Connect with us

Video Stories

ഷാബാനു ബീഗം മുതല്‍ ഷയാറാ ബാനു വരെ

Published

on

അഡ്വ. തട്ടാമല എം. അബ്ദുല്‍അസീസ്

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ശരീഅത്ത് സംബന്ധമായ കോടതി വിധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1985ല്‍ ഉണ്ടായ ഷാബാനുകേസിലെ സുപ്രീം കോടതി വിധി. അല്‍-ബഖറ സൂറയിലെ 241ാം സൂക്തത്തിന്റെ വ്യാഖ്യാനം സംബന്ധിച്ചുള്ളതായിരുന്നു ആ വിധിന്യായം. അഭിഭാഷകനായ മുഹമ്മദ് അഹമ്മദ്ഖാന്‍, തന്റെ ഭാര്യയെ ത്വലാഖ് മൂലം ഒഴിവാക്കി. ആ ദമ്പതികള്‍ക്ക് ആണും പെണ്ണുമായി അഞ്ചു മക്കളുണ്ടായിരുന്നു. വിവാഹമോചിതയായ ഷാബാനുവിന്, വിവാഹമോചനം നടത്തിയ ഭര്‍ത്താവില്‍ നിന്നും എന്തെല്ലാം അവകാശങ്ങള്‍ ശരീഅത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നതായിരുന്നു പ്രധാന പ്രശ്‌നം. ക്രിമിനല്‍ നടപടി സംഹിതയില്‍ 1973ല്‍ വരുത്തിയ ഭേദഗതി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് പുനര്‍വിവാഹം വരെയോ മരണം വരെയോ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന വ്യവസ്ഥ ഷാബാനുവിന് ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. മാത്രമല്ല, ഈ വകുപ്പ് ഖുര്‍ആനിലെ 2:241 സൂക്തത്തിലെ വ്യവസ്ഥക്കനുസൃതമാണെന്നും കോടതി പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ മുസ്‌ലിംകള്‍ പ്രതിഷേധമുയര്‍ത്തി. ഇങ്ങനെയൊരു വ്യാഖ്യാനം 2:241 എന്ന സൂക്തത്തിന് ഖുര്‍ആന്‍ അറിയുന്ന പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിട്ടില്ലെന്നും ആയതിനാല്‍ സുപ്രീംകോടതി വിധി റദ്ദ് ചെയ്യണമെന്നും മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു.
ഖുര്‍ആന്‍ 2:241ലെ മതാഅ് എന്ന പദത്തെ വ്യാഖ്യാനിച്ചാണ് പുനര്‍ വിവാഹം വരെയോ മരണം വരെയോ വിവാഹമോചിതക്ക് ജീവനാംശം നല്‍കണമെന്ന് ബഹു. സുപ്രിം കോടതി വിധിച്ചത്. മതാഅ് എന്ന പദത്തിന് ജീവനാംശം എന്ന് ഒരു പരിഭാഷകന്‍ നല്‍കിയിട്ടുള്ള അര്‍ത്ഥത്തെ ആസ്പദിച്ചാണ് കോടതി ഇപ്രകാരം വിധിച്ചത്. ഖുര്‍ആനില്‍ അമ്പതോളം ഇടങ്ങളില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടെയെല്ലാം പാരിതോഷികം, ദാനം, 2: 236, അല്‍പകാലത്തേക്ക് അനുഭവിക്കാനുള്ളത് 3:185, 9, 38, 10:23, 10: 70 തുടങ്ങിയ അര്‍ത്ഥമാണ് നല്‍കികാണുന്നത്. ചുരുക്കത്തില്‍ അല്‍പകാലത്തേക്കുള്ള ഒരു ആസ്വാദനം മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ഖുര്‍ആനിലെയും ഹദീസുകളിലെയും വചനങ്ങള്‍ക്ക് പൗരാണിക പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മറ്റും നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങളില്‍ നിന്നും വ്യതിചലിച്ച് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിന് കോടതികള്‍ക്ക് അധികാരമില്ലെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. (ആഗാമുഹമ്മദ് -കുല്‍സംബീവി 1987(24) ഐ.എ 196, 203-47 പ്രസ്തുത കേസില്‍ പ്രിവി കൗണ്‍സില്‍ വിധിച്ചതിപ്രകാരമാണ്.
