ഒരു മാസം വൈകിയാണെങ്കിലും കോവിഡ് മഹാമാരികാലത്ത് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ നടന്ന കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വിജയികള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. നവംബര്‍ 12ന് കാലാവധി തീര്‍ന്നതോടെ ഉദ്യോഗസ്ഥ ഭരണത്തിലായിരുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതികള്‍ ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്നലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടന്നത്. നഗരസഭകളില്‍ 28നും ത്രിതലത്തില്‍ 30നുമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. വിവിധ ഗ്രാമപഞ്ചായത്തുകളിലേക്കും ബ്ലോക്കുപഞ്ചായത്തുകളിലേക്കും ജില്ലാപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോര്‍പറേഷനുകളിലേക്കുമായി 21,587 പേരാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുമതലയേറ്റെടുത്തത്. അംഗങ്ങളെ സംബന്ധിച്ച് മാത്രമല്ല പൗരന്മാരെ സംബന്ധിച്ചിടത്തോളവും ഭാവിയെക്കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ക്കുള്ള സന്ദര്‍ഭംകൂടിയാണിത്. ഇത്തവണ വിജയിച്ചവരില്‍ മൂന്നിലൊന്നുപേരും കുടുംബശ്രീ അംഗങ്ങളാണെന്നത് ജനങ്ങളുമായി അവര്‍ക്കുള്ള ബന്ധത്തിന്റെ തെളിവാണ്. ഇത്തവണ 7058 (32.3 ശതമാനം) കുടുംബശ്രീ അംഗങ്ങളാണ് വിജയിച്ചത്. 2015ല്‍ ഇവരുടെ സംഖ്യ 7376 ആയിരുന്നെങ്കില്‍ 2010ല്‍ നാലായിരത്തോളം. മല്‍സരിച്ചതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചതും മുസ്‌ലിംലീഗ് പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.-2131 പേര്‍. ഗ്രാമപഞ്ചായത്തുകളില്‍മാത്രം 1457പേര്‍. മൂന്നു തവണ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന മുസ്‌ലിംലീഗ് തീരുമാനത്തിന്റെ പ്രതിഫലനംകൂടിയാണിത്. അവര്‍ക്കെല്ലാവര്‍ക്കും വരുംനാളുകള്‍ നന്മയുടേതാവട്ടെയെന്ന് ആശംസിക്കുന്നു. സത്യസന്ധമായും ആത്മാര്‍ത്ഥതയോടെയും നാടിനും പൊതുജനങ്ങള്‍ക്കുംവേണ്ടി മനസ്സും ശരീരവും സമര്‍പ്പിച്ച് സേവനം ചെയ്യാനുള്ള അവസരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഗ്രാമീണ ഭരണ വ്യവസ്ഥയെ സംബന്ധിച്ച് ഇതൊരു ആഘോഷമാണെന്ന് പറയാവുന്ന വിധത്തിലാണ് പുതുമുഖങ്ങളുടെയും പുതുതലമുറക്കാരുടെയും പ്രാദേശിക ഭരണപങ്കാളിത്തം. നഗരസഭകളിലും ജില്ലാപഞ്ചായത്തുകളിലും കുറെക്കൂടി മുതിര്‍ന്നവരാണ് അതത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഗ്രാമ, ബ്ലോക്ക് തലങ്ങളിലേക്ക് പുതുതലമുറക്കാരാണ് അധികവും വ്യക്തിത്വ പരീക്ഷണമെന്ന കടമ്പകടന്ന് എത്തിയിരിക്കുന്നത്.
യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളിലെ സമൂഹങ്ങളില്‍നിന്ന് ഭിന്നമായി നാം അധിവസിക്കുന്ന ഏഷ്യയിലാണ് ഗ്രാമീണ തലത്തിലുള്ള ഭരണ വ്യവസ്ഥ പണ്ടുമുതല്‍തന്നെ നിലനിന്നിരുന്നത്. അഞ്ചു പേരടങ്ങുന്ന (പഞ്ച) സമിതിക്കായിരുന്നു ഇന്ത്യയില്‍ ഗ്രാമ തലങ്ങളുടെ ഭരണച്ചുമതല. നാടുവാഴിത്ത വ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തുപോലും പ്രാദേശിക ഭരണകൂടങ്ങളായി ഇവ ഫലപ്രദമായി പ്രവര്‍ത്തിച്ചുവന്നിരുന്നുവെന്നാണ് ചരിത്രം. ജാതീയമായ ഉച്ചനീചത്വങ്ങള്‍ സ്വാധീനിക്കപ്പെട്ടെങ്കിലും പൊതുവില്‍ പഞ്ചായത്ത് വ്യവസ്ഥക്ക് സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും ഒറ്റമൂലിയാകാന്‍ കഴിഞ്ഞിരുന്നു. അതിന്റെ സാമാന്യം നവീനമായ രൂപമാണ് രാജീവ്ഗാന്ധി പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത പഞ്ചായത്ത്‌രാജ് -നഗരപാലിക നിയമങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 വകുപ്പുകളാണ് ഇതിനായി ഭേദഗതി ചെയ്തത്. ഇന്ന് രാജ്യത്തെ ഏറെക്കുറെ എല്ലാഭാഗങ്ങളിലും പ്രാദേശിക തലങ്ങളിലെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പര്യാപ്തമായിട്ടുണ്ടെന്നത് വസ്തുതയാണ്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന പേര് എന്തുകൊണ്ടും അവയ്ക്ക് ചേരുന്നു.
ഇന്ത്യക്ക് സ്വരാജ് നേടിത്തന്ന മഹാത്മാഗാന്ധിയെപോലുള്ളവരുടെ മഹത് ത്യാഗത്തെ ഈയവസരത്തില്‍ പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ഡല്‍ഹിയിലോ സംസ്ഥാനതലസ്ഥാനങ്ങളിലോ കേന്ദ്രീകരിക്കപ്പെടുന്ന ഭരണ വ്യവസ്ഥയെക്കാളും ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സത്ത പുലരണമെങ്കില്‍ രാജ്യം ഗ്രാമസ്വരാജില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് മാറണമെന്നായിരുന്നു രാഷ്ട്രപിതാവിന്റെ ആശയവും ആശയും. 80 ശതമാനത്തിലധികംപേര്‍ ഇന്നും അധിവസിക്കുന്ന ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഇന്ത്യക്ക് യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്ന് സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ സാക്ഷാത്കാരമാണ് നാലുപതിറ്റാണ്ടിനുശേഷമാണെങ്കിലും രാഷ്ട്രശില്‍പി പണ്ഡിറ്റ് നെഹ്‌റുവിന്റെ പൗത്രന്‍ രാജീവ് ഗാന്ധിയിലൂടെ നമുക്ക് സാധിതമായത്. ഈ നിയമങ്ങളെ ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രാദേശിക ജനപ്രതിനിധികള്‍ക്കും ചെയ്യാനുള്ളത്.
കേരളത്തിന്റെ പഞ്ചായത്ത് ഭരണവ്യവസ്ഥ കുറെക്കൂടി ജനാധിപത്യപരമാണെന്ന് ഇത്തരുണത്തില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ കഴിയും. തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ പങ്കാളിത്തമാണ് കേരളം നടപ്പാക്കിവരുന്നത്. മിക്ക തദ്ദേശസ്ഥാപനങ്ങളിലും സംവരണത്തിലൂടെ സ്ത്രീകളും പട്ടിക വിഭാഗക്കാരും കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന ഭരണതലപ്പത്ത് എത്തിപ്പെടുന്നു.
ത്രിതല പഞ്ചായത്ത് സംവിധാനം വഴിയാണ് ഇന്ന് പ്രാദേശിക തലത്തിലെ മിക്ക വികസന ക്ഷേമ പദ്ധതികളും നടപ്പാക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പല വികസന ക്ഷേമ പദ്ധതികളുടെയും കാര്യകര്‍തൃത്വം ഇന്ന് ത്രിതല പഞ്ചായത്തുകള്‍ക്കാണ്. കേന്ദ്രവും സംസ്ഥാനവും നീക്കിവെക്കുന്ന ബജറ്റ് വിഹിതവും പഞ്ചായത്തുകളുടെ തനത് നിധിയും ഉപയോഗിച്ച് നടപ്പാക്കുന്ന വികസനപദ്ധതികള്‍ നാടിന്റെ മുഖച്ഛായ തന്നെയാണ ്മാറ്റിമറിച്ചുകൊണ്ടിരിക്കുന്നത്. കേരളവും കര്‍ണാടകവും സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 30-40 ശതമാനമാണ് പഞ്ചായത്തുകള്‍ക്കായി നീക്കിവെക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ കൊണ്ടുവന്ന മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാവപ്പെട്ടവര്‍ക്കും ഗ്രാമങ്ങള്‍ക്കുമുള്ള ഭവന-റോഡ് പദ്ധതികള്‍ എന്നിവ ഉദാഹരണം. ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ കീഴിലാണ്. ഈ മേഖലയിലെ കേരളത്തിന്റെനേട്ടങ്ങള്‍ കണ്ടറിയാനായി വിദേശങ്ങളില്‍നിന്നുപോലും വിദഗ്ധര്‍ ഇന്ന് നമ്മുടെ ചുറ്റുവട്ടങ്ങളിലേക്ക് വരുന്നു. കിട മാല്‍സര്യത്തിന്റെയും ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിന്റെയും കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് തങ്ങളെ തിരഞ്ഞെടുത്തുവിട്ടതും അല്ലാത്തവരുമായ മനുഷ്യര്‍ക്കെല്ലാംവേണ്ടി വിവേകത്തോടെ പ്രവര്‍ത്തിക്കാനായിരിക്കണം പ്രാദേശിക ഭരണസാരഥികള്‍ ഇനി ശ്രദ്ധവെക്കേണ്ടത്. അതാണ് അവരുടെ മുന്നിലെ പ്രധാന വെല്ലുവിളിയും. അതായിരിക്കും അവരോരുത്തരുടെയും ഭാവി സാമൂഹിക രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നതും.