Video Stories
അന്‍വറിന്റെ നിയമലംഘനം നടപടി വൈകുന്നതെന്തിന്
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ ഗുരുതരമായ ഒട്ടേറെ നിയമലംഘനങ്ങളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്ന് മാസങ്ങളാകുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്‍പിള്ള പൊന്‍പിള്ള എന്ന നിലക്കുള്ള അലസമായ നീക്കങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. നിയമസഭാസാമാജികന് പോയിട്ട് സാദാപൗരനുപോലും നിരക്കാത്ത രീതിയിലുള്ള നിയമ-ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും സി.പി.എം പിന്തുണയോടെയുള്ള സാമാജികനെന്ന പരിണനയാണ് ഇപ്പോഴും അന്‍വറിനെ തുണക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ ഇത്തരത്തില്‍ ആദ്യാവസാനം തുണച്ച സര്‍ക്കാരിനും ഇടതുപക്ഷ മുന്നണിക്കും നില്ക്കക്കള്ളിയില്ലാതായ അതേ അവസ്ഥയാണ് അന്‍വറിന്റെ കാര്യത്തിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എന്നിട്ടും അദ്ദേഹത്തിനെതിരെ നടപടി വൈകുന്നതിലെ അസാംഗത്യം കേരളത്തിന്റെ പുരോഗമനേച്ഛുക്കളായ ജനതയില്‍ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തിയിരിക്കുന്നത്.
നിലമ്പൂരില്‍ കക്കാടംപൊയിലില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് തുച്ഛ വിലക്ക് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി അന്‍വര്‍ ലാഭോദ്ദേശ്യത്തോടെ വാട്ടര്‍തീം പാര്‍ക്ക് നിര്‍മിച്ചത്. ഹോട്ടല്‍ നിര്‍മാണത്തിന്റെ മറവില്‍ വനഭൂമിയിലെ അമൂല്യമായ പരിസ്ഥിതി നശിപ്പിച്ചായിരുന്നു പാര്‍ക്കും അതിനായുള്ള തടയണ നിര്‍മാണവുമെന്ന് ആരോപണം ഉയര്‍ന്നെങ്കിലും നൂറുകണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഉറപ്പിലാണ് പ്രാദേശികമായ വികാരത്തെ ഇടതുപക്ഷവും അന്‍വറും തണുപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം യു.ഡി.എഫ് സര്‍ക്കാരിന്റെയും മറ്റും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അതൊന്നും സാരമില്ലെന്ന നിലപാടായിരുന്നു ഇടതുപക്ഷത്തിനും അതിന്റെ ഉന്നതര്‍ക്കും. ഇന്നിതാ പരിസ്ഥിതിയെ മറന്നും നികുതി വെട്ടിച്ചും പുഴയില്‍ ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിച്ച് അനധികൃത തടയണ കെട്ടിയും അന്‍വര്‍ നടത്തിയ നിയമലംഘനങ്ങള്‍ മാധ്യമങ്ങള്‍ തുടരെത്തുടരെ പുറത്തുകൊണ്ടുവന്നതോടെയാണ് സര്‍ക്കാര്‍ തെല്ലൊന്ന് അനങ്ങിത്തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ തടയണ നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണെന്നും നിരവധി പേരുടെ ജീവനും കുടിവെള്ളത്തിനും ജലസേചനത്തിനും ഭീഷണിയാകുമെന്നതിനാല്‍ ആയത് പൊളിച്ചുനീക്കണമെന്നും ശിപാര്‍ശ ചെയ്തിരിക്കുകയാണ്.
