Connect with us

Video Stories

എല്ലാരും ഉള്‍ക്കൊള്ളേണ്ട കോടതി വിധി

Published

on

കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു സ്വീകരിച്ച യുവതി തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇത്രയും നാള്‍ സ്വജീവിതവും ജീവനുംകൊണ്ട് പൊരുതി വരികയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹം റദ്ദാക്കിയത് പിന്‍വലിക്കുകയോ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന കോടതി ഹാദിയയെ പഠനത്തിന്റെ ഭാഗമായ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിതാവിന്റെ ശാരീരിക-മാനസിക പീഡനത്തില്‍ നിന്ന് ഹാദിയ രക്ഷപ്പെട്ടുവെന്ന് ഹാദിയയുടെ ഭര്‍ത്താവിനും ഭര്‍ത്താവിനൊപ്പം വിട്ടില്ലെന്ന് പിതാവ് കെ.എം അശോകനും സന്തോഷിക്കാമെങ്കിലും തങ്ങളുടെ കൈകളിലേക്ക് ഹാദിയയെ തന്നില്ലെന്നത് ഇരുവരെ സംബന്ധിച്ചും തൃപ്തികരമായ ഉത്തരവല്ല. ഇലക്കും മുള്ളിനും കേടില്ലാത്തവണ്ണം ഇരുപക്ഷത്തിന്റെയും വികാരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് ഉന്നത നീതിപീഠം കൈക്കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തുന്നതാകും ഉചിതം.
മാനസികത്തകരാറുണ്ടെന്ന് സ്വന്തം പിതാവുപോലും ആരോപിച്ച യുവതിയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് പഠനം തുടരണമെന്ന തീരുമാനം കോടതി പ്രഖ്യാപിച്ചത്. അതേസമയം വ്യക്തിപരമായ അവകാശവും സ്വാതന്ത്ര്യവുമാണ് പ്രധാനമെന്ന് കോടതി പറയുകയും ചെയ്തു. ഇപ്പോള്‍ പഠനമാണ് പ്രധാനമെന്നും ഹാദിയയെ ഒരു ഡോക്ടറായി കാണണമെന്നാണ് കോടതിക്ക് താല്‍പര്യമെന്നുമുള്ള പരാമര്‍ശങ്ങള്‍ നിയമത്തേക്കാളുപരി ഒരു ഉപദേശകന്റെ തലത്തിലേക്കാണ് കോടതി വിരല്‍ എത്തിപ്പെട്ടിരിക്കുന്നത്. ഭരണഘടനയും നിയമവും നോക്കി തീരുമാനമെടുക്കേണ്ട നീതിപീഠത്തെ സംബന്ധിച്ച് ഇത് ആശാസ്യമാണോ എന്ന ചോദ്യം അവശേഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തരമൊരു ഉത്തരവിന് കോടതിയെ പ്രേരിപ്പിച്ചതിനുള്ള കാരണങ്ങളെക്കുറിച്ച് ചിലര്‍ സ്വയം ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
2017 മെയ് 24ലെ കേരള ഹൈക്കോടതി വിധിയാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദുചെയ്തത്. ഷെഫിന്റെ തീവ്രവാദ ബന്ധം ഉന്നയിച്ചുകൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി പ്രസ്താവം. വിധിപ്രകാരം കഴിഞ്ഞ ആറു മാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു ഹാദിയ. കഴിഞ്ഞ മെയ് 24 മുതല്‍ നവംബര്‍ 25ന് വൈകീട്ട് സുപ്രീംകോടതിയിലേക്കുള്ള വഴിയേ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതുവരെ പിതാവ് അശോകന്റെ സംരക്ഷണയിലും പൊലീസിന്റെ കര്‍ശന സാന്നിധ്യത്തിലും അടച്ചിട്ട മുറിക്കുള്ളില്‍ കഴിഞ്ഞ് മാനസികമായി ഏറെ പ്രയാസം അനുഭവിക്കുകയായിരുന്നുവെന്ന് ഹാദിയയുടെ വേഷ വിധാനങ്ങളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയയും വ്യക്തമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളുമൊക്കെ അനുവദിച്ചിരിക്കെ പിതാവിന്റെ സംരക്ഷണയില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിയറവുവെച്ച് ജീവിക്കുന്ന ഹാദിയയുടെ അവസ്ഥ വലിയ മാനുഷികാവകാശപ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും മാത്രമല്ല, കോടതിയെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കുമാണ് എത്തിച്ചത്. അതോടൊപ്പം തന്നെ മാതാപിതാക്കളുടെ മക്കളുടെ മേലുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
