കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനം ഇന്ന് ദൗര്‍ബല്യങ്ങളുടെ കൂടാരമാണ്. അഴിമതിയും അധികാരമോഹവും ധാര്‍മിക മൂല്യച്യുതിയും അതിനെ അത്രയേറെ ഗ്രസിച്ചിരിക്കുന്നു. സി.പി.എമ്മാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മുഖം കെടുത്തുന്നത്. സ്വാര്‍ത്ഥതയും ധനമോഹവും കാരണം കാഴ്ച നഷ്ടപ്പെട്ട പാര്‍ട്ടി കൂടെയുള്ള മറ്റുള്ളവരെയും കൊണ്ടെത്തിക്കുന്നത് നാശത്തിലേക്കാണ്. സംസ്ഥാനത്ത് പേരുദോഷത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സി.പി.എം ഇപ്പോള്‍ ധാര്‍മികാധ:പതനത്തിന്റെ ഉത്തുംഗതയിലാണ്. അധികാരം കിട്ടുമ്പോഴെല്ലാം അവര്‍ ചെളിയില്‍ പൂണ്ടുപോകാറുണ്ട്. വര്‍ത്തമാനകാലത്ത് അഴുക്കുചാലില്‍ നീരാടുകയാണെന്ന് മാത്രം. കുറച്ചുനാളായി സി.പി. എമ്മിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് തുടരെത്തുടരെ ഉണ്ടായിരിക്കുന്നത്. അതും നാറ്റക്കേസുകള്‍. നയതന്ത്ര കാര്യാലയം വഴിയുള്ള സ്വര്‍ണക്കടത്തും തിരുവനന്തരപുരം വിമാനത്താവളം കൈവശപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് ഒത്താശ ചെയ്തതും ഉദാഹരണങ്ങള്‍ മാത്രം.

ഏറ്റവുമൊടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധവും പുറത്തുവന്നിരിക്കുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘാംഗങ്ങളുടെ ഉറ്റ സഹായിയാണ് ബിനീഷ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ തെളിവുസഹിതം ഉന്നയിച്ച ആരോപണത്തെ നിഷേധിക്കാന്‍ ബിനീഷിനും സി.പി.എമ്മിനും സാധിച്ചിട്ടില്ല. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് ഉറ്റ ബന്ധമുണ്ടെന്ന് തന്നെയാണ് അയാള്‍ സമ്മതിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോപണം പച്ചയായി നിഷേധിക്കുന്നത് അപകടമാണെന്ന് അയാള്‍ക്കറിയാം. അനൂപ് മുഹമ്മദ് നാര്‍കോട്ടിക് ബ്യൂറോക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പി.കെ ഫിറോസ് പുറത്തുവിട്ടതാണ് ബിനീഷിന് പണി കിട്ടാന്‍ കാരണം. അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നല്ലാതെ മയക്കുമരുന്ന് ഇടപാടിന്റെ കാര്യം അറിയില്ലെന്നാണ് ബിനീഷിന്റെ വിശദീകരണം. പക്ഷെ, അത് വിശ്വസിക്കാന്‍ ആളെക്കിട്ടുമെന്ന് ബിനീഷും കോടിയേരിയും സി.പി.എമ്മും പ്രതീക്ഷിക്കേണ്ടതില്ല. ഹോട്ടല്‍ തുടങ്ങുന്നതിന് ലക്ഷങ്ങള്‍ നല്‍കാന്‍ മാത്രം ഉറ്റ സൗഹൃദയമുള്ള ഒരാളുടെ ഉള്ളുകള്ളികളെക്കുറിച്ച് ബിനീഷിന് അറിയാതിരിക്കുമോ? ബംഗളൂരുവില്‍ പോകുമ്പോള്‍ ഹോട്ടല്‍ മുറിയെടുത്ത് സഹായിക്കുന്ന സുഹൃത്തിന്റെ ലഹരിക്കടത്ത് പശ്ചാത്തലത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയല്‍ സ്യൂട്ട് അപാര്‍ട്മന്റില്‍ ബിനീഷ് കോടിയേരി പതിവു തെറ്റാതെ സന്ദര്‍ശിക്കുന്നത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. അധികാരത്തിലിരിക്കുന്ന സി.പി.എമ്മിന്റെയും പാര്‍ട്ടി സെക്രട്ടറിയായ പിതാവിന്റെയും തണലില്‍ പരമാവധി വെട്ടിപ്പിടിക്കാമെന്ന് അയാള്‍ക്ക് അറിയാം.

ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടല്‍ വഴിയാണ് മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്നത്. ഈ ഹോട്ടലിനുവേണ്ടി ബിനീഷാണ് പണം മുടക്കിയതെന്ന് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ജൂണ്‍ 19ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം അനൂപ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ശക്തമായ ബന്ധം ബിനീഷ് പറയുന്നതുപോലെ ചെറുതാണോ? സ്വര്‍ണ്ണക്കടത്ത് സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഒളിവിലായിരുന്ന സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബംഗളൂരുവില്‍ ലഹരിക്കടത്തിന് സൗകര്യമെരുക്കുന്ന ഹോട്ടല്‍ നടത്തുന്ന അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചത് 26 തവണയാണ്. അനൂപിന്റെ ഫോണ്‍ ലിസ്റ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെട്ട നിരവധി ആളുകളുടെ പേരുണ്ട്. എന്നിരിക്കെ ഒരു ദിവസം അത്രയേറെ തവണ ബിനീഷ് അയാളെ വിളിച്ചത് കാര്യത്തിനല്ലാതിരിക്കുമോ? സ്വപ്‌ന സുരേഷുമായി ബിനീഷിനുള്ള ബന്ധത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. യു.എ.ഇ കോണ്‍സുലേക്കുള്ള സാധന സാമഗ്രികള്‍ എത്തിച്ചത് ബിനീഷിന്റെ ബിനാമി സ്ഥാപനങ്ങളായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍സുലേറ്റില്‍നിന്ന് ബിനീഷിന് സ്വപ്‌ന സുരേഷ് വാങ്ങിക്കൊടുത്തത് കോടികളാണ്. സി.പി.എമ്മിന്റെ അധികാര കേന്ദ്രങ്ങളുമായി അടുക്കാന്‍ സ്വപ്‌നക്ക് അതിലൂടെ അവസരമൊരുങ്ങുകയും ചെയ്തു. കേരളത്തില്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. പലതരം ബിസിനസ് സംരംഭങ്ങളില്‍ ബിനാമി പേരുകളിലാണ് വന്‍ നിക്ഷേപം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ബിനീഷ് കോടിയേരിയുടെ ക്രിമിനല്‍ പശ്ചാത്തലം നട്ടുച്ചക്ക് ഗുഡ്‌നൈറ്റ് പറഞ്ഞതുകൊണ്ട് മറച്ചുവെക്കാനാവില്ല. അന്വേഷണ ഏജന്‍സികള്‍ തനിക്കും ചുറ്റും വലമുറുക്കുകയാണെന്ന് ബോധ്യമാകുമ്പോള്‍ നട്ടുച്ചയും നട്ടപ്പാതിരയും തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ എന്തിന് അത്ഭുതപ്പെടണം? അനൂപുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വിവരങ്ങളും ബിനീഷിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൂന്നാറില്‍ 200 ഏക്കര്‍ വസ്തുക്കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്ന് അനൂപ് നാര്‍കോട്ടിക്‌സ് ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിരവധിയാണ്. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ വിവാദ നായകനാണ് മൂത്ത മകന്‍ ബിനോയ് കോടിയേരി. ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണമുന്നയിച്ചത്. 10 കോടിയിലേറെ രൂപ വെട്ടിച്ചുവെന്നായിരുന്നു പരാതി. കൂടാതെ അയാള്‍ ദുബൈയില്‍നിന്ന് മുങ്ങുകയും ചെയ്തു. ആ കേസ് പിന്നീട് ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. അതിന് ശേഷം ഡാന്‍സ് ബാര്‍ ജീവനക്കാരി ലൈംഗികാരോപണവുമായി രംഗത്തുവന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതിന്റെ ഡി. എന്‍.എ ടെസ്റ്റ് കഴിഞ്ഞ് നില്‍ക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മക്കളോടൊപ്പം പ്രതിക്കൂട്ടില്‍ കയറുന്നത് സി.പി.എമ്മുകൂടിയാണ്. മക്കള്‍ കുടുങ്ങുമെന്ന് ഉറപ്പാകുമ്പോള്‍ കൈയൊഴിഞ്ഞ് സംസാരിക്കുകയാണ് കോടിയേരി ചെയ്യാറുള്ളത്. ബിനീഷും ബിനോയിയും പാര്‍ട്ടി അംഗങ്ങളല്ലെന്നും മക്കള്‍ ചെയ്യുന്ന കുറ്റത്തിന് മാതാപിതാക്കള്‍ ഉത്തരവാദികളല്ലെന്നുമെന്നാണ് അദ്ദേഹത്തിന്റെ പതിവ് ന്യായീകരണം. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മക്കളുടെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടി നശിച്ചാലും പണം വാരണം. അതിന് ഏത് വഴിയും തെരഞ്ഞെടുക്കും. ഇങ്ങനെ പോയാല്‍ കേരളത്തിലും സി.പി.എം നാമാവശേഷമാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.