207.84 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ അന്‍വര്‍ നല്കിയ വിവരം. ഇതാകട്ടെ പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ സ്വകാര്യ വ്യക്തിക്ക് കൈവശം വെക്കാനാവില്ലെന്ന 1957ലെ ഭൂ പരിധി നിയമത്തിന്റെ ലംഘനമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2015 ജൂണിലായിരുന്നു ചീങ്കണ്ണിപ്പാലയിലെ തടയണ നിര്‍മാണം. ജില്ലാകലക്ടറായിരുന്ന പി. ഭാസ്കരന് തടയണ പൊളിച്ചുനീക്കണമെന്ന് ശിപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാരിന്റെയും മുന്നണിയുടെയും സ്വാധീനം ദുരുപയോഗപ്പെടുത്തി നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലവിലിരിക്കെയാണ് കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണ ആര്.ഡി.ഒ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഇതിന് സര്‍ക്കാരിലെയും ഇടതു മുന്നണിയിലെയും ബന്ധപ്പെട്ടവര്‍ പറയുന്ന ന്യായീകരണം ഗ്രാമ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്കാന് വൈകിയെന്നായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും ഇതിനകം തന്നെ തടയണ നിര്‍മാണത്തിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കാര്യം സര്‍ക്കാര്‍ വൃത്തങ്ങളും അന്‍വറിന്റെ അനുകൂലികളും മറച്ചുവെക്കുകയായിരുന്നു. ജനങ്ങളെ കൊള്ളയടിക്കുകയും ജനാധിപത്യത്തിന്റെ മറവില്‍ അവരുടെയും നാടിന്റെയും വിലപ്പെട്ട സ്വത്തുക്കള്‍ സ്വകാര്യാവശ്യത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഈ ശൈലി കമ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരുടെയും പൊള്ളത്തരം പച്ചക്ക് തുറന്നുകാട്ടുന്നതായെന്നതാണ് വസ്തുത. ഇത് തിരിച്ചറിയാനുള്ള ആര്‍ജവമോ ഇടതുപക്ഷ മനസ്സോ പോലും ഈ നാട് ഭരിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്‍വറിന്റെ കാര്യത്തിലും കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും തകര്‍ക്കാനുള്ള എളുപ്പവഴി ജനവിശ്വാസം ആര്‍ജിക്കലല്ലെന്നും കുറുക്കുവഴിയിലൂടെ പണമിറക്കി ജനവിധി നേടുകയാണെന്നും ധരിച്ചുവശായ ഒരു പറ്റം ആധുനിക ഇടതുപക്ഷക്കാരാണ് യഥാര്‍ത്ഥത്തില്‍ ആ മുന്നണിയെയും സി.പി.എമ്മിനെയും ഈ പാതാളത്തില്‍ കൊണ്ട് ചാടിച്ചിരിക്കുന്നത്. പകല്‍കൊള്ളക്ക് രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന അനീതിയാണ് ഇവിടെയൊക്കെ സംഭവിച്ചത്. കൊടുവള്ളിയില്‍ സി.പി.എം ജാഥക്ക് കോടീശ്വരനായ കള്ളക്കടത്തുകാരന്റെ കാറില്‍ കയറാന്‍ തയ്യാറായ സി.പി.എം സംസ്ഥാന സെക്രട്ടറിയും താനൂരിലും നിലമ്പൂരിലും കൊടുവള്ളിയിലും കോടീശ്വരന്മാര്ക്ക് ടിക്കറ്റ് നല്കി ജനവിധി സമ്പാദിക്കുകയും ചെയ്ത ഇടതുപക്ഷത്തിനും വിശിഷ്യാ സി.പി.എം നേതൃത്വത്തിനും ഇനിയും ആദര്‍ശത്തെക്കുറിച്ചും അഴിമതി വേരോടെ പിഴുതെറിയുന്നതിനെക്കുറിച്ചും വായിട്ടടിക്കേണ്ടതില്ലെന്നാണ് ജനം ഇവയിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, രജിസ്ട്രേഷന്, ദുരന്ത നിവാരണം, മലിനീകരണ നിയന്ത്രണം തുടങ്ങി സര്‍ക്കാരിനുകീഴിലെ ഏതാണ്ടെല്ലാ വകുപ്പുകളെയും സ്വാധീനിച്ചും അഴിമതി നടത്തിയും ഉണ്ടാക്കിയ അന്‍വറിന്റെ വ്യവസായ സാമ്രാജ്യത്തെ തൊടുന്യായങ്ങള്‍ പറഞ്ഞ് ഇനിയും സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും ഭാവമെങ്കില്‍ അതവര്‍ക്കുതന്നെ കനത്ത തിരിച്ചടിയാകും. രണ്ടാഴ്ചക്കകം തടയണ പൊളിച്ചുനീക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഇറക്കിയ ഉത്തരവുമാത്രം കൊണ്ട് പ്രശ്നം തീരുന്നില്ല. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ജില്ലാകലക്ടറുടെ ശിപാര്‍ശ പൂഴ്ത്തിവെക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരായ പരാതി മലപ്പുറം ജില്ലക്കാരനായ തദ്ദേശ സ്വയം ഭരണമന്ത്രിയുടെ മേശയില്‍ അടയിരിക്കുകയാണെന്നാണ് വിവരം.
ഭരണകക്ഷിക്കാരനും നിയമസഭാസാമാജികനുമെന്ന സൗകര്യം ഈ തട്ടിപ്പിന് ഒരുനിലക്കും തുണയാകരുത്. സ്പീക്കറോ സഭാനേതാവായ മുഖ്യമന്ത്രിയോ നേരിട്ടിടപെട്ട് ഇതില്‍ തീര്‍പ്പുകല്‍പിക്കുന്നതോടൊപ്പം പ്രതിക്കെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യതയും ഉത്തരവാദപ്പെട്ടവര്‍ ഏറ്റെടുത്തേ തീരൂ. പകരം ഇനിയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സാമ്പത്തികാനുകൂല്യങ്ങള്‍ സമ്പാദിച്ച് ഇത്രയും കൊടിയ തെറ്റുകള്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ അത് നാടിനും നാട്ടാര്‍ക്കും മാത്രമല്ല, കേരളം ഇതുവരെയും ഉയര്‍ത്തിപ്പിടിച്ചുവരുന്ന അഴിമതിക്കെതിരായ പാരമ്പര്യത്തെതന്നെ വെല്ലുവിളിക്കലാകും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

