Connect with us

Views

പുതുവര്‍ഷത്തിലെ യുദ്ധ കാഹളം

Published

on

എഴുന്നൂറ്ററുപതുകോടി വരുന്ന ലോക മാനവ സമൂഹത്തിന് ജീവിതത്തില്‍ പുതുപുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടും അവ പരസ്പരം കൈമാറിയുമാണ് റോമന്‍ കലണ്ടറിലെ ഒരുവര്‍ഷം കൂടി ഇന്നലെ നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത്. 2017ല്‍ പതിവുപോലെ പ്രതീക്ഷകളോടൊപ്പം വലിയ തോതിലുള്ള ആകുലതകളും ലോകം നമുക്കു മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി. തദനുസരണം 2018ലും കാര്യങ്ങള്‍ സമ്മിശ്രമായിരിക്കുമെന്നോ അതിലും ആകുലമായിത്തീരുമെന്നോ ഒക്കെയാണ് ഇന്നലെ പുറത്തുവന്ന വര്‍ത്തമാനങ്ങളില്‍ ചിലത് മാനവരാശിയോട് വിളംബരം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസമായി ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റെ അമേരിക്കക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ഏഷ്യാഭൂഖണ്ഡത്തുനിന്ന് ഒരു ചെറിയ രാഷ്ട്രമായ വടക്കന്‍കൊറിയ. അതിന്റെ ഏകഛത്രാധിപതി കിം ജോങ് ഉന്‍ തന്റെ പുതുവല്‍സര സന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ യുദ്ധത്തിന് ഒരിക്കല്‍കൂടി വെല്ലുവിളിച്ചിരിക്കുന്നു. തന്റെ കയ്യിലാണ് ആണവായുധത്തിന്റെ, അഥവാ അമേരിക്കയെ തരിപ്പണമാക്കാനുള്ള ബട്ടണെന്ന കിമ്മിന്റെ വീമ്പടിയെ ഡൊണാള്‍ഡ് ട്രംപ് നേരിട്ടത് എന്നാല്‍ നമുക്ക് കാണാം എന്നു പറഞ്ഞായിരുന്നു. അമേരിക്കയുടെ എല്ലാ നഗരങ്ങളെയും ചുട്ടു ചാമ്പലാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നാണ് കിമ്മിന്റെ പുതുവര്‍ഷ പ്രഖ്യാപനം. താനാണ് ആദ്യം യുദ്ധമാരംഭിക്കുക എന്നും കിം പറയുന്നു. ഇതുകേട്ട് അമേരിക്ക വിരുദ്ധര്‍ക്ക് ആഹ്ലാദിക്കാന്‍ തോന്നുമെങ്കിലും ഒരു യുദ്ധമുണ്ടായാലുണ്ടാകാവുന്ന കൊടിയ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കദനത്തില്‍ കനല്‍വീണ അനുഭവമാണ് ഉണ്ടായിട്ടുണ്ടാകുക. കിമ്മിന്റെ പ്രഖ്യാപനത്തെ ചോരത്തിളപ്പുള്ളൊരു ചെറുപ്പക്കാരന്റെ അവിവേകമായി മാത്രം കാണാനാവില്ലെന്നതിന് മികച്ച ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെയും സൈന്യത്തിന്റെയും കയ്യിലിരിക്കുന്ന ആണവായുധം. ഒരു ബോംബിനേക്കാള്‍ എത്രയോ മടങ്ങ് നശീകരണശേഷിയുള്ള ആണവായുധം പ്രയോഗിച്ചാല്‍ അതിനിരയാകുന്ന ശതലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രണ്ടു നേതാക്കളുടെയും കുടുംബക്കാര്‍ ആയിരിക്കില്ല. മറിച്ച് നിരപരാധികളായ മനുഷ്യരാകുമെന്നതിന് ഹിരോഷിമ, നാഗസാക്കി, വിയറ്റ്‌നാം, നാസി യുദ്ധങ്ങള്‍ നമുക്ക് സാക്ഷ്യപത്രങ്ങളായുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഈ യുദ്ധ വെറിയെ നാം നോക്കിക്കാണാന്‍. അതേസമയം കിമ്മിനെയും ട്രംപിനെയും തനിക്കറിയാമെന്നും അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നുമുള്ള ഉത്തര കൊറിയന്‍ വിദഗ്ധന്‍ ഡെന്നിസ് റോഡ്മാന്റെ വാക്കുകള്‍ വിശ്വസിക്കുകയുമാകാം.

ഇതിനോടകം ആറു മാസത്തിലധികം പിന്നിട്ട കൊറിയന്‍ യുദ്ധഭീഷണിയും തദനുസാരിയായ സംഘര്‍ഷാവസ്ഥയും കുറയ്ക്കുന്നതിന് റഷ്യ പോലുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും പുരോഗതിയല്ല മറിച്ച് നിരാശമാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. റഷ്യയുടെ മാധ്യസ്ഥത അംഗീകരിക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടാക്കുന്നില്ല. മറിച്ച് തൊട്ടടുത്ത ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ കുറേക്കൂടി ചേരിതിരിഞ്ഞാണ് പ്രതികരിക്കുന്നത്. ജപ്പാന്റെ അതിര്‍ത്തി മേഖലയില്‍ മിസൈല്‍ പ്രയോഗം പരീക്ഷിക്കാന്‍ വരെ ഉത്തര കൊറിയ തയ്യാറായി എന്നത് കാര്യങ്ങള്‍ പെട്ടെന്നൊരു ഗര്‍ത്തത്തിലേക്ക് പതിക്കാനുള്ള സാധ്യതയാണ് സന്ദേഹിപ്പിക്കുന്നത്. അതേസമയം 1950 മുതല്‍ വേര്‍പിരിഞ്ഞ ശേഷം നിത്യവൈരികളായ വടക്കന്‍-തെക്കന്‍ കൊറിയകള്‍ തമ്മില്‍ അടുക്കുന്നതിലേക്കുള്ള സൂചനകള്‍ കിമ്മിന്റെ പുതുവല്‍സര പ്രഖ്യാപനത്തില്‍ ഉണ്ടെന്നുള്ളത് നേരിയ പ്രതീക്ഷക്കും വക നല്‍കുന്നുണ്ട്. പിളര്‍ത്തിയ അന്നുമുതല്‍ ദക്ഷിണ കൊറിയയുടെ പക്ഷത്ത് ഏകപക്ഷീയമായി നിലയുറപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ തന്റെ രാജ്യത്തുനിന്ന് താരങ്ങളെ അയക്കാമെന്ന കിമ്മിന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കമായും അതേസമയംതന്നെ ട്രംപിനെ വെട്ടിലാക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെടാവുന്നതാണ്.

ഭീതി വര്‍ധിപ്പിക്കുന്നത് കിമ്മിന്റെ ആക്രമോല്‍സുക ശൈലിയും കയ്യിലുള്ള സൈനിക ശേഷിയുമാണ്. ലോകത്തെ നാലാമത്തെ വലിയ സൈനികപ്പടയാണ് (അരക്കോടി) ഉത്തര കൊറിയക്കുള്ളതെങ്കില്‍ അമേരിക്കക്ക് മുന്‍നിരയിലുള്ളത് പത്തുലക്ഷത്തില്‍ താഴെമാത്രം. ചൈനയാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമത്. 967 യുദ്ധക്കപ്പലുകള്‍ ഉത്തരകൊറിയക്കുള്ളപ്പോള്‍ അമേരിക്കക്കുള്ളത് 415 മാത്രം. എന്നാല്‍ ആകാശത്ത് കിമ്മിന്റെ ആയിരം യുദ്ധവിമാനങ്ങള്‍ക്ക് പകരം ട്രംപിനുള്ളത് 13500ഉം. അത്യന്തം മാരകശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് കിമ്മിന്റെ കൈവശമുള്ളത്. കഴിഞ്ഞവര്‍ഷം മുഴുവന്‍ കിം ശ്രദ്ധ കേന്ദ്രീകരിച്ചത് മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായിരുന്നു. തന്റെ കയ്യില്‍ ചാവേര്‍പടയുടെ വന്‍നിരയുണ്ടെന്നതും കിമ്മിന്റെ അതിസാഹസികതയെ കുറച്ചു കാണരുതെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പും വെറുതെയല്ല. ചൈനീസ് കമ്യൂണിസം ഉത്തരകൊറിയയോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ യുദ്ധം, അതുസംഭവിച്ചാല്‍ ഏതുനിലക്ക് പര്യവസാനിക്കുമെന്നത് അപ്രവചനീയമായിരിക്കും. അതേസമയം ഇറാഖിലെ പഴയ സദ്ദാം ഹുസൈന്റെ വാക്‌പോരുമായി ചേര്‍ത്ത് കിമ്മിനെ നിസ്സാരവല്‍കരിക്കുന്നവരുമുണ്ട്. പതിവു സഖ്യരാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ ട്രംപിനെ പഴയ അമേരിക്കയെപോലെ വിശ്വസിച്ച് കൂടെനില്‍ക്കുമോ എന്ന സംശയം മറുഭാഗത്തും ഉയരുന്നുണ്ടെന്ന് മറക്കുന്നില്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഈ രാജ്യങ്ങളൊന്നും വിടുവായന്‍ ട്രംപുമായി ചേരുന്നില്ലെന്ന് ഓര്‍ക്കണം. ഇതൊക്കയാണെങ്കിലും ഇപ്പോള്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധം ഉത്തരകൊറിയയെ തളര്‍ത്തുമെന്നത് തീര്‍ച്ചയായ കാര്യമാണ്. ജനങ്ങളെ ഉപരോധക്കെണിയില്‍ ഇട്ട് എത്രകാലത്തേക്ക് യുദ്ധവുമായി കിമ്മിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്. അമേരിക്കപ്രതിവര്‍ഷം നീക്കിവെക്കുന്ന പ്രതിരോധച്ചെലവ് 439 ബില്യന്‍ പൗണ്ടാണെങ്കില്‍ (37800 ബില്യന്‍ രൂപ) ഉത്തരകൊറിയ നീക്കിവെക്കുന്നത് വെറും 5.9 ബില്യന്‍ പൗണ്ടാണ് (482 ബില്യന്‍ രൂപ). ഈ കണക്കുകള്‍ക്കെല്ലാമപ്പുറമാണ് ചേതനയറ്റു വീഴേണ്ടിവരുന്ന മനുഷ്യരുടെ സംഖ്യ. യുദ്ധം പടര്‍ന്നുപിടിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇതിലുമെത്രയോ വരും.

ആധുനിക യുഗത്തിന്റെ വൈരരാഷ്ട്രീയം ഇറക്കിവെച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെങ്കിലും പരമാവധി ഇരുരാജ്യങ്ങളെയും വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും സമാധാന ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനെങ്കിലും വിവേകികളായ ഇതര രാജ്യഭരണാധികാരികള്‍ക്ക് കഴിയണം. അതാകട്ടെ അന്താരാഷ്ട്ര സമൂഹത്തിന്റെ പുതുവര്‍ഷ പ്രതിജ്ഞ.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending