‘സ്‌നേഹമില്ലെങ്കില്‍ മതം ഭയപ്പാടിന്റെയും മാന്ത്രികതയുടെയും സമ്മിശ്രതയാകും.’ ഈ വാക്കുകള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നത് രാഷ്ട്രപിതാവിനോടാണ്. സ്‌നേഹത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഇത്രയധികം ഉദ്‌ബോധിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെയില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ മത വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് മഹാത്മാഗാന്ധി തന്റെ വിശ്വവിഖ്യാതമായ അഹിംസാസിദ്ധാന്തം മാലോകര്‍ക്കുമുമ്പാകെ അവതരിപ്പിച്ചതും സ്വയമതിനെ പ്രയോഗവത്കരിച്ചതും. രാജ്യം സംഭാവന ചെയ്ത പ്രശസ്ത ആത്മീയ പണ്ഡിതനായ സ്വാമിവിവേകാനന്ദന്‍ രേഖപ്പെടുത്തിയത,് ഹിന്ദുമതം മാനവികതയുടേതാണെന്നും അതിനെ കളങ്കപ്പെടുത്തുന്നത് അക്രമകാരികളായ കപട വിശ്വാസികളാണെന്നുമാണ് (1893 ആഗസ്റ്റ് 20). 125 കൊല്ലത്തിനുശേഷമാണ് ഇതിന് സമാനമായ ഒരു ആശയം പ്രമുഖ ആംഗലേയഎഴുത്തുകാരനും തിരുവനന്തപുരം ലോക്‌സഭാംഗവുമായ ശശിതരൂര്‍ കഴിഞ്ഞയാഴ്ച മുന്നോട്ടുവെച്ചത്. തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതരത്വത്തെ മുറുകെ പിടിച്ചതിന് മഹാത്മാവിന് സ്വന്തം ജീവന്‍തന്നെയാണ് ബലിയര്‍പ്പിക്കേണ്ടിവന്നതെങ്കില്‍ അതേവഴിയില്‍ ശശിതരൂരിന്റെ വാക്കുകളെ ആശയംകൊണ്ട് പരാജയപ്പെടുത്തുന്നതിന് പകരം കായികമായ ഏറ്റുമുട്ടലിനാണ് ഹിന്ദുത്വത്തിന്റെ കപട നാട്യക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. തരൂരിന്റെ തിരുവനന്തപുരത്തെ എം.പി ഓഫീസിനുനേര്‍ക്ക് രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അതിന്റെ യുവജനസംഘടനയുടെയും പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കാട്ടിയ പേക്കൂത്തിനെ ഓര്‍ക്കുമ്പോള്‍ ഗാന്ധിജിയെക്കുറിച്ചും വിവേകാനന്ദസ്വാമിയെക്കുറിച്ചും നാം ചിന്തിച്ചുപോകുന്നത് തികച്ചും സ്വാഭാവികം.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് ഒരുചടങ്ങില്‍ തരൂര്‍ വിവാദ പ്രസംഗം നടത്തിയത്. ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്നവിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും ഇന്ത്യയെ ഹിന്ദുപാകിസ്താന്‍ ആക്കുമെന്നുമാണ് തരൂര്‍ പറഞ്ഞത്. ‘ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവരീ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതും. അതില്‍ ഹിന്ദുരാഷ്ട്രം എന്ന് എഴുതിച്ചേര്‍ക്കും. ന്യൂനപക്ഷങ്ങളോടുള്ള സമത്വം ഇല്ലാതാക്കും. അങ്ങനെ അവര്‍ ഒരു ഹിന്ദുപാകിസ്താന്‍ സൃഷ്ടിക്കും. നിശ്ചയമായും അതിനായിരുന്നില്ല മഹാത്മാഗാന്ധിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാനാആസാദും ഉന്നതരായ ഇതരസ്വാതന്ത്ര്യസമരനേതാക്കളും പോരാടിയത്.’ ഈ വാചകങ്ങള്‍ പുറത്തുവന്നതുമുതല്‍ക്കുതന്നെ ബി.ജെ.പിയുടെ നേതാക്കള്‍ പലരും തരൂരിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. തിങ്കളാഴ്ച തരൂരിന്റെ ഓഫീസിനു നേരെ ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെയും ജനലുകളടക്കം തല്ലിപ്പൊട്ടിച്ചതിനെയും കരിഓയില്‍ ഒഴിച്ചതിനെയും ഏത് ഹിന്ദുത്വത്തിന്റെ പേരിലാണ് സംഘ്പരിവാരുകാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുക? സംഘ്പരിവാരുകാര്‍ ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന ‘ഹിന്ദു’ എന്ന പദം തന്നെയാണ് തരൂരും ഉദ്ധരിച്ചത്. അതില്‍ എന്തുതെറ്റാണ് ഇക്കൂട്ടര്‍ കാണുന്നത്? ഇനി പാകിസ്താന്‍ എന്നവാക്ക് ‘ഹിന്ദു’ വിനോട് ചേര്‍ത്തതാണ് പ്രകോപനത്തിന് കാരണമെങ്കില്‍ പാകിസ്താനെ തീവ്ര മൗലികവാദികളുടെ രാഷ്ട്രമായി വിമര്‍ശിക്കുകയല്ലേ അതുവഴി തരൂര്‍ ചെയ്തത്? മാത്രമല്ല, ആര്‍.എസ്.എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയും ആശയങ്ങള്‍ പേറുന്നൊരു രാഷ്ട്രീയകക്ഷി അവരുടെ ആശയം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഒരാള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റുള്ളത്? ഈ ഭരണഘടനയുടെ സ്വാംശീകരണത്തില്‍ ഒരുതരത്തിലുള്ള പങ്കും കൂറും ഇല്ലാത്തവരാണ് ആര്‍.എസ്.എസ്. അപ്പോള്‍ തരൂരിന്റെ ഭാഗത്തുനിന്ന് അരുതാത്തതെന്തെങ്കിലും സംഭവിച്ചതായി പറയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. പരാതികള്‍ ബോധിപ്പിക്കാനും എം.പി വഴിയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടുന്നതിനുമായി കാത്തുനിന്നിരുന്ന തരൂരിന്റെ ഓഫീസിനുമുന്നിലെ സാധാരണക്കാരും പാവങ്ങളും കണ്ണില്‍ചോരയില്ലാതെ ആക്രമിക്കപ്പെടാന്‍ മാത്രം അവരെന്തുപിഴച്ചു. പാകിസ്താനിലേക്ക് പോകുക എന്ന ബാനറുമായാണ് ഗുണ്ടകള്‍ വന്നത്. തന്നെ വധിക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് തരൂര്‍ പറഞ്ഞു. അദ്ദേഹത്തിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. പല കോണുകളില്‍നിന്നും പല തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സംഘ്പരിവാരത്തെയും തീവ്രഹിന്ദുത്വവാദികളെയും തന്റെ വിചാരധാരയില്‍നിന്നുകൊണ്ട് കൂടുതല്‍ നിശിതമായി ചോദ്യംചെയ്യുകയും ഉത്തരംമുട്ടിക്കുകയും ചെയ്യുകയാണ് തരൂര്‍ എന്ന മാന്യനായ രാഷ്ട്രീയക്കാരന്‍. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ഇന്റഗ്രിറ്റിയെകൂടിയാണ് അനാവൃതമാക്കുന്നത്.
ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറിജനറല്‍ പദത്തിലേക്കുള്ള മല്‍സരത്തില്‍ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയ വ്യക്തിയാണ് പഴയ ഐക്യരാഷ്ട്രസഭാ നയതന്ത്ര ഉദ്യോഗസ്ഥനായ ശശിതരൂര്‍ എന്നതെങ്കിലും മറക്കാന്‍ പാടില്ലാത്തതായിരുന്നു. സ്വാതന്ത്ര്യസമരസേനാനിമാരും പത്രാധിപരും അടങ്ങുന്ന പാലക്കാട്ടെ രാജകുടുംബമായ തരൂരില്‍ നിന്നാണ് ശശി എന്ന യുവാവ് സ്വപ്രയത്‌നത്തിലൂടെ രാജ്യാതിര്‍ത്തികളും ഭാഷാദേശഭേദങ്ങളും താണ്ടി ലോകത്തിന്റെ അഗ്രിമസ്ഥാനങ്ങളിലെത്തിയത്. അന്താരാഷ്ട്ര-ഭരണഘടനാ വിഷയങ്ങളില്‍ ഇംഗ്ലീഷിലും ഇതരഭാഷകളിലും അഗാധപാണ്ഡിത്യമുള്ള രാജ്യത്തെ അറിയപ്പെടുന്ന വക്താവും എഴുത്തുകാരനും വിമര്‍ശകനുമാണദ്ദേഹം. ഇത്തരമൊരാളെ അതിനീചമായി ഭത്‌സിക്കുന്നതിന് തയ്യാറായ ഹിന്ദുത്വവാദികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തെതന്നെ അപഹസിക്കുകയാണ് ചെയ്തിരിക്കുന്നത്.
മാസങ്ങള്‍ക്കകം വരാനിരിക്കുന്ന ലോക്‌സഭാപൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ശശിതരൂരിനെ പോലെ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലൊരാളുമായ വ്യക്തി രാജ്യത്തെ കടന്നുപിടിച്ചിരിക്കുന്ന ഹിന്ദുത്വമെന്ന ഫാസിസ്റ്റ് ദുര്‍ഭൂതത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ രാജ്യസ്‌നേഹത്തിന്റെ കണ്ണിലൂടെവേണം എല്ലാവരും ശരിയായി കാണേണ്ടിയിരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹിന്ദു രാഷ്ട്രം രൂപീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. 2016 ജൂണില്‍ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ ചെയര്‍മാന്‍ ആര്‍.എസ്.എസ് അനുകൂലി റാംബഹദൂര്‍ റായിയും ഇത് ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഇതിനെതിരെ ചെറുതായെങ്കിലും നാവനക്കാന്‍ കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കളും തരൂരിന്റെ ഒരു വാചകത്തിനെതിരെ ഹാലിളകുന്നത് തങ്ങളുടെതന്നെ മുഖംമൂടി വലിച്ചെറിഞ്ഞുകൊണ്ടാണെന്ന് അവരറിയുന്നില്ലെങ്കിലും പൊതുസമൂഹം മറയേതുമില്ലാതെ കാണുന്നുണ്ട്.