കേരളത്തിലെ സുപ്രധാനമായ അന്തര്‍സംസ്ഥാനപാതകളിലൊന്നാണ് വയനാടന്‍ മലനിരകളിലൂടെ കടന്നുപോകുന്ന ദേശീയപാത-766. കോഴിക്കോടുനിന്ന് വയനാടുവഴി മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള ഈ പാതയിലെ ചുരം രാജ്യത്തുതന്നെ അപൂര്‍വവും അതീവദുര്‍ഘടം നിറഞ്ഞതുമായ ഗതാഗതമാര്‍ഗമാണ്. മഴ പോയിട്ട് കാര്‍മേഘം ഉരുണ്ടുകൂടുമ്പോള്‍തന്നെ ഈ ദേശീയപാത ‘ദേശീയപാതക’മായി മാറുന്ന കാഴ്ചയും അനുഭവവുമാണ് മലയാളിക്കെന്നും സമ്മാനിക്കാറുള്ളത്. പലയിടത്തായി ചുരം ഇടിയുന്നതും അറ്റകുറ്റപ്പണിയിലെ തടസ്സവും വൈകലും കാരണം ഗതാഗതം മിക്കപ്പോഴും കീറാമുട്ടിയായി മാറുകയാണ്. ഇതിനു പരിഹാരമായാണ് ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി റൂട്ടില്‍ ഈ പാതക്ക് ബദലായി തുരങ്കപാത നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, യാത്രക്കാരുടെ പരിദേവനങ്ങളെ അര്‍ഹമായ മുഖവിലക്കെടുത്ത് വ്യക്തവും ശക്തവുമായ പരിഹാരം കാണുന്നതിനുപകരം രണ്ടു ജില്ലകളിലെ ജനങ്ങളെയും യാത്രികരെയും പരിഹസിക്കുകയും അപഹസിക്കുകയുംചെയ്യുന്ന നിലപാടാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ-നിയമസഭാതിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത ആരെയും അമ്പരിപ്പിക്കുന്നതാണ്. ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍വഴി കൊട്ടിഗ്‌ഘോഷിച്ച് നിര്‍മാണോദ്ഘാടനംചെയ്ത തുരങ്കപാതയുടെ നിര്‍മാണത്തിന് അടുത്തൊന്നും പാരിസ്ഥിതികാനുമതി ലഭിക്കാനിടയില്ലെന്ന ്മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അത്തരത്തിലൊരു അപേക്ഷപോലും ഇനിയും നല്‍കിയിട്ടില്ല എന്നതാണ് വിവരം. കോഴിക്കോട്ടെ വിവരാവകാശ പ്രവര്‍ത്തകനാണ് ഇതുസംബന്ധിച്ച് വിവരാവകാശനിയമപ്രകാരം അപേക്ഷിക്കുകയും സര്‍ക്കാരിന്റെ കാപട്യം ജനസമക്ഷം പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തിനകം പാതപൂര്‍ത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം പകല്‍പോലെവ്യക്തം.
താമരശ്ശേരി ചുരത്തിന് പകരമായി 74 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു ചുരംപാത നിര്‍മിക്കാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും അതിന ് വലിയ പാരിസ്ഥിതിക തടസ്സം ഉണ്ടാകുമെന്നതിനാലാണ് തുരങ്കപാതക്ക് പദ്ധതിയിട്ടതെന്നാണ് ഇടതുസര്‍ക്കാരിലെ ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത്. ഇതിന് കിഫ്ബി വഴി പണം അനുവദിക്കുമെന്നും മന്ത്രി പറയുന്നുണ്ട്. അതനുസരിച്ചാകണം മുഖ്യമന്ത്രി തിടുക്കപ്പെട്ട് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. തുരങ്കം ഇതാ നിര്‍മിച്ചുകഴിഞ്ഞു എന്ന നിലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മുകാരും നിര്‍ദിഷ്ട തുരങ്കപാതയെ കൊണ്ടാടിയതെങ്കിലും തുടങ്ങിയിട്ടുപോലുമില്ലാത്ത തുരങ്കം പിറക്കുംമുമ്പേ മരിക്കുന്ന ചാപിള്ളയാകുമോ എന്നാണിപ്പോള്‍ ആശങ്കപ്പെടുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും വയനാട്ടിലെ കര്‍ഷകാദിജനങ്ങളും പരിസ്ഥിതിനാശത്തെയും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെയും ഒരുപോലെ സംശയിക്കുന്നതില്‍ കുറ്റം പറയാനാകില്ല. 7.826 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ 6.910 കിലോമീറ്ററാണ് തുരങ്കങ്ങളുണ്ടാകുക. ഇരവഞ്ഞിപ്പുഴക്ക് കുറുകെ പാലവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ‘ഈ തുരങ്കപാതപോലെ കേരളത്തിന് അനിവാര്യമായ വന്‍കിട പ്രോജക്ടുകള്‍ കിഫ്ബി വഴി എത്ര എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് നോക്കൂ.’ എന്നാണ് ധനമന്ത്രി ഐസക് തുരങ്കപാതയെ പ്രശംസിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നത്. മന്ത്രിയുടെയും സര്‍ക്കാരിന്റെയാകെയും ഉദ്ദേശ്യം വെറും ഇലക്ഷന്‍ സ്റ്റണ്ടുമാത്രമാണെന്ന് തെളിയുകയാണിപ്പോള്‍.
പ്രൊഫ. മാധവ്ഗാഡിഗിലിന്റെയും ഡോ. കസ്തൂരിരംഗന്റെയും റിപ്പോര്‍ട്ടുകളില്‍ അതീവലോല പാരിസ്ഥിതിപ്രദേശമെന്ന് മുദ്രകുത്തിയ വനഭൂമിയാണ് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും നിര്‍ദിഷ്ട തുരങ്കപാത ദരിദ്ര രാജ്യമായ ഇന്ത്യക്ക് അനുയോജ്യമല്ലെന്നാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. വയനാട് തുരങ്കപാതക്കായി 20 കോടി രൂപ ഈ സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നീക്കിവെച്ചിരുന്നെങ്കിലും നിര്‍മാണോദ്ഘാടനത്തിന്‌പോലും നാലരവര്‍ഷം വേണ്ടിവന്നു എന്നതുമതി സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും ആത്മാര്‍ത്ഥയില്ലായ്മ വെളിപ്പെടാന്‍. പദ്ധതിയുടെ നിര്‍മാണത്തിന് സര്‍ക്കാരും പൊതുമരാമത്തുവകുപ്പും ആകെ ചെയ്തിരിക്കുന്നത് തുരങ്കത്തിന്റെ കമ്പ്യൂട്ടര്‍ അനിമേഷന്‍ തയ്യാറാക്കിയെന്നതുമാത്രമാണ്. നിലവില്‍ വലിയൊരു ശതമാനം വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വയനാട് ജില്ലയില്‍ നിരവധിപദ്ധതികളാണ് ഇതിനകം പാരിസ്ഥികാനുമതി ലഭിക്കാതെ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുവപ്പുനാടയില്‍ കുരങ്ങിക്കിടക്കുന്നത്! വയനാടിന്റെ സ്വപ്‌നമായ ഗവ. മെഡിക്കല്‍കോളജ്്‌പോലും ഇനിയും യാഥാര്‍ത്ഥ്യമാക്കാനാകാത്ത സര്‍ക്കാരാണിത്. വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുന്നതിന ്‌സമാനമാണിത്. ഇതിനാണെങ്കില്‍ എന്തിനാണ് ഇത്രതിടുക്കപ്പെട്ട് സര്‍ക്കാരും മുഖ്യമന്ത്രിയും നിര്‍മാണോദ്ഘാടനം നടത്തിയെന്ന് ജനത്തോട് പറയണം. പാലക്കാട്-തൃശൂര്‍ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 544ല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒരുകിലോമീറ്റര്‍തുരങ്കം നിര്‍മിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റേ കീഴിലാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി ഗതാഗതം സാധാരണനിലയിലാക്കാന്‍ പിണറായി സര്‍ക്കാരിലെ ഒരുകുഞ്ഞുപോലും അനങ്ങുന്നില്ല. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ചരക്കുകടത്തുള്ള റൂട്ടാണിത്. ഇന്നും അവിടെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പണിമുടങ്ങിക്കിടപ്പാണ്. ഇതാണ് അവിടുത്തെ അവസ്ഥയെങ്കില്‍ നിബിഢ വനമേഖലയായ ആനക്കാംപൊയില്‍-മേപ്പാടി മേഖലയിലെ ഏഴു കിലോമീറ്ററിലധികം വനവും വൃക്ഷങ്ങളും നശിപ്പിച്ച് പുതിയ പാതയുണ്ടാക്കുന്നതിന് എന്ന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകും? വിശേഷിച്ചും രാഷ്ട്രീയത്തെയും വികസനത്തെയും വൈരനിര്യാതനബുദ്ധ്യാസമീപിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുള്ള രാജ്യത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലൂടെയുള്ള തുരങ്ക പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പരമാവധി തടസ്സം നില്‍ക്കുമെന്നു കരുതുന്നതിലും തെറ്റില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം നടത്തിയ കൊച്ചിമെട്രോ, കണ്ണൂര്‍ വിമാനത്താവളം, ജില്ലകളിലെ ഗവ.മെഡിക്കല്‍ കോളജുകള്‍, വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയവയെയൊക്കെ സ്വന്തം കീശയിലാക്കി മേനിനടിക്കുന്ന ഇടതുസര്‍ക്കാരിനും അതിനെനിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ക്കും കോഴിക്കോട്, വയനാടന്‍ ജനതയുടെ യാത്രാസൗകര്യവും വോട്ടു തട്ടാനുള്ള മാര്‍ഗമായെങ്കിലത് അത്ഭുതപ്പെടുത്തുന്നതല്ല. കേരളത്തിന്റെ നാളിതുവരെയുള്ള യാതൊരു വികസനപ്രക്രിയയിലും വന്‍കിട പദ്ധതികളിലും ഭാഗഭാക്കാകാതെയും എക്‌സപ്രസ്‌വേപോലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാവനാപദ്ധതികളെ തുരങ്കംവെച്ചും നാടിനെമുരടിപ്പിച്ച മുന്നണിയും പാര്‍ട്ടിക്കാരും വയനാട്തുരങ്കപാതയുടെ കാര്യത്തിലും ഇതിലപ്പുറമൊന്നും ചെയ്യുമെന്ന് ന്യായമായും കരുതാനാകില്ലല്ലോ.