അതേസമയം, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതൊരുപൗരനും ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നു. ഇരുപത്തഞ്ചു മുതല്‍ ഇരുപത്തെട്ടുവരെയുള്ള വകുപ്പുപ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും പൗരനുണ്ട്. ലോകത്തെ സകല നിയമങ്ങളും വിശ്വാസപ്രമാണങ്ങളും ഇത് സാധൂകരിക്കുന്നു. ഇതെല്ലാമിരിക്കെയാണ് പൂര്‍ണ മനസ്സോടെ മറ്റൊരു മതത്തില്‍ വിശ്വസിച്ച ഒരു യുവതിയുടെ തീരുമാനത്തെ ഹൈക്കോടതിയും ഒരു വിഭാഗവും പരസ്യമായി ചോദ്യംചെയ്യുകയും ഒരു വിവാഹം റദ്ദുചെയ്തതും. മുന്‍ പിന്‍ നോക്കാതെയുള്ള ഹൈക്കോടതി വിധിയാണ് ഇത്തരത്തിലുള്ള നിയമ വ്യവഹാരങ്ങളിലേക്കും അനാരോഗ്യകരമായ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും രാജ്യത്തെ എത്തിച്ചത്. അതിലുപരി രാജ്യം ഭരിക്കുന്ന കക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഈ കേസില്‍ ആദ്യം മുതലേ നിഗൂഢമായെങ്കിലും പ്രകടമായി. ഇതാകട്ടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഹാദിയയെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന ആരോപണമാണ് പിതാവിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കോടതിയില്‍ ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ ഹാദിയക്ക് മാനസികത്തകരാറുണ്ടെന്ന് വരുത്താനുള്ള ശ്രമവും നടന്നു. മറുഭാഗത്ത്, കേരള സര്‍ക്കാരിന്റെ നിലപാട് വ്യക്തമായത് ഹാദിയയുടെ സംരക്ഷണക്കാര്യത്തിലായിരുന്നു. വലിയ സന്നാഹങ്ങളോടെ പൊലീസിനെ ഹാദിയയുടെ വീട്ടില്‍ വിന്യസിച്ച് ഇടതുസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് ചിലര്‍ക്ക് മാത്രം ഹാദിയയെ കാണുന്നതിനുള്ള അവസരം നല്‍കി വര്‍ഗീയതയെ പരോക്ഷമായി താലോലിച്ചു. ഉത്തരവാദപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാകട്ടെ പൊലീസിന്റെ റിപ്പോര്‍ട്ടെഴുതി വാങ്ങുന്ന ചടങ്ങിലൊതുങ്ങി.
മൊത്തത്തില്‍ ഇവ്വിഷയകമായി വര്‍ഗീയതയുടെയും ന്യൂനപക്ഷ പീഡനത്തിന്റെയും സാതന്ത്ര്യ ലംഘനത്തിന്റെയും വോട്ടു ബാങ്ക് സംരക്ഷണത്തിന്റെയും പിറകിലായിരുന്നു കേന്ദ്ര സര്‍ക്കാരും മതേതരമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുന്നു. ഉന്നത നീതി പീഠത്തിന്റെ ഉത്തരവ് ജനുവരിയില്‍ വരാനിരിക്കുന്ന അന്തിമ വിധിയുടെ അന്തസ്സത്തയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. അതാകട്ടെ രാജ്യത്തിന്റെ ഭരണഘടനയെയും പൗര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആശാവഹമായ സൂചകങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഒപ്പം, തീവ്രവാദം ഒന്നിനും പരിഹാരമല്ലെന്നും ജനാധിപത്യം വെച്ചുനീട്ടുന്ന ഭരണഘടന അനുസരിച്ച് ജീവിക്കുകയാണ് ഒരു ഇന്ത്യക്കാരന്റെ കടമയെന്നും ഈ വിധി നമ്മെയെല്ലാം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending