Connect with us

News

സ്വയം പ്രതിരോധത്തിന് ശക്തിയില്ലാതെ സി.പി.എം

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

തിരിച്ചടികളുടെ പ്രളയത്തില്‍ മുങ്ങി ഇടത് സര്‍ക്കാര്‍ ജനമധ്യത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍നിന്ന് എങ്ങിനെ ശ്രദ്ധ തിരിച്ചുവിടാമെന്ന് ആലോചിക്കുമ്പോഴാണ് വെഞ്ഞാറമൂടില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുന്നത്. സ്വര്‍ണക്കടത്ത് വിവാദമുള്‍പ്പെടെ ചര്‍ച്ചകളില്‍നിന്നും മലയാളികള്‍ മാറുമെന്ന് വ്യാമോഹിച്ച് മരണം ആഘോഷമാക്കാനുള്ള തത്രപ്പാടിലായിരുന്നു സി.പി.എം. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റൂറല്‍ എസ്.പി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച് തങ്ങള്‍ക്കെതിരായ വികാരത്തെ മറികടക്കാമെന്ന് വിചാരിച്ച സി.പി.എമ്മിനുപക്ഷേ വൈകാതെതന്നെ തിരിച്ചടിക്കുന്നുവെന്നാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇരട്ട കൊലപാതകത്തിനുപിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്ന ആരോപണം ഉയരുകയും കൊല്ലപ്പെട്ടവരില്‍ ആയുധമുണ്ടായിരുന്നുവെന്നതും സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നതായി സി.പി.എം സമ്മതിക്കുകയും ചെയ്തു. സ്വയം പ്രതിരോധത്തിനുവേണ്ടിയാകാം ആയുധം സൂക്ഷിച്ചിരുന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെട്ടത്. സ്വയം രക്ഷക്ക് വാളുമായി നടക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിയാണോ സി.പി.എം എന്ന ചോദ്യത്തിനു പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടതുണ്ട്. സ്വയം രക്ഷക്ക് എല്ലാവരും വാളെടുത്ത് നടന്നാല്‍ പിന്നെ നാടിന്റെ അവസ്ഥയെന്താകുമെന്ന ചോദ്യത്തിനുകൂടി സി.പി.എം സെക്രട്ടറി വ്യക്തമായ മറുപടി പറയണം. കേരളത്തെ കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന പാര്‍ട്ടിയാണ് സി.പി.എം.

ക്രമസമാധാനപാലനത്തില്‍ കേരളം മുന്നിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീമ്പ് പറയുമ്പോള്‍ തന്നെയാണ് സ്വയംരക്ഷക്ക് വാള്‍ എടുക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി തുറന്നുപറയുന്നത്. സര്‍ക്കാറിനെയും പാര്‍ട്ടിയെയും സെക്രട്ടറിതന്നെ തിരുത്തിയതോടെ ഇരട്ടകൊലപാതകത്തെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമന്ന ആവശ്യത്തിനും കൂടുതല്‍ പ്രധാന്യം കൈവന്നിരിക്കുകയാണിപ്പോള്‍. സി.പി.എം മുഖ്യമായി ഉന്നംവെക്കുന്ന അടൂര്‍ പ്രകാശ് തന്നെ സി.ബി.ഐ അന്വേഷഷണം വേണമെന്ന് വ്യക്തമാക്കുകയും സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തത് സി.പി.എമ്മിനെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

സമഗ്രമായ അന്വേഷണത്തിനു എത്രയോ കേസുകള്‍ സി.ബി.ഐക്ക് വിട്ട ചരിത്രം കേരള സര്‍ക്കാറിനുണ്ട്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിനു മറ്റാരേക്കാളും താല്‍പര്യമെടുക്കേണ്ടത് സി.പി.എമ്മും ഇടത് സര്‍ക്കാറുമാണ്. പ്രതിസ്ഥാനത്ത്‌സി.പി.എം നിര്‍ത്തിയിരിക്കുന്ന കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് സി.പി.എം അല്ലേയെന്നാണ് സ്വാഭാവിക ചോദ്യം. കൊലപാതക അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തുവരണമെന്ന് കേരളം ആഗ്രഹിക്കുന്നു. രാഷ്രട്രീയ കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായിട്ടുണ്ട്. പലതവണ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് റൂറല്‍ എസ്.പിയെന്നും സി.പി.എമ്മിന്റെ വക്താവായി റൂറല്‍ എസ്.പി മാറുന്നുവെന്നും നീതി ലഭിക്കില്ലെന്നുമുള്ള അടൂര്‍ പ്രകാശിന്റെ ആരോപണം ഗൗരവമായി കാണേണ്ടതാണ്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹീന്റെ മൊഴിയെടുക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടി റഹീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ അര്‍ധരാത്രി എത്തിയത് ദുരൂഹത പടര്‍ത്തിയിട്ടുണ്ട്. ഷഹീനെ പുറത്തേക്ക് വിളിച്ചിറക്കി അരമണിക്കൂര്‍ ക്ലാസ് കൊടുത്തുവെന്നാണ് സ്ഥലം എം.പി അടൂര്‍ പ്രകാശ് ആരോപിച്ചിരിക്കുന്നത്. മൊഴിയെടുക്കുമ്പോള്‍ മറ്റൊരാള്‍ പഠന ക്ലാസ് എടുത്തു നല്‍കുന്നത് ശരിയല്ല. നീതി നിര്‍വഹണത്തിനു കളങ്കമാണിത്. വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ഷഹീനെ വിശദമായി ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുമെന്ന് വിശദമാക്കിയുള്ള പ്രദേശവാസിയുടെ വാട്‌സ് ആപ്പ് വോയിസ് ഏറെ പ്രചരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ കഴിഞ്ഞദിവസം നാടകീയ രംഗങ്ങള്‍ സ്റ്റേഷനില്‍ അരങ്ങേറിയതെന്നാണ് ആരോപണം, കൊലപാതകവുമായി ബന്ധപ്പെട്ട്് അടൂര്‍ പ്രകാശിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ആസൂത്രിതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പതിറ്റാണ്ടുകള്‍ക്ക്‌ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണിതെന്നാണ് ചെന്നിത്തല തുറന്നുകാട്ടുന്നത്. എം.പി എന്ന നിലയില്‍ ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അടൂര്‍ പ്രകാശ്്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും സഹകരണമന്ത്രിയും അടൂര്‍ പ്രകാശിനെതിരെ ചെളിവാരിയെറിയുകയാണെന്നും ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. വെഞ്ഞാറമ്മൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ഈ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. സി.ഐ. ടി.യുവിന്റെ മൂന്ന് ആളുകള്‍ പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കൊലപാതകത്തിന്റെ മറവില്‍ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 143 ഓഫീസുകള്‍ സി.പി.എം തകര്‍ത്തുവെന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓഫീസുകള്‍ തകര്‍ക്കുന്നതും വ്യാപകമായ ആക്രമണവും പൊലീസ് ശക്തമായി തടയേണ്ടതുണ്ട്. ഇത്രയും ഓഫീസുകള്‍ ആക്രമിക്കപ്പെടുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വതെയാണ് വെളിപ്പെടുത്തുന്നത്.

യഥാര്‍ത്ഥ ഘാതകരെ പിടികൂടുകയും ശക്തമായ ശിക്ഷ പ്രതികള്‍ക്ക് വാങ്ങികൊടുക്കുകയും വേണം. ക്രൂരമായ കൊലപാതകങ്ങള്‍ ഇനിയും ഉണ്ടായിക്കൂടാ. ഓരോ കൊലപാതകവും ബാക്കിവെക്കുന്നത് കണ്ണീര്‍കഥകളുടേതാണ്. പ്രതീക്ഷയുടെ യൗവ്വനങ്ങള്‍ ഞെട്ടറ്റ് വീഴരുത്. ഇതിനു വേണ്ടത് സമഗ്ര അന്വേഷണം തന്നെയാണ്. ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരണം.

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒട്ടേറെ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥരായത്. നിലക്കാത്ത നിലവിളികളുടെ നാടായി കേരളം മാറിക്കഴിഞ്ഞു. നിരവധി യുവതികള്‍ വിധവകളായി, അനാഥരായ കുട്ടികള്‍, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ എന്നിട്ടും കൊടും ക്രിമിനലുകള്‍ക്ക് പോലും എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി യഥേഷ്ടം പരോള്‍ സമ്മാനിക്കുന്നു. കേരളം കൊലപാതകങ്ങളുടെയും പിടിച്ചുപറിയുടെയും കൊള്ളയുടെയും നാടായി മാറിയെന്ന് കണക്കുകള്‍ വിശദമാക്കുന്നു. പൊലീസ് കസ്റ്റഡിയില്‍പോലും രക്ഷയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു ഡസനോളം പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണിത്. ഒരാളെ കസ്റ്റഡിയില്‍ വെക്കുമ്പോള്‍ പോറല്‍പോലും ഏല്‍ക്കാന്‍ പാടില്ലെന്ന നിയമമുള്ളിടത്താണ് നഷ്ഠൂരമായി ജീവന്‍ അപഹരിക്കപ്പെടുന്നത്. ഗവര്‍ണര്‍ക്ക് നാല് തവണയാണ് ക്രമസമാധാന നിലയെപ്പറ്റി സര്‍ക്കാരിനോട് വിശദീകരണം തേടേണ്ടിവന്നത്.

 

kerala

മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

on

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

kerala

‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.

Published

on

പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.

എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു. അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്.

ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി
ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ.
കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്.
അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും.
മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

Continue Reading

india

മണിപ്പൂരിലേത് ഞെട്ടിക്കുന്ന നടപടി; സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ: വി ഡി സതീശൻ

ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Published

on

ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ വി ഡി സതീശൻ. ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണിപ്പൂരില്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

Continue Reading

Trending