അനിരുദ്ധ് എ.ആര്‍

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കുന്ന വേളയാണിന്ന്. ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരു ഭരണഘടന സ്വന്തമായപ്പോള്‍ അന്നത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രമാണിത്വ രാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ ആനയുടെ അത്രയും വലിപ്പമുണ്ടെന്നാണ് കളിയാക്കിയത്. ഇതിന് ഡോ. രാജേന്ദ്ര പ്രസാദ് നല്‍കിയ മറുപടി ‘ലോകത്ത് ഏറ്റവും ലക്ഷണമൊത്ത ആനകള്‍ ഇന്ത്യന്‍ ആനകളാണെന്നും അതുപോലെ തന്നെ ലോകത്തെ ലക്ഷണമൊത്ത ഭരണഘടന ഇന്ത്യയുടേയാണെന്നുമായിരുന്നു’. അന്ന് ഇന്ത്യയെ കളിയാക്കിയ രാഷ്ട്രങ്ങള്‍ക്ക് പിന്നീട് ഇന്ത്യയെ വാഴ്‌ത്തേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണിന്ന്. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത് തന്നെ.
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിഷിപ്തമായിരിക്കുകയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അത് നടപ്പാക്കാപ്പെടുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൗഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ‘സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു’ എന്നാണ് ആമുഖ വാചകം. ഈ ആമുഖം അതിന്റെ ശില്‍പികളുടെ മനസ്സിന്റെ താക്കോലാണ്.
നമ്മുടെ ഭരണഘടനയെ കവച്ചുവെക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന് നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സമഗ്രമായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും രാജ്യത്തെ പകുതിയിലധികം വരുന്ന ജനവിഭാഗം അസ്വസ്ഥരാണ്. ഇതില്‍ നല്ലൊരു വിഭാഗം നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലും. ജനങ്ങള്‍ക്കിടയില്‍ മതങ്ങളുടെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വലിയ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ദലിതരും പിന്നാക്ക ന്യൂനപക്ഷങ്ങളും എവിടെ വെച്ചും അക്രമിക്കപ്പെടാമെന്ന അവസ്ഥയിലാണ്. തങ്ങള്‍ എന്തിനാണ് അക്രമത്തിനിരയായതെന്നറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പോലും ജീവന്‍ കൊടുക്കേണ്ടിവരുന്നു. തങ്ങള്‍ അനുമാനിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചതെന്ന തോന്നലിന്റെ പേരില്‍ പോലും രാജ്യത്ത് കൊലകള്‍ നടക്കുന്നതാണ് അതിലും കഷ്ടം. കുലത്തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം ദലിതര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍ ആഞ്ഞു പതിക്കുന്നു. ഇരട്ട പൗരന്മാരും ഇരട്ട നീതിയുമുള്ള നാടായി നമ്മുടെ സ്വതന്ത്ര ഭാരതം മാറിപ്പോയിട്ടുണ്ടോ എന്ന സംശയമാണ് സമീപ കാല ചരിത്രം നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ, ഭരണ കക്ഷികള്‍ അവരുടെ ഇഷ്ടത്തിന് ഭരണം നടത്തുകയും സാധാരണക്കാരന് കേവലം ‘കറവ’പ്പശുവിന്റെ വില പോലും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.
നോട്ടില്ലാത്ത രാജ്യത്താണ് നാം ജീവിക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു വരുന്ന വൃത്താന്തം. നിരക്ഷരരായ, ബാങ്ക് എക്കൗണ്ട് പോലുമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയിലാണ് ക്യാഷില്ലാത്ത രാജ്യത്തെ അവര്‍ സ്വപ്‌നം കാണുന്നത്. ഭരണ കര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയിലൂടെ ബേങ്കുകള്‍ക്കു മുന്നില്‍ തളര്‍ന്നുവീണു മരിച്ചത് നൂറിലേറെ ഇന്ത്യന്‍ പൗരന്മാരാണ്. വിത്തും വളവും വാങ്ങാന്‍ പണമില്ലാതെ കര്‍ഷകര്‍ കാര്‍ഷിക വൃത്തിയോട് വിട ചൊല്ലിയ അവസരം കൂടിയാണിത്. അതേസമയം അവരുടെ വിളകള്‍ക്ക് മതിയായ വില ലഭിച്ചതുമില്ല. കള്ളപ്പണക്കാരെ പിടികൂടാനെന്നു പറഞ്ഞു ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടവര്‍ക്ക് ഇല്ലം ചുട്ടു നശിപ്പിച്ചിട്ടും ഒരു എലിയെ പോലും പിടികൂടാനായില്ല എന്ന ഖേദകരമായ വസ്തുതയും നിലനില്‍ക്കുകയാണ്.
രാജ്യത്തെ കാക്കാന്‍ പ്രതികൂല കാലാവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുന്ന സൈനികന്‍ തനിക്കു വിശക്കുന്നുവെന്ന് രാജ്യത്തോട് ഉറക്കെ വിളിച്ചു പറയേണ്ടി വന്ന അവസ്ഥ വേദനിപ്പിക്കുന്നതാണ്. പട്ടാളക്കാരന്റെ വിശപ്പിന്റെ വിളി പോലും കേള്‍ക്കാനാവാത്തവരാണ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ നാടു കടത്തല്‍ ശിക്ഷ വിധിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ നോട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്നു.
നീതി പീഠങ്ങള്‍ പോലും തുണക്കെത്താത്ത അവസ്ഥയാണ് പലപ്പോഴും. അല്ലെങ്കില്‍ അവയെ നിശബ്ദമാക്കുന്ന കാഴ്ച. പുതിയൊരു ശീലം കൂടി അവര്‍ കടമെടുത്തിട്ടുണ്ട്. പൊതു ജനാഭിപ്രായം മാനിച്ചു വിധി പ്രസ്താവിക്കുന്ന, ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത, രീതി ശാസ്ത്രമാണത്. ഇതൊക്കെ നമ്മുടെ ഭരണ ഘടനാ ശില്‍പികള്‍ വിഭാവന ചെയ്യാത്തതാണ്.
ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. പലവിധ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും മറ്റു പല ഭേദഗതികള്‍ക്കും ശേഷം മൂന്നു വര്‍ഷത്തോളമെടുത്താണ് ഭരണഘടന തയ്യാറാക്കിയത്. ഓരോ ഇന്ത്യക്കാരനും തുല്യ അവകാശവും സ്വാതന്ത്ര്യവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന ആദര്‍ശാശയത്തില്‍ ഉറച്ചു നില്‍ക്കുന്നൊരു തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആണിക്കല്ല്. 22 ഭാഗങ്ങളുള്ള നമ്മുടെ ഭരണഘടനയില്‍ സാധാരണക്കാരനായ പൗരനെ ബാധിക്കുന്ന ‘മൗലികാവകാശങ്ങള്‍’ എന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ അന്തസത്ത. ഈ മൂന്നാം ഭാഗത്തുതന്നെയുള്ള 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങള്‍ സ്വന്തം വിശ്വാസങ്ങള്‍ പുലര്‍ത്താനും അഭിപ്രായങ്ങള്‍ പറയാനും വിദ്യയാര്‍ജിക്കാനും തൊഴില്‍ സ്വാതന്ത്ര്യവും സുരക്ഷിതമായി കുടുംബ ജീവിതം നയിക്കാനുമുള്ള പൗരന്റെ അവകാശം എടുത്തുകാട്ടുന്നു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ദേശീയ പതാക ഉയര്‍ത്തുമ്പോഴും ധീര ഘോരം പ്രസംഗിക്കുമ്പോഴും ഭരണഘടനാശില്‍പികളുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും. ഭാരതത്തിന്റെ അഖണ്ഡതക്ക് വിഘാതമായി വരുന്ന ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്തു മുന്നേറാന്‍ കഴിയുമ്പോഴും രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനുള്ള സന്മനസ് കൈവരുമ്പോഴും മാത്രമാണ് റിപ്പബ്ലിക്കിന്റെ പൂര്‍ണത കൈവരിക.