എ.എ വഹാബ്

ചിന്തിക്കുന്നവന് വിസ്മയം തീരാത്ത മഹാത്ഭുതമാണ് ജീവിതം. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്തോറും വിസ്മയം ഏറുന്നു. ഒടുവില്‍ ധിഷണ നശിച്ചു യുക്തി തളര്‍ന്നു മനസ് അവനിലേക്ക് തന്നെ മടങ്ങും. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ ദ്രുതഗതിയിലുള്ള പുരോഗതി മനുഷ്യനെ ഗതാഗത, വാര്‍ത്താ വിനിമയ രംഗങ്ങളില്‍ വിസ്മയാവഹമായ ലോകത്തേക്ക് നയിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞു പോയ തലമുറകള്‍ക്ക് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന പലതും ഇന്ന് സര്‍വസാധാരണമാണ്. ഇപ്പോഴുള്ളവര്‍ക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്ത പലതും വരുംനാളുകളില്‍ കടന്നുവരും. അറിവും സാങ്കേതിക വിദ്യയും ഇത്രമേല്‍ വികസിക്കുമ്പോഴും ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ പഠിക്കുന്നില്ലന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
മത,ജാതി,വര്‍ഗ, വര്‍ണ, ഭാഷാ, ദേശാ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ചു പോയ തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുന്നു. വ്യക്തികളും കൂട്ടങ്ങളും സര്‍ക്കാരുകളും അതിലൊക്കെ മത്സരിച്ചു മുന്നേറുന്ന കാഴ്ച ലോകത്ത് എല്ലായിടത്തുമുണ്ട്. ധര്‍മമോ നീതിയോ ഇല്ലാത്ത പുതിയ പ്രവണത മാനവകുലം ഉത്തമായിക്കണ്ട നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും അടിത്തറ മാന്തുകയാണ്. അസത്യം പ്രചരിപ്പിച്ചും ഭീതി പരത്തിയും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും ഒരു ജനതയെയും ജീവിത വിജയത്തിലേക്ക് നയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.
ഭൂമിയിലെ മനുഷ്യജീവിതം ഗൗരവപൂര്‍ണമായ ഒരു ദൈവീക പ്രാതിനിധ്യമാണ്. ഉത്തരവാദിത്വങ്ങള്‍ നല്‍കപ്പെട്ട നിയോഗം ഒടുവില്‍ വിചാരണയെ നേരിട്ട് രക്ഷാശിക്ഷാ വിധിക്ക് മനുഷ്യന്‍ വിധേയനാകേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യമാണ് ഖുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. ജീവിതത്തിന്റെ അത്ഭുതാവഹമായ പരിണാമങ്ങള്‍ ചൂണ്ടിക്കാട്ടി മനുഷ്യ ധിഷണയെ ഉദ്ദീപിപ്പിച്ചുകൊണ്ട് ദൈവീക ശക്തി മഹാത്മ്യത്തിന്റെ ഔന്നത്യവും മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. ‘നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്നിട്ട് നിങ്ങളിതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു; ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ (വി.ഖുര്‍ആന്‍ 30:20). മണ്ണില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചു കൂടുതല്‍ വിശദമായി ഖുര്‍ആന്‍ മറ്റിടങ്ങളില്‍ വിവരിക്കുന്നുണ്ട്. കളിമണ്ണിന്റെ സത്തില്‍ നിന്ന് ആദ്യമനുഷ്യന്‍ അവനില്‍ നിന്ന് ഇണ അവര്‍ രണ്ടു പേരില്‍ നിന്നായി പുതിയ പിറവി ബീജം, ഭ്രൂണം, ഗര്‍ഭപാത്രം, മാംസപിണ്ഡം, അസ്ഥിക്കൂടം, മാംസം കൊണ്ട് അസ്ഥിക്കൂടത്തെ പൊതിയുടെ മറ്റൊരു രൂപം, പിന്നെ മനുഷ്യക്കുഞ്ഞ് ഇവയൊക്കെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് താന്‍ പോന്നവനാണെന്ന് ധരിച്ചുവശാവുന്ന മനുഷ്യന്‍ സ്വന്തം പരിണാമം കൃത്യമായി മനസ്സിലാക്കാനാണ് സൃഷ്ടിപ്പിലെ ഈ അത്ഭുതങ്ങള്‍ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ നിര്‍മാണത്തില്‍ തനിക്ക് ഒരു പങ്കുമില്ല എന്ന ബോധമുണ്ടാവാന്‍ ഈ പാഠം ഉപകരിക്കും. സമാധാന പൂര്‍ണമായി ഒത്തുചേര്‍ന്നു ജീവിക്കാന്‍ മനുഷ്യരില്‍ നിന്ന് തന്നെ അവര്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തത് ചിന്തിക്കുന്നവര്‍ക്കുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു (30:21) ഇതിലും മനുഷ്യകരങ്ങള്‍ക്ക് പങ്കൊന്നുമില്ല. പ്രപഞ്ചത്തിന്റെ നിര്‍മിതിയിലും മനുഷ്യന്റെ ഭാഷാ വര്‍ണ വൈജാത്യങ്ങളിലും വിവരമുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു. എന്തൊക്കെ ജന്മസിദ്ധമായ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യന്‍ അടിസ്ഥാനപരമായി ഒന്നാണെന്ന കാര്യം ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. ‘അല്ലയോ, മനുഷ്യരേ തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാബോധമുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ് (49:13)
മനുഷ്യരുടെ അടിസ്ഥാനം ഒന്നാണെന്നും ജന്മസിദ്ധമായ വൈവിധ്യങ്ങള്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടി അല്ലാഹു സോദ്ദേശപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവ്യക്തതക്ക് ഇടമില്ലാത്തവണ്ണം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു മേന്മയുമില്ലെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ദൈവീക കാരുണ്യത്തില്‍ നിന്ന് നല്‍കപ്പെടുന്ന സ്‌നേഹം പങ്കുവെച്ച് ശാന്തമായി ഭൂമിയില്‍ വസിക്കേണ്ട സഹോദരങ്ങളാണ് മാനവകുലം. ഭാഷയുടെയോ ദേശത്തിന്റെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ കലഹിച്ചും അക്രമിച്ചും പരസ്പരം ചോര ചിന്താനും തമ്മില്‍ തല്ലി തല കീറാനുമല്ല മനുഷ്യജന്മം നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാത്തരം വൈജാത്യങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് സഹകരിക്കാനുള്ള സൗകര്യത്തിനാണ്. മനുഷ്യര്‍ക്കിടയിലുള്ള മഹത്വത്തിന്റെ മാനദണ്ഡം ദൈവഭക്തിയും സൂക്ഷ്മതയുമാണ്. വൈജാത്യങ്ങള്‍ മാനദണ്ഡമാക്കി വിവേചനം കാണിക്കുന്നതും ദൈവദൃഷ്ടിയില്‍ അക്രമവും അനീതിയും അധര്‍മവും പ്രകൃതി വിരുദ്ധവുമാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യരില്‍ അധികപേരും ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്തവരാണ്. ഈ ദര്‍ശനത്തിന്റെ വാഹകരായവര്‍ പോലും ഇതിന്റെ വ്യാപ്തി അറിയാത്തവരാണ്.
ദൈവാജ്ഞ പ്രകാരമുള്ള ധര്‍മവും നീതിയും വിശ്വമാനവികതയും നീതിയും വിശ്വമാനവികതയുമായിരിക്കണം ഭൂമിയില്‍ മനുഷ്യന്‍ ജീവിതത്തിനായി പിന്തുടരേണ്ട മാര്‍ഗരേഖ. ഭൂമിയിലെ ഭൂരിപക്ഷം പേരും ദൈവവിശ്വാസികളാണ്. പക്ഷേ, ജീവിതത്തില്‍ ദൈവീക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നതിനാല്‍ അവരില്‍ അധികം പേരും വിശ്വസിക്കുന്നില്ല. അതേക്കുറിച്ച് ഗൗരവമായ ജ്ഞാനവും ബോധവും അവര്‍ക്കില്ല. അങ്ങനെയവര്‍ ദൈവസ്മരണയില്‍ നിന്ന് വിട്ടൊഴിയുമ്പോള്‍ അവരുടെ പ്രധാന കൂട്ടുകാരന്‍ പിശാചായിരിക്കും എന്നത് അല്ലാഹുവിന്റെ വിധി നിശ്ചയത്തില്‍ പെട്ടതാണ്. അത് പിശാചുക്കള്‍ മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. പക്ഷേ, വിധേയരാവുന്ന മനുഷ്യര്‍ തങ്ങള്‍ സന്മാര്‍ഗികളാണെന്ന് വിചാരിക്കുകയും ചെയ്യും (43: 36,37). അത്യന്തം വികലമായ ഒരു മാനസിക നിലയാണിത്. വികല മനസ്സുകളില്‍ നിന്ന് വികല സങ്കല്‍പ്പങ്ങളും ആശയങ്ങളുമേ ഉണ്ടാവൂ. അത്തരക്കാരോട് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും നേരായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് (17:9-10).