ഇന്ത്യന്‍ മതേതരത്വത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ അയോധ്യയിലെ അഞ്ഞൂറാണ്ടു പഴക്കമുള്ള ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രംനിര്‍മിക്കാന്‍ പത്തുമാസംമുമ്പ് അനുമതി നല്‍കിയ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അനുപൂരകംചാര്‍ത്തി മസ്ജിദ് പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുന്ന മറ്റൊരു വിധികൂടി രാജ്യത്തുണ്ടായിരിക്കുന്നു. 2019 നവംബര്‍ ഒന്‍പതിന് രാജ്യത്തെ അത്യുന്നത നീതിപീഠമായിരുന്നു മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചതെങ്കില്‍ മസ്ജിദ് പൊളിക്കാന്‍ നേതൃത്വം നല്‍കിയവരെ വെറുതെവിട്ടുകൊണ്ടാണ് സി.ബി.ഐയുടെ ലക്‌നൗ കോടതി ഇന്നലെ രാജ്യത്തെ മതേതരത്വത്തെ ഒരിക്കല്‍കൂടി കയ്യൊഴിഞ്ഞിരിക്കുന്നത്. ഗാന്ധി വധത്തിനുശേഷം ഇന്ത്യയില്‍ നടന്ന കൊടിയപാതകമെന്ന് വിശേഷിപ്പിക്കപ്പെട്ട 1992 ഡിസംബര്‍ 6ലെ ബാബരി മസ്ജിദ് ധ്വംസനത്തിലെ പ്രതികള്‍ക്കെല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിലൂടെ അവശേഷിക്കുന്ന മതേതര തിരുശേഷിപ്പുകൂടി ബഹുസ്വര ഇന്ത്യയില്‍നിന്ന് മടങ്ങിപ്പോകുകയാണ്. ബാബരി ധ്വംസനക്കേസില്‍ 32 പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതിയുടെ വിധികേട്ട് ആഹ്ലാദിക്കുന്നത് വര്‍ഗീയതയുടെ താലോലിപ്പുകാരും ഇന്ത്യന്‍ മതേതരത്വത്തിന്റെ ചിരകാല വിരോധികളുമാണ്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ നെഞ്ചത്ത് കയറിനിന്ന് ആര്‍ത്തട്ടഹസിക്കുകയാണിതിലൂടെ ഹിന്ദുത്വ കാപാലികര്‍.
എല്‍.കെ. അദ്വാനി, മുരളിമോനഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാഭാരതി, സാക്ഷിമഹാരാജ്, വിനയ്കത്യാര്‍ തുടങ്ങി നിലവിലെ മൂന്ന് എം.പിമാരടക്കം 32 പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ തെളിച്ചുപറഞ്ഞ അദ്വാനിയുള്‍പ്പെടെയുള്ളവരുടെ പ്രേരണകള്‍ ഒഴിവാക്കി അദ്ദേഹത്തെയും മറ്റും രക്ഷിക്കാന്‍ സി.ബി.ഐ നടത്തിയ നീക്കത്തെ പൊളിച്ചടുക്കിയത് മൂന്നു വര്‍ഷംമുമ്പ് സുപ്രീംകോടതിയായിരുന്നു. റായ്ബറേലിയിലും ലക്‌നൗവിലുമായി ഉണ്ടായിരുന്ന 197, 198 നമ്പര്‍ കേസുകള്‍ ഒരുമിച്ച് വിചാരണ ചെയ്യാനും രണ്ടുവര്‍ഷത്തിനകം വിധി പുറപ്പെടുവിക്കാനും സുപ്രീംകോടതി വിധിച്ചത് 2017ഏപ്രില്‍ 19നായിരുന്നു. ഇതിനുശേഷമാണ് അന്നുതന്നെ ഏറെ വൈകിയും നിസ്സാരവത്കരിച്ചും നീട്ടിക്കൊണ്ടുപോയ കേസിനെ അല്‍പമെങ്കിലും ഗൗരവപ്പെടുത്തിയത്. എന്നിട്ടും ഭരണകൂട ഭീകരതയുടെ രൂപത്തില്‍ മറ്റൊരു ഗൂഢാലോചനവഴി നീതിയുടെ അട്ടിമറി നടത്തി മോദി-അമിത്ഷാ-ഭഗവത്താദികള്‍ വീണ്ടും വിജയിച്ചിരിക്കുന്നു. നീണ്ട 28 വര്‍ഷത്തോടടുത്താണ് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായി കോടതിവിധി പറഞ്ഞതെങ്കിലും അപ്പോള്‍പോലും ഇന്ത്യന്‍ മതേതരത്വത്തിനും മത ന്യൂനപക്ഷങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യത്തിനും അനുകൂലമായി ഭരണഘടന ഉറപ്പുനല്‍കുന്ന നീതി വാങ്ങികൊടുക്കാന്‍ രാജ്യത്തെ ഭരണകൂടത്തിനോ കോടതിക്കോ കഴിഞ്ഞില്ലെന്നത് വലിയ ഞെട്ടലുളവാക്കുന്നു. 2000ത്തോളം പേജ് വരുന്ന വിധിയുടെ അന്തസ്സത്ത മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിരാസമാണെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എല്ലാവരാലും കണ്ണുതുറക്കെ കാണ്‍കയും ദൃശ്യശ്രോത സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തപ്പെടുകയും ചെയ്ത മസ്ജിദ് ധ്വംസനത്തിലെ തെളിവുകളൊന്നും വിശ്വാസയോഗ്യമല്ലെന്ന് പറയുന്ന സി.ബി.ഐ കോടതി ആരുടെ പക്ഷത്താണ ്‌നിലയുറപ്പിച്ചിരിക്കുന്നതെന്ന് സംശയലേശമെന്യേ അനുമാനിക്കാം. ഭരണകൂടത്തിന്റെ ഏജന്‍സിയായ സി.ബി.ഐയെക്കൊണ്ട് തങ്ങളുടെ നേതാക്കളെയും ആളുകളെയും രക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ കാട്ടിക്കൂട്ടിയ ചട്ടമ്പിത്തരങ്ങളുടെ പരിണിത ഫലമാണ് പള്ളി പൊളിക്കല്‍പോലെ ഈ വിധിയും. അതുകൊണ്ടുതന്നെ ഇതിനെ തികച്ചും അപ്രതീക്ഷിതമെന്ന് ആരും പറയില്ല. അത്രകണ്ട് ഹീനവും മലീമസവും ജുഗുപ്‌സാവഹവുമായിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യയുടെ ഭരണകൂട സംവിധാനവും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളും. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി കോടതിക്കുമുമ്പില്‍ കരുതിവെച്ച തെളിവുകളൊന്നും പോരാതെവന്നതും പ്രതികളെയെല്ലാം വിടുതല്‍ നല്‍കി സൈ്വര്യവിഹാരത്തിന് വിടുന്നതും.
1980കളില്‍ തുടങ്ങിയ രാമജന്മഭൂമി പ്രക്ഷോഭവും പിന്നീട് ഉപപ്രധാനമന്ത്രിയായ അദ്വാനിയുടെ രഥയാത്രയും കാടിളക്കിയും വര്‍ഗീയമായി ആളുകളെ തമ്മില്‍തല്ലി ചോര ചിന്തിച്ചും നടത്തിയ നെറികേടുകളെയെല്ലാം ശരിവെക്കുന്ന വിധിയാണിത്. ബാബരി ധ്വംസന സമയത്ത് അവിടെക്കൂടിയ ബി.ജെ.പി നേതാക്കള്‍ പള്ളി പൊളിക്കലിന് ഉത്തരവാദികളല്ലെന്ന് മാത്രമല്ല, അവര്‍ സാമൂഹിക ദ്രോഹികളായ കര്‍സേവകരെ മസ്ജിദ് ധ്വംസനത്തില്‍നിന്ന് തടയുകയായിരുന്നുവെന്നുമാണ് സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവ ്‌വിധിയില്‍ പറഞ്ഞിരിക്കുന്നത്. ബി.ജെ.പി, ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ അവിടെചെന്നത് പള്ളി സംരക്ഷിക്കുന്നതിനായിരുന്നുവെന്നുകൂടി കോടതി പറയാതിരുന്നത് ഭാഗ്യം! പതിറ്റാണ്ടുകള്‍ നീണ്ട ആസൂത്രണത്തിന്റെയും കര്‍സേവകരെന്നപേരില്‍ അയോധ്യയിലേക്ക് എത്തിച്ച പതിനായിരങ്ങളുടെയും ലക്ഷ്യം മസ്ജിദ് തകര്‍ക്കലല്ലാതെ പിന്നെന്തായിരുന്നുവെന്നുകൂടി പറയാന്‍ ആസൂത്രണത്തിലൂടെയല്ല പള്ളി പൊളിച്ചതെന്ന് പറഞ്ഞ കോടതിക്ക് കഴിയണമായിരുന്നു. വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയ കോടതിക്ക് എന്തുകൊണ്ട് പൊതുസമൂഹത്തില്‍ പ്രചുര പ്രചാരം നേടിയ ഉമാഭാരതിയുടെ അട്ടഹാസം ഉള്‍പ്പെടെയുള്ള തെളിവുകള്‍ വിശ്വാസത്തിലെടുക്കാനായില്ല. ബാബരി വിരുദ്ധ പ്രക്ഷോഭത്തിന്റെ നാള്‍വഴികളോരോന്നും അന്നുമുതല്‍ ജീവിച്ചിരിപ്പുള്ള സാമാന്യബോധവും ഉറച്ചമനസ്സുമുള്ള ഏതൊരാള്‍ക്കും അറിയാമെന്നിരിക്കെ എന്തിനാണ് കോടതി ഈ കൊടുംചെയ്തിക്ക് സര്‍ട്ടിഫിക്കറ്റ് ചാര്‍ത്തിക്കൊടുത്തത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ചതി നടത്തിയിരിക്കുന്നത് ബി.ജെ.പിയോ കേന്ദ്ര ഭരണകൂടമോ നീതിപീഠമോ അതോ എല്ലാവരുംകൂടിയോ എന്നേ സംശയിക്കേണ്ടതുള്ളൂ.ലോക്‌സഭയില്‍ വെറും രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി എന്ന കൊടിയ ഹിന്ദുത്വ വര്‍ഗീയ പാര്‍ട്ടിയെ 90കളില്‍ മതേതര ഇന്ത്യയുടെ അധികാര ധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കോണ്‍ഗ്രസ് വിരോധികളെല്ലാവരുംതന്നെ ഇതിന് മാപ്പുപറയണം. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞും മുസ്‌ലിംകളെ പൗരത്വ നിഷേധത്തിനിരയാക്കിയും രാമക്ഷേത്രം നിര്‍മിച്ചുമെല്ലാം മോദിസത്തിനും ഹിന്ദു രാഷ്ട്രത്തിനും വഴിയൊരുക്കിയ സി.പി.എം അടക്കമുള്ള കക്ഷികളാണ് യഥാര്‍ഥത്തില്‍ ഈ പിരിണതിക്കുത്തരവാദികള്‍. സത്യസന്ധമായും ഭരണഘടനാധിഷ്ഠിതമായും വിധി പ്രസ്താവം നടത്തിയാല്‍ തന്റെ വിധിയെന്തായിരിക്കുമെന്ന്് മുംബൈ പ്രത്യേക സി.ബി.ഐ കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ലോയയുടെ ദാരുണാന്ത്യത്തെയോര്‍ത്ത് ലക്‌നൗവിലെ സി.ബി.ഐ കോടതിമുറി ചാഞ്ചല്യപ്പെട്ടിരിക്കാനും മതി.