”ഹിദായ, ഫതാവ ആലംഗിരി’ എന്നിവ പോലെയുള്ള പ്രാചീന ആധികാരിക ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്കും ഹദീസുകള്‍ക്കും മഹാന്മാരായ വ്യാഖ്യാതക്കള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ല. ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ഒരു സമയത്ത് മഹാന്മാരായ വ്യാഖ്യാതാക്കള്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ആ വിഷയം സംബന്ധിച്ച് നിലവിലിരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ കൂടി അവര്‍ എടുത്ത് കാണിക്കുക പതിവായിരുന്നു. അവരുടെ ഫത്‌വകളില്‍ ഏത് അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറയുമായിരുന്നു. വിവിധ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തു പറയുകയും ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തിനനുസരിച്ചാണ് തങ്ങളുടെ ഫത്‌വയെന്ന് എടുത്തുപറയുകയും ചെയ്യാതിരുന്നാല്‍ ആ അഭിപ്രായവ്യത്യാസം അതേപടി തുടരുന്നുവെന്നും കണക്കാക്കേണ്ടതാണ്. ഖാസിക്ക്, കോടതിക്ക് അപ്പോള്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ നിന്നും സന്ദര്‍ഭമനുസരിച്ച് യുക്തമായ അഭിപ്രായം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അബുല്‍ഫത്താ-റസമയി ചൗധരി (1894) 22 ഐ.എ 76, ബേക്കര്‍ അലി-അന്‍ജുമന്‍ ആറാ (1903) 30 ഐ.എ 94 എന്നീ കേസുകളിലും ഖുര്‍ആനും ഹദീസും മറ്റും വ്യാഖ്യാനിക്കുന്നത് സംബന്ധിച്ച്, പ്രിവി കൗണ്‍സില്‍ ഇതേ അഭിപ്രായം തന്നെ ഭംഗ്യന്തരേണ പുറപ്പെടുവിച്ചിട്ടുണ്ട്. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്, ഇന്നത്തെ കോടതികള്‍ക്ക് യുക്തമെന്ന് തോന്നുന്ന വ്യാഖ്യാനം കൊടുക്കുവാന്‍ അധികാരമില്ലെന്ന്, മേലുദ്ധരിച്ച രണ്ടു കേസുകളിലും പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങള്‍ ബഹു. സുപ്രീം കോടതി മുമ്പാകെ കൊണ്ടുവന്നതായി, വിധി ന്യായത്തില്‍ കാണുന്നില്ല. അതുപോലെ തന്നെ 2:241ാം ഖുര്‍ആന്‍ സൂക്തത്തിന് പൗരാണിക പണ്ഡിതന്മാരും ന്യായാധിപന്മാരും നല്‍കിയിരുന്ന വ്യാഖ്യാനങ്ങളും ബഹു. സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായും കാണുന്നില്ല. അമവീ ഖലീഫയായിരുന്ന അബ്ദുല്‍മാലിക്കിന്റെ കാലത്ത് (എ.ഡി 685-705 ഹിജ്‌റ 65-86)ഈജ്പ്തിലെ ഖാസിയായിരുന്ന ഇബ്‌നുഹുജൈറിന്റെ (എ.ഡി 688-702) മുമ്പിലും അദ്ദേഹത്തിനു ശേഷം ഖാസിയായിരുന്ന തൗബ ഇബ്‌നു നമീറിന്റെയും അതിനുശേഷം വന്ന ഖൈര്‍ഇബ്‌നു നയീമിന്റെയും കാലത്ത് ഖുര്‍ആനിലെ 2:236, 2:241) എന്നീ ആയത്തുകളുടെ വ്യാപ്തിയും സാരവും എന്താണെന്ന് പരിശോധനാവിധേയമായിട്ടുണ്ട്. ഈ ആയത്തുകളില്‍ പ്രയോഗിച്ചിരിക്കുന്ന ‘മത്തിഊഹുന്ന’ 2:236 മതാഉന്‍ (2:241) എന്നീ പദങ്ങളുടെ സാരത്തെ കേന്ദ്രീകരിച്ചായിരുന്നു വാദം. വിവാഹമോചിതക്ക് മതാഅ് (പാരിതോഷികം) കൊടുക്കല്‍ നിയമപരമായി നിര്‍ബന്ധമാണോയെന്ന് മുകളില്‍ പറഞ്ഞ മൂന്ന് ഖാസിമാരും പരിശോധിച്ചിട്ടുണ്ട്. ഇബ്‌നുഹുജൈര്‍ ഖാസിയായിരുന്ന കാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് ‘മതാഅ്’ (പാരിതോഷികം) കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും അതിന്റെ തുകയായി മൂന്നു ദീനാര്‍ അദ്ദേഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. മോചനം നടത്തി അയക്കുന്ന വേളയില്‍ തന്നെ ഈ പാരിതോഷികം നല്‍കിയിരുന്നു. ‘മതാഅ്’ നല്‍കാന്‍ വിസമ്മതിച്ചിരുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്നും അതു വസൂലാക്കി കൊടുത്തിരുന്നുവെന്നും കാണുന്നുണ്ട്. അതേസമയം ഇബ്‌നുഹുജൈറിനു ശേഷം വന്ന ഖാസിയായ തൗബഇബ്‌നു നുമീര്‍, മതാഅ് കൊടുക്കല്‍, നിയമപരമായ ഒരു ബാധ്യതയല്ലെന്നും ഭര്‍ത്താവിന്റെ മനഃസാക്ഷിയോട് ഖുര്‍ആന്‍ കല്‍പിക്കുന്ന ഒരു ആജ്ഞ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. തന്റെ മുന്‍ന്‍ഗാമിയായിരുന്ന ഇബ്‌നു ഹുജൈറ സ്വീകരിച്ചിരുന്നു ശമ്പളത്തില്‍ നിന്നും വസൂലാക്കുന്ന സമ്പ്രദായം അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതേസമയം വിവാഹമോചനം നടത്തിയ ഒരു ഭര്‍ത്താവ് വിവാഹമോചിതക്ക് മതാഅ് കൊടുക്കുവാന്‍ വിസമ്മതിച്ചുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം മൗനം അവലംബിക്കുകയും അതയാളുടെ മേല്‍ നിയമം അനുശാസിക്കുന്ന ഒരു ബാധ്യതയല്ലെന്നു കരുതുകയും ചെയ്തു. പക്ഷേ, അതേ ഭര്‍ത്താവ് മറ്റൊരു കേസില്‍ തൗബയുടെ മുമ്പില്‍ സാക്ഷിയായി വന്നപ്പോള്‍ അയാള്‍ നല്‍കിയ തെളിവുകള്‍ അദ്ദേഹം സ്വീകരിച്ചില്ല. കാരണം അയാളെ മുത്തഖിയായോ മുഅ്മിനായോ (ദൈവ ഭയമുള്ള, സൂക്ഷ്മതയുള്ള തികഞ്ഞ വിശ്വാസി) കരുതാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൗബ ഇബ്‌നുനമീറിന് ശേഷം വന്ന മറ്റൊരു ഖാസിയായ ഖൈര്‍, ഇബ്‌നു നയീം മുത്അ് നല്‍കല്‍ നിയമപരമായ ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടു. (ഇസ്‌ലാമിക് സര്‍വേസ്-എ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ലാ- എന്‍.ജെ കോണ്‍സണ്‍, 1971-പുറം 31-32)
മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത് പ്രവാചക നിര്യാണത്തിന് ശേഷമുള്ള അര നൂറ്റാണ്ടിനുള്ളിലാണെന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇമാം മാലിക് അവര്‍കളുടെ മുവത്തയില്‍ ത്വലാഖിന്റെ ഖണ്ഡികയില്‍ അബ്ദുല്ല ഇബ്‌നുഉമര്‍ (റ) നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: ‘മഹര്‍ നിശ്ചയിക്കുകയും എന്നാല്‍ സഹശയനം നടത്തുന്നതിന് മുമ്പ് വിവാഹമോചനം നടത്തപ്പെടുകയും ചെയ്യപ്പെട്ടവളൊഴികെയുള്ള വിവാഹ മോചിതയായ സ്ത്രീക്ക് ഒരു പാരിതോഷികം (മുത്അ) ലഭിക്കാന്‍ അര്‍ഹതയുണ്ട്. ആ മുത്അ അവളുടെ മഹറിന്റെ പകുതി മതിയാകുന്നതാണ്. അബ്ദുല്‍റഹ്മാനിബ്‌നു ഔഫ് അദ്ദേഹത്തിന്റെ ഭാര്യയെ ത്വലാഖ് ചെയ്തു. അവര്‍ക്ക് ‘മതാഅ്’ ആയി അദ്ദേഹം നല്‍കിയത് ഒരു അടിമ സ്ത്രീയെയാണ് (മുവത്ത- ഇംഗ്ലീഷ് പരിഭാഷ- പ്രൊഫ. മുഹമ്മദ് റഹീമുദ്ദീന്‍- 1981- പുറം 256) ഇതേ പുസ്തകത്തില്‍ ഇതേ പേജില്‍, കുറിപ്പ് 299ല്‍ ‘മതാഅ്’ എന്നാണെന്ന് നിര്‍വചിച്ചിരിക്കുന്നു. അത് പ്രകാരമാണ് ‘മതാഅ്’ എന്നാല്‍, ഭര്‍ത്താവ്, വിവാഹമോചന സമയത്ത് ഭാര്യക്ക് കൊടുക്കുന്ന പാരിതോഷികമാണ്. അതില്‍ ഏറ്റവും കുറഞ്ഞത് ഒരു ജോഡി വസ്ത്രങ്ങളും ഏറ്റവും കൂടിയത് സ്ത്രീയോ പുരുഷനോ ആയ ഒരു അടിമയെ നല്‍കലുമാണ്.
ഇമാം ശാഫി, ഇമാം അബൂഹനീഫാ എന്നീ എന്നീ ഇമാമുകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ബുര്‍ഹാനുദ്ദീന്‍ അലി മര്‍റിനാനി (മരണം എ.ഡി 1197) തന്റെ ഹിദായ എന്ന ഇസ്‌ലാമിക നിയമഗ്രന്ഥത്തില്‍ മതാഇനെ സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
മതാഇനെ സംബന്ധിച്ച് മേല്‍ പറയപ്പെട്ട വിവരങ്ങളെല്ലാം ബഹു. സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വിധിന്യായത്തില്‍ വ്യത്യാസമുണ്ടാകുമായിരുന്നു.
‘മതാഅ്’ എന്ന അറബി പദത്തിന് അറബി ഭാഷയിലെ വിവക്ഷയും വ്യാപ്തിയും എന്താണെന്ന് പരിശോധിക്കുകയും തീരുമാനമെടുക്കുന്നതിന് അതുമാത്രം പരിഗണിക്കുകയുമാണ് കോടതി ചെയ്യേണ്ടിയിരുന്നത്. അതിനു പകരം വിവര്‍ത്തനത്തിലെ ജീവനാംശം എന്നര്‍ത്ഥം വരുന്ന പദത്തിന് ഇംഗ്ലീഷ് നിയമഭാഷയില്‍ നല്‍കാവുന്ന അര്‍ത്ഥം നല്‍കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത് ശരിയായ നടപടിയല്ല. ജീവനാംശത്തിന് അറബി ഭാഷയില്‍ ‘നഫഖ’ എന്നാണ് പറയുന്നത്. അറബ് ഭാഷയില്‍ മതാഇനും നഫഖക്കും വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. നഫഖ എന്നാല്‍ വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ ഭാര്യക്ക് ചെലവിന് കൊടുക്കലും വിവാഹമോചിതയായാല്‍ ഇദ്ദയുടെ മൂന്നു മാസം നല്‍കേണ്ട ജീവനാംശവും ആണ്. ‘മതാഅ്’ ചില സന്ദര്‍ഭങ്ങളില്‍, ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പാരിതോഷികം മാത്രമാണ്. ഈ വകതിരിവ് ബഹു. സുപ്രീം കോടതി പരിഗണിച്ചില്ല. ശരീഅത്ത് പ്രകാരം വിവാഹമോചനം നടത്തപ്പെട്ട സ്ത്രീയുടെ പുനര്‍ വിവാഹം വരെയോ മരണം വരെയോ നഫഖ കൊടുക്കേണ്ട ആവശ്യമില്ല. ‘മതാഅ്’ ഒരിക്കല്‍ മാത്രം നല്‍കുന്ന പാരിതോഷികം മാത്രമാണ്.
ഭര്‍ത്താവ് ത്വലാഖ് ചെയ്താല്‍ അയാളില്‍ നിന്നും സ്ത്രീക്ക് എന്തെല്ലാം കിട്ടാനുണ്ട് എന്ന കാര്യം മാത്രമാണ് ബഹു. സുപ്രീംകോടതി പരിഗണിച്ചതും വിധിന്യായംപുറപ്പെടുവിച്ചതും. അതേസമയം സ്ത്രീ മുന്‍കൈയെടുത്ത് ഭര്‍ത്താവില്‍ നിന്നും മോചനം തേടിയാല്‍, അവള്‍ക്ക് എന്തെല്ലാം അയാളില്‍ നിന്നും കിട്ടും, അല്ലെങ്കില്‍ അവള്‍ക്ക് എന്തെല്ലാം നഷ്ടമാകും എന്ന കാര്യം കോടതി പരിഗണിച്ചിട്ടേയില്ല. ശരീഅത്ത് പ്രകാരം ഈ രണ്ട് സംഗതികളിലും വ്യത്യസ്ത നിയമങ്ങളാണ് ബാധകം. സ്ത്രീ അവളുടെ മഹര്‍ തിരികെ നല്‍കണം. ചിലപ്പോള്‍ ഭര്‍ത്താവിന് നഷ്ടപരിഹാരവും നല്‍കണം. ഈ വ്യത്യാസങ്ങളൊന്നും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. ഈ കേസില്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു കക്ഷിയായിരുന്നില്ല. അതുകൊണ്ട്, ഗവണ്‍മെന്റ് ഈ കേസില്‍ യാതൊരഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല. കോടതി അവരുടെ അഭിപ്രായം പറയുക മാത്രമാണ്‌ചെയ്തത്. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് മുന്‍ ഭര്‍ത്താവ്, പുനര്‍വിവാഹം വരേയോ മരണം വരെയോ ചെലവിന് നല്‍കണമെന്ന് വിധിച്ചു. ക്രിമിനല്‍ നടപടിസംഹിതയുടെ വകുപ്പ് 125 മുസ്‌ലിംകള്‍ക്കും ബാധകമാണെന്ന് വിധിച്ചു. ഖുര്‍ആന്‍ 2:241ല്‍ പറഞ്ഞതും വകുപ്പ് 125ല്‍ വ്യവസ്ഥ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ലെന്നും വിധിച്ചു.
സുപ്രീംകോടതിവിധി ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നതിനാല്‍ അതിനെതിരെ മുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തി. വിധി റദ്ദാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 1981ല്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ 1985ലാണ് വിധി പ്രസ്താവിച്ചത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഇടപെട്ട് സുപ്രീംകോടതി വിധിക്കെതിരെ 1986ലെ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ആക്ട് പാസാക്കുകയുണ്ടായി.
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും ക്രിമിനല്‍ നടപടി സംഹിതയിലെ വകുപ്പ് 125 പ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ഇപ്പോഴും നടപ്പാക്കിവരുന്നു. ഷമീമ ഫാറൂഖി അഭി ഷഹീദ്ഖാന്‍ എന്ന കേസില്‍ 6.4.2015ല്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് പാസാക്കിയ വിധിന്യായം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending