ഹൃദ്രോഗികള്‍ക്കുള്ള കൊറോണറി സ്‌റ്റെന്റിന്റെയും ഡ്രഗ് എല്യൂട്ടിംഗ് സ്‌റ്റെന്റിന്റെയും വില കുറച്ചിട്ട് മാസമൊന്ന് കഴിഞ്ഞിട്ടും അതിന്റെ ഗുണഫലം രോഗികള്‍ക്ക് കിട്ടുന്നില്ല എന്ന വാര്‍ത്തകള്‍ അത്യധികം വേദനാജനകമായിരിക്കുന്നു. ഇരുതരം സ്റ്റെന്റുകളുടെയും വില യഥാക്രമം 7260 രൂപയും 29600 രൂപയുമായി നിശ്ചയിച്ചത് 2017 ഫെബ്രുവരി 13നായിരുന്നു. കോടതിനിര്‍ദേശപ്രകാരം എണ്‍പത്തഞ്ച് ശതമാനമാണ് വില ഒറ്റയടിക്ക് കുറച്ചത്. നാനൂറിരട്ടി ലാഭമാണ് ഇവക്ക് കമ്പനികള്‍ ഈടാക്കിവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആറുലക്ഷം സ്റ്റെന്റുകളാണ് വിറ്റതെന്ന് അറിയുമ്പോള്‍ കമ്പനികളുടെ കൊള്ള എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയില്‍ ഉപയോഗിക്കുന്നവയില്‍ 95 ശതമാനവും വന്‍വിലയുള്ള ഡ്ര്ഗ് എല്യൂട്ടിംഗ് സ്‌റ്റെന്റുകളുമാണ്.

മുമ്പ് ഇവയൊന്നിന് യഥാക്രമം 45,100, 1,21400 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേലുള്ള വിധിയെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലകുറക്കുന്നതിനുള്ള തീരുമാനമെടുത്തത്. വിവിധ തലങ്ങളിലുള്ള പഠനത്തിന്റെ ശേഷമാണ് കേന്ദ്രസര്‍ക്കാരിനുകീഴിലെ ഏജന്‍സിയായ ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി വില നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാലിപ്പോള്‍ സ്വകാര്യആസ്പത്രികളും മരുന്നുനിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് വിലനിയന്ത്രണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ വിലസംബന്ധിച്ച് കമ്പനികളുടെ നിലപാട് വിചിത്രമാണ്. ഈ നിരക്കില്‍ ഡ്രഗ് എല്യൂട്ടിംഗ് സ്‌റ്റെന്റുകളും ബയോഡീഗ്രേഡബിള്‍ സ്‌റ്റെന്റുകളും വില്‍ക്കാനാകില്ലെന്നാണ് അവരുടെ ന്യായം. ഇത്തരം സ്‌റ്റെന്റുകള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കാനും നീക്കം നടക്കുന്നുണ്ട്. സ്വകാര്യ ആസ്പത്രികള്‍ വിലനിയന്ത്രണം അട്ടിമറിക്കാനായി ഹൃദയശസ്ത്രക്രിയക്കായി പാക്കേജ് സംവിധാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുചെലവുകള്‍ എന്ന ഗണത്തില്‍ പെടുത്തി സ്റ്റെന്റിന് എത്രവില ഈടാക്കിയെന്ന് അറിയിക്കാതിരിക്കാനാണിത്. പുതിയ പശ്ചാത്തലത്തില്‍ ഗുണനിലവാരം കുറയ്ക്കാനും ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരേ ബ്രാന്‍ഡിനുതന്നെ വിവിധ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്.
ഹൃദയധമനികള്‍ അടഞ്ഞതിനാല്‍ തടസ്സപ്പെടുന്ന രക്തചംക്രമണം സുഗമമാക്കുന്നതിനായാണ് രോഗികളില്‍ സ്റ്റെന്റ് ഘടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഭക്ഷണത്തിലെ വിഷാംശവും മാറിയ ആഹാരരീതികളും കാരണം ഹൃദ്രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 110 പേര്‍ ഹൃദ്രോഗം ബാധിച്ച് മരണപ്പെടുന്നതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ( ഐ.സി.എം.ആര്‍) കണക്ക്. ആളോഹരിചികില്‍സാചെലവ് 1987ല്‍ 88 രൂപയുണ്ടായിരുന്നത് 2014ല്‍ 5029 രൂപയായി. സര്‍ക്കാര്‍ മേഖലയുടെ തളര്‍ച്ച മുതലാക്കുന്നത് സ്വകാര്യകഴുത്തറുപ്പന്‍ ചികില്‍സാസ്ഥാപനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ വാര്‍ഷികമൊത്തവരുമാനത്തിന്റെ 1.1 ശതമാനം മാത്രമാണ് ചെലഴിക്കുന്നത്. ഇതേസമയം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്പത്രികളുടെ എണ്ണം കുതിച്ചുയര്‍ന്നു. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം എന്നിവ പണ്ട് കേട്ടുകേള്‍വി മാത്രമായിരുന്നെങ്കില്‍ ഇന്നിതാ നമ്മുടെ ഓരോവീടുകളിലും കരാളഹസ്തവുമായി അവ തലനീട്ടിയിരിക്കുന്നു. നിത്യദാനചെലവിനുപോലും പ്രയാസപ്പെടുന്നവര്‍ക്ക് മാരകരോഗങ്ങളുടെ ചികില്‍സ ആലോചിക്കാന്‍ പോലും കഴിയാത്തതായിരിക്കുന്നു. ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലുള്ളവരാണ് തിരുവനന്തപുരത്തെ റീജീണല്‍കാന്‍സര്‍ പോലുള്ളവയില്‍ നിത്യേന ചെലവുകുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ചികില്‍സക്കായി കൂടുതലും എത്തുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം സ്റ്റെന്റുകളുടെ വിലനിയന്ത്രണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചോദ്യമുന്നയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, സി.എന്‍ ജയദേവന്‍ എന്നിവര്‍ക്ക് കേന്ദ്രരാസവസ്തുസഹമന്ത്രി മന്‍സൂഖ് മണ്ഡോവിയ നല്‍കിയ മറുപടിയില്‍ വിലനിയന്ത്രണം സംബന്ധിച്ച് രോഗികളുടെയും കുടുംബങ്ങളുടെയും പരാതികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് അറിയിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്ത് 62 സ്റ്റെന്റ് നിര്‍മാണകമ്പനികളാണുള്ളത്. വിദേശകമ്പനികള്‍ വേറെയും. ഓണ്‍ലൈന്‍, ടോള്‍ഫ്രീ നമ്പറുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കെതിരെ പരാതിപ്പെടുക എന്നത് സാധാരണരോഗികളെസംബന്ധിച്ച് ഏറെ വിഷമകരമായതാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പാണ് നടപടിയെടുക്കാന്‍ കൂടുതല്‍ അനുയോജ്യമായത്. പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ അറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് പരിശോധന ആരംഭിച്ചിട്ടുപോലുമില്ല. കമ്പനികളുടെ ആഴ്ചയിലെ നിര്‍മാണം, വില്‍പന സംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. കൃത്രിമം കാട്ടുന്ന ഔഷധനിര്‍മാതാക്കളുടെ നേരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. സ്റ്റെന്റിന് അധികവില ഈടാക്കിയതിന് രാജ്യത്ത് ആരോഗ്യമന്ത്രാലയത്തിന് മുപ്പതോളം സ്വകാര്യ ആസ്പത്രികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളുമായി ഒത്തുകളിച്ച് സ്വകാര്യ ആസ്പത്രികള്‍ വന്‍തോതില്‍ ചികില്‍സാചെലവ് കൂട്ടുന്നതായി നേരത്തെതന്നെ ആരോപണം നിലവിലുള്ളതാണ്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളാണെങ്കിലും ആയതിലേക്ക് പണം സ്വരൂപിക്കപ്പെടുന്നത് പാവപ്പെട്ടവരടക്കമുള്ള രോഗികളുടേതാണ് എന്നതാണ് ഗൗരവമായിട്ടുള്ളത്.
രാജ്യത്ത് മരുന്ന്, ചികില്‍സ എന്നിവ വന്‍ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ കമ്മീഷനും വന്‍ലാഭവും കൈപ്പറ്റാന്‍ വന്‍ലോബി തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെ പങ്കുപറ്റുന്നവരില്‍ സര്‍ക്കാരിലെതന്നെ ചിലരുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. അല്ലെങ്കില്‍ സ്റ്റെന്റിന്റെ പേരിലുള്ള പകല്‍കൊള്ളക്ക് കടിഞ്ഞാണിടാന്‍ ഒരു പൗരന്റെ ഹര്‍ജിയും കോടതിഇടപെടലും വേണ്ടിവരുമായിരുന്നില്ല. കച്ചവടത്തില്‍ ലാഭം അനിവാര്യമാണെന്നത് ശരിതന്നെ. എന്നാലത് പാവപ്പെട്ടവരെയും മാരകരോഗം ബാധിച്ചവരെയും അവരുടെ കുടുംബങ്ങളെയും പിച്ചിച്ചീന്തുന്ന തരത്തിലുള്ള കൊള്ളലാഭമാകുന്നത് ഒരു നിലക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മാനുഷികമുഖമുള്ള ചികില്‍സാസംവിധാനങ്ങളും ഔഷധനയവും എന്നത് ഈ നൂറ്റാണ്ടിലും അപ്രാപ്യമായിരിക്കുന്നു എന്നത് നാല്‍പത് ശതമാനത്തോളം ദരിദ്രരുള്ള നാടിനെസംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.