്രതികളിലെ പ്രധാനികള്‍ക്കു പുറത്തു കടക്കാനുള്ള ഒത്താശ നല്‍കുന്നത്. കലാപത്തിന്റെ വേവും വ്യഥയും തൊട്ടറിഞ്ഞ ഇരകളോടുള്ള നീതിനിഷേധവും കലാപകാരികളോടുള്ള സര്‍ക്കാറിന്റെ ഐക്യദാര്‍ഢ്യവുമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

2013 സെപ്തംബറിലെ മുസഫര്‍ നഗര്‍, ഷംലി വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 1455 പേര്‍ക്കെതിരെ 503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ഫെബ്രുവരി 23ന് ഉത്തര്‍പ്രദേശ് നിയമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രാജ്‌സിങ് കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍ നഗര്‍, ഷംലി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായമാരാഞ്ഞായിരുന്നു കത്ത്. ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ എന്തെല്ലാം കേസുകളാണുള്ളത് എന്ന് കേസ് നമ്പറുകളും ഐ.പി.സി സെക്ഷനുകളും സഹിതമാണ് ചോദിച്ചിരുന്നത്. നിയമവകുപ്പ് വൃത്തങ്ങള്‍ കത്തിന്റെ ഉള്ളടക്കം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കളെ രക്ഷപ്പെടുത്താനുള്ള പഴുതു തേടിയുള്ളതാണ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ കത്ത് എന്ന കാര്യം ഉള്ളടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുമായി രഹസ്യ ചര്‍ച്ച നടത്തി കേസുകളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതിലൂടെ ഇക്കാര്യം അസന്നിഗ്ധമാവുകയും ചെയ്തു.

കലാപം അന്വേഷിച്ച വിഷ്ണു സഹായ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് വിദാന്‍ സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചായിരിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനെ ന്യായീകരിക്കുക. ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനം കാരണം ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതായിരുന്നു വിഷ്ണു സഹായ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇതിനെതിരെ അന്ന് പരക്കെ ആക്ഷേപമുയരുകയും ചെയ്തിരുന്നു. കലാപത്തില്‍ കൃത്യമായി ഇടപെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയിക്കപ്പെട്ട ബി.ജെ.പി എം.പി സംഗീത് സോമന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തൊടാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കലാപം പൊട്ടിപ്പുറപ്പെടാന്‍ പ്രധാന കാരണം പൊലീസിന്റെ വീഴ്ചയാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ കാതലായ കണ്ടെത്തല്‍. ഇത് സമര്‍ത്ഥിക്കുന്നതിന് മൂന്നു പൊലീസുകാരുടെ പേരും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

കലാപാനന്തരം അറസ്റ്റിലായ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് കുറ്റക്കാരല്ലെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പിച്ചിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അക്രമകാരികള്‍ക്ക് വീര്യം പകര്‍ന്നു നല്‍കിയ സംഗീത് സോമിന്റേതും മുസഫര്‍ നഗറില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ സുരേഷ് റാണയുടേതും സ്വാഭാവിക പ്രതികരണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുള്ളത്. ഇതെല്ലാം തന്റെ നീക്കത്തിന് പിന്‍ബലമാകുമെന്ന വൃഥാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗിയുടെ പുതിയ പുറപ്പാട്. പക്ഷേ, രാജ്യം ഏറെ വേദനിച്ച മുസഫര്‍ നഗര്‍ കലാപത്തിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇങ്ങനെയൊരു പരിണാമമുണ്ടാകുന്നത് ജനായത്ത ബോധത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ്. നീതിനിര്‍വഹണ സംവിധാനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്തെ ഏതു ഭരണാധികാരിക്കും സ്വേച്ഛാധിപത്യത്തിന് അതിരുണ്ട്. ഏകശിലാത്മക ഭരണവ്യവസ്ഥിതിയുടെ നിര്‍മിതിക്കു വേണ്ടി ജനാധിപത്യം കശാപ്പുചെയ്യാമെന്ന യോഗി ആദിത്യനാഥിന്റെ വ്യാമോഹത്തിനു മുമ്പിലും കരുത്തുറ്റ കവചമായി നീതിന്യായ കോടതികള്‍ നിലയുറപ്പിക്കുമെന്ന് പ്രത്യാശിക്കാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending