ന്യൂഡല്‍ഹി: ഒരു ഇടവേളക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഹാജരായി. രാജ്യസഭയിലെത്തിയ മോദിയെ പ്രതിപക്ഷം എതിരേറ്റത് ‘ദേ നോക്കൂ, ആരാണീ വരുന്നത്’ എന്ന കളിയാക്കലിലൂടെ. വ്യാഴാഴ്ച ചോദ്യോത്തരവേളയില്‍ സഭയിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍, ഭരണപക്ഷ അംഗങ്ങള്‍ ഒരുമിച്ച് ഉടന്‍ ‘ഇന്ത്യയുടെ സിംഹമിതാ വന്നിരിക്കുന്നു’ എന്ന് തിരിച്ചടിച്ചു.

പ്രധാനമന്ത്രി സഭയിലെത്താത്തതിലുള്ള പ്രതിഷേധമായിരുന്നു പ്രതിപക്ഷത്തിന്റെ കളിയാക്കലിന് പിന്നില്‍. അതേസമയം ഉത്തര്‍പ്രദേശ് വിജയത്തിന് ശേഷമുള്ള മോദിയുടെ വരവ് ആഘോഷിച്ചാണ് ഭരണപക്ഷം ഇതിന് മറുപടി നല്‍കിയത്.

ചോദ്യോത്തരവേളയില്‍ 15 മിനിറ്റ് ചെലവഴിച്ച ശേഷമാണ് മോദി മടങ്ങിയത്. കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കവെ ഉച്ചക്ക് 12.10നാണ് മോദി എത്തിയത്. നടപടികള്‍ വീക്ഷിച്ച ശേഷം 12.25 ഓടെ മോദി സഭവിട്ടിറങ്ങുകയും ചെയ്തു.

നോട്ട് നിരോധനം നടപ്പാക്കിയ ശേഷം പ്രതിപക്ഷ ചോദ്യം ഭയന്ന് ദിവസങ്ങളോളം മോദി രാജ്യസഭയില്‍ ഹാജരാകാത്തത് വിവാദമായിരുന്നു. നടപടി സംഘടിത കൊള്ളയാണെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ ആരോപിച്ചതിനു പിന്നാലെയായിരുന്നു മോദി ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹം രാജ്യസഭയില്‍ എത്തിയിരുന്നില്ല.