ബാബു, ഷാജി എന്നൊക്കെ പോലെയാണ് നിതിന്‍. പെരുമാറ്റത്തിലൊക്കെ ഈ പാവത്തരം കാണാമെങ്കിലും പേരിന്റെ ആദ്യപകുതിപോലെയല്ല രണ്ടാംഭാഗം-ഗഡ്കരി. കേട്ടാല്‍ വിറയ്ക്കും, വിറയ്ക്കണം. മഹാരാഷ്ട്രയില്‍നിന്നുള്ള ഒറിജിനല്‍ നാഗ്പൂരുകാരന്‍, ജന്മംകൊണ്ടും കര്‍മംകൊണ്ടും. മിതവാദത്തിന്റെ അല്‍പസ്വല്‍പം കുഴപ്പമുണ്ടെങ്കിലും ‘സംഘ’ത്തിന് പാര്‍ട്ടിയില്‍ മോദിയേക്കാള്‍ സ്വീകാര്യന്‍. ഇതുവഴി യോജിച്ചുവന്നാല്‍ അടുത്ത പ്രധാനമന്ത്രിപദം കൈപ്പിടിയിലാക്കണം. ബി.ജെ.പി മുന്‍ അധ്യക്ഷന്‍ എന്നതുപോലല്ല, ആര്‍.എസ്.എസ്സിന്റെ എപ്പോഴത്തേയും അഭിമതപദവി തന്നെയാണ് ഈ നിലയിലേക്ക് ഉയര്‍ത്തിയത്. കേന്ദ്ര ഉപരിതല ഗതാഗത-ജലവിഭവ-ഷിപ്പിംഗ് മന്ത്രിയായ ടിയാന് അധികജോലി മോദി വെച്ചുകൊടുത്തിട്ടുണ്ട്. അങ്ങനെ അധികം രാഷ്ട്രീയം കളിച്ച് തന്റെ തലയില്‍ കയറേണ്ട. എങ്ങനെയാണ് ഗഡ്കരിക്ക് രാജ്യഭരണനേതൃത്വം ലഭിക്കുക എന്നൊന്നും ചോദിക്കരുത്. രാഷ്ട്രീയമല്ലേ, അതും ബി.ജെ.പിയുടെ. ഉള്‍പാര്‍ട്ടി ജനാധിപത്യം ശ്ശീല്ലല്ലോ. ഗഡ്കരിജിയെ കാട്ടിയെങ്കിലും വീണ്ടും ഭരണം പിടിക്കണം. അതിന് പക്ഷേ കാക്കമലര്‍ന്നുപറക്കേണ്ടിവരുമെന്നാണ് ഗഡ്കരിവിരുദ്ധരുടെ പക്ഷം. വീണ്ടും കേന്ദ്രം കിട്ടിയാല്‍ ആദിത്യനാഥന്‍ മുതല്‍ പല തീവ്രവിരുതന്മാരും കാത്തുകെട്ടിക്കിടപ്പുണ്ട്. എല്ലാം മേലെയിരിക്കുന്ന ആള്‍ക്കേ അറിയൂ എന്നുപറഞ്ഞതുപോലെ നാഗ്പൂരിലല്ലേ എല്ലാ കണക്കുപുസ്തകവും. നദികളില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നതുപോലെ പാര്‍ട്ടിയുടെ വോട്ട്ബാങ്കില്‍നിന്ന് ജനങ്ങള്‍ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് വേഴാമ്പലിനെപോലെ ഒരു പ്രധാനമന്ത്രിമോഹം. ആപത്തുകാലത്ത് ഇങ്ങനെ പലര്‍ക്കും പലതും തോന്നുമല്ലോ. നാഗ്പൂര്‍ ഭഗവാന്റെ ചീട്ട് കിട്ടിയിട്ടുണ്ടാകും എന്നാണ് പലരുമിപ്പോള്‍ സംശയിക്കുന്നത്.
പ്രധാനമന്ത്രിയെ മാത്രമല്ല, അടുത്തിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും പരോക്ഷമായി വിരട്ടാന്‍ ഈ ഗഡാഗഡിയന്‍ ഒരുശ്രമം നടത്തി. താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഇങ്ങനെ ഒരുപണിയെടുക്കാതെ തിന്നുകുടിച്ച് കൂത്താടി നടക്കില്ലെന്നങ്ങ് വെച്ചുകാച്ചി. നാഗ്പൂരുകാരനല്ലേ, ഷാ ജി കമാന്ന് മറുത്തുമിണ്ടിയില്ല. ഗഡ്കരി വിട്ടില്ല. ഇന്ത്യ എന്നാല്‍ നാനാത്വത്തില്‍ ഏകത്വമാണ്. അതാണ് രാജ്യത്തിന്റെ ബലം. പരസ്പരവിശ്വാസവും സൗഹാര്‍ദവുമാണ് രാജ്യത്തിന് ആവശ്യം. പകയും വിദ്വേഷവും ഉപേക്ഷിക്കണം തുടങ്ങിയ കേട്ടാല്‍ രക്തംതുളുമ്പുന്ന മധുരമോഹനവാക്കുകളാണ് ഗഡ്കരിജി തട്ടിവിട്ടുകളഞ്ഞത്. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി )വാര്‍ഷികാഘോഷപരിപാടിയിലായിരുന്നു ഇത്. ഇതേ ക്രിസ്മസ് ദിനത്തില്‍ പക്ഷേ സ്വന്തം സംസ്ഥാനത്ത് കുര്‍ബാനക്ക് പോയ ഇരുപതോളംപേരെ അടിച്ചാസ്പത്രിയിലാക്കിയതും ഗഡ്കരിയുടെ ‘സംഘ’ക്കാര്‍. പാര്‍ട്ടിയിലെയും ജനങ്ങളിലെയും സമാധാനകാംക്ഷികളെ പിടിക്കാനുള്ള അടവ്. ഇപ്പോള്‍ ചിലര്‍ക്ക് ചൊറിഞ്ഞുവരും. എന്താ ബി.ജെ.പിക്ക് മതേതരത്വത്തെക്കുറിച്ച് പറഞ്ഞുകൂടേ. കേന്ദ്രമന്ത്രിയല്ലേ എന്നൊക്കെയാവും സംഘകികളുടെ തുടര്‍ചോദ്യങ്ങള്‍. നെയ്യിന്റെ പരസ്യത്തിലേതുപോലെ ബി.ജെ.പിയുടേതാണ് യഥാര്‍ത്ഥ മതേതരത്വം. ബാക്കിയുള്ളവരെല്ലാം കപടമല്ലേ.
ഇനി ഗഡ്കരിജിക്ക് ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം എന്താകും. തോന്നിയത് കോതക്ക് പാടിയതൊന്നുമല്ല ആശാന്‍. വിഷയം മറ്റേതാണ്. അഞ്ചുസംസ്ഥാനങ്ങളിലെയും കര്‍ണാടകത്തിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍ പുറത്തുവന്നതോടെ ചായക്കടക്കാരനെ ആര്‍.എസ്.എസ് കൈവിടുന്ന ലക്ഷണമുണ്ട്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ പോയിട്ട് രാമക്ഷേത്രം പണിയാന്‍പോലും മോദിജിക്ക് കഴിഞ്ഞിട്ടില്ലെന്ന് നാഗ്പൂരിലെയും ഇന്ദ്രപ്രസ്ഥത്തിലെയും കാന്റീനുകളില്‍ മുറുമുറുപ്പുയര്‍ന്നുകഴിഞ്ഞു. അപ്പോള്‍ പാര്‍ട്ടിയില്‍ ഇനി പ്രധാനമന്ത്രിപ്പണി ഏല്‍പിക്കാന്‍ പറ്റിയത് ആരാണ്. ജെയ്റ്റ്‌ലിക്കോ സുഷമക്കോ സാക്ഷാല്‍ അഡ്വാനി, ജോഷി, കല്യാണ്‍സിംഗ് ആദികള്‍ക്കോ ഒന്നും അതിനെക്കൊണ്ട് പറ്റില്ല. നോക്കിയിട്ട്പിന്നെയാകെയുള്ളത് ഗഡ്കരിജി മാത്രമാണ്. വിശ്വസ്ഥന്‍. വീണ്ടുമൊരു കാര്യം കൂടി ഗഡ്കരി പറഞ്ഞത് വാര്‍ത്തയായി. 2014ല്‍ പ്രതീക്ഷിക്കാതെ വീണുകിട്ടിയതാണ് രാജ്യഭരണം. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് വേണ്ടാത്ത വാഗ്ദാനങ്ങളൊക്കെ പാര്‍ട്ടി കൊടുത്തതെന്ന് തുറന്നുപറഞ്ഞതും ഇതേഗഡ്കരി. മഹാരാഷ്ട്രയിലെ പ്രാദേശികചാനലില്‍ ഇരുട്ടില്‍ പറഞ്ഞതുകൊണ്ട് ആരുംകാണില്ലെന്ന് കരുതിയാണെന്നൊന്നും വിചാരിക്കരുത്. അത് ചര്‍ച്ചക്കുവേണ്ടിതന്നെയാണ്. ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയെങ്കില്‍ ശിവജിയുടെ നാട്ടില്‍ അങ്ങേരുടെ പ്രതിമതന്നെ. മൂവായിരം കോടി ഇതിലേക്കുംനീക്കിവെച്ചിട്ടുണ്ട്. കിട്ടിയാല്‍ വോട്ട്. അല്ലെങ്കില്‍ പോയത് ജനങ്ങള്‍ക്ക്. 2010-13 കാലത്താണ് പാര്‍ട്ടി അധ്യക്ഷപദവി നിതിന്‍ ഏറ്റെടുത്തത്. 1995 മുതല്‍ 99 വരെ സംസ്ഥാനപൊതുമരാമത്തുവകുപ്പുമന്ത്രിയായിരുന്നു. എം.കോം കഴിഞ്ഞ് നിയമബിരുദവും എടുത്താണ് അധികാരരാഷ്ട്രീയത്തിലേക്ക് വണ്ടികയറിയത്. എ.ബി.വി.പിയിലും യുവമോര്‍ച്ചയിലും വിലസിയ വിലാസവും പടികള്‍കയറാന്‍ തുണയായി.
ആളുകളോട് മാന്യമായി പെരുമാറുന്നയാളാണ് താനെന്ന് വരുത്താനും ഗഡ്കരിക്ക് പ്രത്യേകകഴിവുണ്ട്. അടുത്തിടെ ഡല്‍ഹിമുഖ്യന്‍ കെജ്്‌രിവാളും മന്ത്രി ജി.സുധാകരനും ടിയാനെ പൊക്കിപ്പറഞ്ഞു. ആര്‍.എസ്. എസ് ആസ്ഥാനഗായകനെന്ന് പറഞ്ഞിട്ടെന്താ നാഗ്പൂര്‍ കിടക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി പോലും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാത്തയാളാണ് ഗഡ്കരിജി എന്നത് വേറെകാര്യം.