വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്‌രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്‍ ജന്മംതൊട്ട് ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്ത് പിന്‍പറ്റിയ ‘സ്ട്രാറ്റജിക്കല്‍ ബ്ലണ്ടര്‍’ കൈവിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ നിര്‍ദേശിക്കുന്ന സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്‍ക്ക് ബോധ്യമാണ്. കോണ്‍ഗ്രസിനെ ആജന്മ ശത്രുവായി കണ്ടിരുന്നവരുടെ കൂട്ടത്തിലെ ശക്തരായ ബംഗാള്‍ ഘടകം പോലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തോട് പരസ്യ പോരാട്ടത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രേഖയുടെ മേലുള്ള ചര്‍ച്ചയില്‍ തീ പാറുമെന്നുറപ്പ്.

ഫാസിസം രൗദ്രഭാവം പൂണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ പ്രതിരോധത്തിന്റെ കോട്ടകെട്ടാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കു കഴിയും? രണ്ടര സംസ്ഥാനത്തിനപ്പുറം തൊട്ടുകൂട്ടാന്‍ പോലുമില്ലാത്ത സി.പി.എമ്മിനു മാത്രം രാജ്യത്താകമാനം വിശാല മതേതര സഖ്യം രൂപപ്പെടുത്താന്‍ കഴിയുമെന്നത് വ്യാമോഹവും വിരോധാഭാസവുമാണ്. സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ രാഷ്ട്രീയ നയമാണ് രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് പാര്‍ലമെന്റിന്റെ പടി കടന്നുവരാനുള്ള ചുവപ്പു പരവതാനിയായതെന്ന സത്യം ഇനിയും തിരിച്ചറിയാതെ പോകുന്നതില്‍ വേദനയുണ്ട്.

രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെട്ടവരുടെ കയ്യില്‍ വടിയും വാളും വച്ചുനീട്ടിയതിന്റെ തിക്തഫലമാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ച കൊടുമ്പിരികൊണ്ടപ്പോള്‍ സി.പി.എമ്മിനു വൈകിയെങ്കിലും വിവേകമുദിച്ചുവെന്നാണ് ജനം വിചാരിച്ചത്. എന്നാല്‍ സംഘ്പരിവാറിന് വേരുറപ്പിക്കാന്‍ കമ്മ്യൂണിസത്തില്‍ താത്വികമായി തന്നെ അന്തര്‍ധാര സജീവമാണെന്ന അനുഭവത്തെ അന്വര്‍ത്ഥമാക്കുകയാണ് കരട് രേഖ.

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. അത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടായി ബി.ജെ.പി പോലും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സി.പി.എമ്മിന് ‘മുഖ്യശത്രു’വിന്റെ കാര്യത്തില്‍ ഇപ്പോഴും മനസ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസിനെയും പ്രധാന ശത്രുവായാണ് സി.പി.എം നോക്കിക്കാണുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്നിടത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാതിരിക്കുന്ന ‘വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ’മാണ് സി.പി.എമ്മിന്റേത്.

അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തി രാജ്യത്ത് പിടിച്ചുനില്‍ക്കാനാവില്ല എന്ന തിരിച്ചറിവുള്ള പകുതിയോളം പേരെ പരിണമിപ്പിക്കാന്‍ മാത്രമെ ഉത്ഭവകാലം തൊട്ട് ഇന്ന് വരെ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞുള്ളൂ. അതിനാല്‍ ഇനിയും മുക്കാല്‍ നൂറ്റാണ്ട് പിന്നിടേണ്ടി വരും സി.പി.എമ്മിന് പൂര്‍ണാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാന്‍. അപ്പോഴേക്കും ജനാധിപത്യത്തേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ഫാസിസം അതിന്റെ മൂര്‍ത്തീഭാവം പൂണ്ടിരിക്കും.

കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും വര്‍ഗീയതയെ ചെറുത്തു തോല്‍പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നുമുള്ള കരട് രേഖയിലെ കണ്ടെത്തലും നിര്‍ദേശവുമെല്ലാം ഫാസിസ്റ്റുകള്‍ക്ക് വേണ്ടുവോളം വെള്ളവും വളവുമാവുകയും ചെയ്യും. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ട് തള്ളിയതില്‍ തന്നെ വരാനിരിക്കുന്ന നിലപാടിലേക്കുള്ള കൃത്യമായ സൂചനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രേഖ ഇവ്വിധം വന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട കാലത്താണ് സി.പി.എം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുന്നത്. ഇത്തരം തീരുമാനം ബി.ജെ.പിക്കും സംഘ്പരിവാറിനും ആശ്വാസം നല്‍കുമെങ്കിലും മതേതര ചേരിയില്‍ നിരാശ പടര്‍ത്തുമെന്ന കാര്യം സി.പി.എം മനസിലാക്കാതെ പോയി. ഫാസിസം ഇന്ത്യയില്‍ കടന്നുവന്നോ എന്ന് ശങ്കിച്ചുനില്‍ക്കുന്ന കാരാട്ട് സഖാവ് നേതൃ നിരയിലുള്ള കാലത്തോളം ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണണമെന്ന നിലപാടാണ് കാരാട്ട് പക്ഷത്തിനുള്ളത്. ഇത് പ്രബലമായി നിലകൊള്ളുന്നതാണ് സി.പി.എം നാള്‍ക്കുനാള്‍ മെലിഞ്ഞുണങ്ങി ഇല്ലാതാകുന്നതിന്റെ മൂലകാരണം.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മുഖ്യശത്രുക്കളായി കാണണമെന്ന പക്ഷക്കാര്‍ സീതാറാം യെച്ചൂരിയോടൊപ്പം വകതിരിവിലെത്തുന്നതിന്റെ സൂചനയാണ് കഴിഞ്ഞ പാളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റി യോഗത്തിലും കണ്ടത്. മുഖ്യശത്രു രണ്ടെണ്ണം പാടില്ലെന്ന പക്ഷക്കാരും യെച്ചൂരിയോടൊപ്പം ചേരുന്നതിന്റെ അപകടം മണത്തറിഞ്ഞാണ് പ്രകാശ് കാരാട്ട് സി.പി.എമ്മിന്റെ സ്റ്റിയറിങ് ഏറ്റെടുത്തത്. അതോടു കൂടിയാണ് പൂര്‍വകാല നയത്തില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി വീണ്ടും നിര്‍ബന്ധിതമായിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും സി. പി.എമ്മും മറ്റെല്ലാ മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കുമ്പോഴുള്ള ശക്തിയെ വില കുറച്ചുകാണുന്നത് ആപത്കരമായ പ്രവണതയാണെന്നത് തിരിച്ചറിയേണ്ടിയിരുന്നു സി. പി.എം. വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലൊ. അങ്ങനെ ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതല്ലാതാകുമെന്നതാണ് സി.പി.എമ്മിന്റെ ആന്തരിക അര്‍ത്ഥം. ഹിന്ദുത്വ ശക്തികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് ഒഴികെ ഏതു മതേതര ശക്തികളോടും കൂട്ടുചേരാമെന്ന കാഴ്ചപ്പാടിലെ അല്‍പ്പത്തം ഇതില്‍ നിന്നുടലെടുത്തതാണ്.

പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിനുള്ളില്‍ നിന്നു തന്നെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി സ്വന്തമാക്കാമെന്ന് വീമ്പു പറയുന്ന സി.പി.എമ്മിന് ആകെക്കൂടി കെക്കുമ്പിളിലൊതുങ്ങുന്ന വോട്ടുകള്‍ മാത്രമാണ് കേരളവും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവത്തിന്റെ ഗുണം സി.പി.എം അനുഭവിക്കുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഉപകാരസ്മരണ നിലനില്‍ക്കുന്ന കാലത്തോളം കോണ്‍ഗ്രസില്ലാതെയുള്ള വിശാല മതേതര സഖ്യം സി.പി.എം സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ. രാജ്യം കത്തിച്ചാമ്പലാവുമ്പോഴും അവര്‍ ആ കിനാവിന്റെ കാഴ്ചരതിയില്‍ കണ്ണുംപൂട്ടിക്കിടക്കും; കാലമെത്ര കഴിഞ്ഞാലും.