ആറുപതിറ്റാണ്ടു കാലമായി പോരടിച്ചു നില്‍ക്കുന്ന ഇരുകൊറിയകളുടെ തലവന്‍മാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച കൊറിയന്‍ മുനമ്പുകള്‍ക്ക് മാത്രമല്ല ലോകത്താകമാനം സമാധാനത്തിന്റെ പൊന്‍പ്രഭ പരത്തുന്നതായി. ഉത്തരകൊറിയയുടെ 34 കാരനായ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയയുടെ 55 കാരന്‍ പ്രസിഡണ്ട് മൂണ്‍ ജീ ഇന്നും കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ 1950കളിലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരു രാഷ്ട്രങ്ങളിലേയും നേതാക്കള്‍ തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ ചര്‍ച്ചയായി അത് മാറി. ഇരു രാജ്യങ്ങളും തമ്മില്‍ അവസാന ഉച്ചകോടി നടന്ന 2007ല്‍ മൂണ്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. തന്റെ ആദ്യ വിദേശ യാത്ര ചൈനയിലേക്ക് കഴിഞ്ഞ മാസം മാത്രം നടത്തിയ കിങ് ജോങ് ഉന്‍ സ്വന്തം അയല്‍ക്കാരുമായി ചര്‍ച്ച നടത്തിയതും പരസ്പരം പോര്‍വിളി നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചതും ലോകത്തോട് തുറന്നു സംസാരിക്കാന്‍ തയ്യാറാകുന്നതും വര്‍ത്തമാനകാലത്തിന് ആശ്വാസം പകരുന്നതാണ്.

പന്‍മുന്‍ജോങ്ങിലെ സമാധാന വീട്ടില്‍ നടന്ന ചര്‍ച്ചയുടെ അനന്തര ഫലങ്ങള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉടന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വലിയ കായിക വേദികളിലേക്ക് സംയുക്ത ടീമീനെ മത്സരത്തിനയക്കും എന്നിവയാണവ. കൊറിയന്‍ മേഖലയെ സമ്പൂര്‍ണ അണ്വായുധമുക്തമാക്കുന്നത് ഉള്‍പ്പെടെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്നു. സൈനിക ശേഷി വെട്ടിക്കുറക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ശാശ്വത സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും ഈ വര്‍ഷം തന്നെ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കാനും ധാരണയായി.

പരസ്പരം ശത്രുത വളര്‍ത്തുന്ന നടപടികളില്‍നിന്ന് ഘട്ടം ഘട്ടമായി പിന്‍മാറുക, ലൗഡ്‌സ്പീക്കര്‍ ബ്രോഡ്കാസ്റ്റിങ്, ലീഫ്‌ലെറ്റ് വിതരണം എന്നിവ മെയ് ഒന്നു മുതല്‍ നിര്‍ത്തിവെക്കുക, കൊറിയന്‍ ജനതക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഇരു രാഷ്ട്രങ്ങളുടേയും സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ഇരു കൊറിയകളിലേയും ജനങ്ങള്‍ക്കു വേണ്ടി കുടുംബ ഏകീകരണ പരിപാടി സംഘടിപ്പിക്കുക, ഐക്യ കൊറിയ എന്ന വിശാല താല്‍പര്യം മുന്‍നിര്‍ത്തി മുന്നോട്ടു പോകുക തുടങ്ങിയ കാര്യങ്ങളിലും കൂടിക്കാഴ്ചയില്‍ തീരുമാനമായി.

എന്നാല്‍ ചര്‍ച്ചയിലെ ഏറ്റവും പ്രധാനമായ ഉത്തര കൊറിയയുടെ ആണവ നിരായൂധീകരണം സംബന്ധിച്ച് ഒരു വ്യക്തത നല്‍കാന്‍ ഇരു നേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിന് സാധിച്ചിട്ടില്ല. നിരായൂധീകരണം എങ്ങനെ തുടങ്ങുമെന്നോ എത്രനാള്‍കൊണ്ട് അവസാനിപ്പിക്കുമെന്നോ ഉന്‍ വ്യകതമാക്കിയിട്ടില്ല. അതിനാല്‍ ആണവായുധ ശേഖരം പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയാറാകുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിനില്‍ക്കുന്നു. നീതിയുടെ വാളെന്നാണ് ആണവായുധങ്ങള്‍ക്ക് ഉത്തരകൊറിയ നല്‍കിയിരിക്കുന്ന വിശേഷണം. അവരുടെ ഭരണഘടനയിലും മറ്റു ഔദ്യോഗിക രേഖകളിലും ആണവായുധ പദവിയെക്കുറിച്ച് വ്യക്തമായി പറയുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇതിനോട് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം ഏതു രീതിയിലായിരിക്കുമെന്നതും ആശങ്ക പരത്തുന്നതാണ്. അടുത്ത മാസം നടന്നേക്കാവുന്ന ട്രംപ് -ഉന്‍ കൂടിക്കാഴ്ച്ചയെ ഇത് എങ്ങനെ സ്വാധീനിക്കുമെന്നതും വിലയിരുത്തപ്പെടേണ്ടതാണ്.

ഉപഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് കരാറില്‍ ഒപ്പിടാനും ഇരു രാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. പ്രകോപനങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനങ്ങളും കൈകൊണ്ടു. സാങ്കേതികമായി ആറ് പതിറ്റാണ്ടിലേറെയായി യുദ്ധം തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ നിര്‍ണായകമായി ഉച്ചകോടി മാറി. ഒരു പതിറ്റാണ്ടിന് ശേഷം നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ സുപ്രധാന കാര്യങ്ങളില്‍ ധാരണയായിക്കഴിഞ്ഞു. ചര്‍ച്ചക്ക് ശേഷം ഇരു ഭരണാധികാരികളും സമാധാനത്തിന്റെ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. ഇരു രാഷ്ട്രങ്ങളിലെയും മണ്ണും വെള്ളവും ഉപയോഗിച്ചാണ് മരം വെച്ചു പിടിപ്പിച്ചത്. അടുത്ത ചര്‍ച്ചകള്‍ ഉത്തര കൊറിയയിലാണ് നടക്കുക. തലസ്ഥാനമായ പ്യോങ്യാങ് സന്ദര്‍ശിക്കുമെന്ന് മൂണ്‍ ജെ ഇന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ കൊറിയകള്‍ മാത്രമല്ല ലോകം ഒന്നടങ്കമാണ് സ്വാഗതം ചെയതത് . കൊറിയന്‍ രാഷ്ട്ര തലവന്മാരുടെ ചരിത്ര സംഗമത്തെ സ്വാഗതം ചെയ്യുന്നതായി ബ്രിട്ടന്‍ പ്രതികരിച്ചു. ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ആശാവഹമായ നീക്കമായാണ് കൊറിയന്‍ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. മെയ് അവസാനമോ ജൂണ്‍ ആദ്യത്തിലോ ഉന്നുമായി താന്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചയോടെ വിജയം സാധ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ചരിത്ര പ്രധാന കൂടിക്കാഴ്ചയെ ഉത്തരകൊറിയന്‍ മാധ്യമങ്ങളും പ്രശംസയില്‍ മൂടുകയുണ്ടായി. കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടും ആണവായുധമുക്ത പ്രതീക്ഷകള്‍ പകര്‍ന്നും ഉന്നും ഇന്നും നടത്തിയ സംയുക്ത പ്രസ്താവനയെ പുതിയ നാഴികക്കല്ലെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ആണവായുധ നിരായുധീകരണത്തിലൂടെ ആണവമുക്ത കൊറിയന്‍ ഉപദ്വീപെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് ഉത്തരകൊറിയയുടെ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) നിരീക്ഷിക്കുകയുണ്ടായി. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തിലേക്കാണ് ഉച്ചകോടി വഴിതുറന്നിരിക്കുന്നതെന്ന് കെ.സി.എന്‍.എ വ്യക്തമാക്കി.
അന്താരാഷ്ട്ര മാധ്യമങ്ങളും ഉന്‍-മൂണ്‍ ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയെന്ന നിലയില്‍ ഉന്‍ ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ്. ഇരുകൊറിയകളുടെയും അതിര്‍ത്തിയില്‍ സൈനികമുക്ത പാന്‍മുന്‍ ജോന്‍ ഗ്രാമത്തില്‍ നടന്ന കൂടിക്കാഴ്ചയെ ലോകം ആശ്വാസത്തോടെയാണ് നോക്കി കണ്ടത്.

ആണവായുധങ്ങളുടെ പിന്‍ബലത്തില്‍ എതിരാളികള്‍ക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന ഉന്‍ ലോകത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു കഴിഞ്ഞ ദിവസം വരെ. ആരെയും കൂസലില്ലാതെ ആരുടെ മുന്നിലും മുട്ടുമടക്കാന്‍ തയ്യാറാവാതെ നിന്ന ഈ ഏകാധിപതിയുടെ മാറ്റം വിസ്മയാവഹവും പ്രതീക്ഷാ നിര്‍ഭരവുമാണ്. ദക്ഷിണ കൊറിയയോടുള്ള വിരോധം പാരമ്പര്യ സ്വത്തായി കരുതിയ അദ്ദേഹത്തിന് അമേരിക്കയുടെ ഭീഷണിയുടേയും യു.എന്നിന്റെ ഉപരോധത്തിന്റെയും മുന്നില്‍ ഒരു പക്ഷേ മനം മടുത്തിട്ടുണ്ടാവും. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ലോകത്തിന്റെ മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിലെ പന്തികേട് അദ്ദേഹത്തെ വേട്ടയാടി തുടങ്ങിയിട്ടുണ്ടാവും. അതുമല്ലെങ്കില്‍ ഏകാധിപതികളുടെ തകര്‍ച്ച അദ്ദേഹത്തിന് പാഠമായിട്ടുണ്ടാവും. ഏതായാലും ഉത്തരക കൊറിയയുടെ പുതിയ സമീപനത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോവാനുള്ള ഉത്തരവാദിത്വം ലോകരാഷ്ട്രങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.