Connect with us

Video Stories

ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ-യു.എ.ഇ ബന്ധം

Published

on

ആഭ്യന്തരമായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലൊന്നായ ഐക്യ അറബ് എമിറേറ്റ്‌സിലെ അബൂദാബി കിരീടാവകാശിയെ അത്യാഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് ഇന്ത്യ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമാര്‍ന്ന റിപ്പബ്ലിക്ദിന പരേഡില്‍ വിശിഷ്ടാതിഥിയായിരിക്കുന്നത് യു.എ.ഇയുടെ ഉപ സര്‍വസൈന്യാധിപന്‍ കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനാണ് എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത്യന്തം ഊഷ്മളമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരേഡില്‍ യു.എ.ഇയുടെ 179 വ്യോമ സേനാംഗങ്ങള്‍ പങ്കെടുക്കുന്നുവെന്നതും സുപ്രധാന സവിശേഷതയാണ്. ലോകത്ത് അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ യു.എ.ഇ ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം പുലര്‍ത്തുന്ന രാഷ്ട്രമാണ് ഇന്ത്യ.
ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുചെന്ന് അറബി രീതിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാനെ ആലിംഗനം ചെയ്തു സ്വീകരിച്ചതു തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വരാനിരിക്കുന്ന വര്‍ധിച്ച തോതിലുള്ള സഹകരണത്തെയാണ് സൂചിപ്പിച്ചത്. 2015 ഓഗസ്റ്റില്‍ മോദി യു.എ.ഇയിലെത്തിയപ്പോള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും സഹോദരങ്ങളും പ്രോട്ടോകോള്‍ മറന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത് കണക്കിലെടുത്തായിരിക്കണം മോദിയും ചൊവ്വാഴ്ച ഇത്തരമൊരു സമീപനം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 2015ലെ ബജറ്റില്‍ ഇന്ത്യ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ കാര്യത്തില്‍ ഇന്ത്യ കാര്യമായി മുന്നോട്ടുപോയില്ലെന്ന പരാതി യു.എ.ഇക്കുണ്ടായിരുന്നു. 2006ല്‍ യു.പി.എ ഭരണകാലത്ത് സഊദി അറേബ്യന്‍ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല രാജാവായിരുന്നു റിപ്പബ്ലിക്ദിനത്തിലെ വിശിഷ്ടാതിഥിയെന്നത് ഗള്‍ഫ് മേഖലയുമായി ഇന്ത്യ തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിനുള്ള കരാറാണ് ചര്‍ച്ചകളില്‍ പ്രധാനം. 350 ബില്യന്‍ ഡോളറിന്റെ വാണിജ്യസഹകരണമാണ് നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സന്ദര്‍ശനത്തിലെ സുപ്രധാന ലക്ഷ്യം. ഇന്നലെ ഇരു രാജ്യങ്ങളുടെയും മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ തോതിലുള്ള സഹകരണത്തിനുള്ള കരാറുകളാണ് ഒപ്പുവെക്കപ്പെട്ടിരിക്കുന്നത്. പ്രതിരോധം, സൈബര്‍ സ്‌പേസ്, വാണിജ്യം, സമുദ്ര-റോഡ് ഗതാഗതം എന്നീ മേഖലകളിലടക്കം 14 കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാണിജ്യം, തീവ്രവാദം, ഇസ്‌ലാമിക മൗലികവാദം എന്നീ വിഷയങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചനടത്തിയതായി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ക്ക് ആ രാജ്യം നല്‍കിവരുന്ന ശ്രദ്ധയിലും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പശ്ചാത്തലത്തില്‍ മധ്യ-ദക്ഷിണേഷ്യന്‍ മേഖലയിലെ സുരക്ഷാഭീഷണിയും സംസാര വിഷയമായത് സ്വാഭാവികം. ഊര്‍ജം, നിക്ഷേപം എന്നീ മേഖലകളില്‍ തുടര്‍ന്നും സഹകരണം ഉറപ്പുവരുത്താന്‍ ഇരുവരും ശ്രദ്ധിക്കും. ഊര്‍ജം പോലുള്ള മേഖലകളില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് യു.എ.ഇയില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത്. മേഖലയിലെ സുരക്ഷയും ഇരുരാജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്. 2015ലെ ഇന്ത്യ-യു.എ.ഇ സംയുക്ത പ്രസ്താവനയില്‍ ആഗോള ഭീകരവാദത്തെ ശക്തിയായി അപലപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമീപ കാലത്ത് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ ഇതിന് തെളിവാണ്. ഭീകരവാദത്തെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യ ലക്ഷ്യമിടുന്നത് പാക്കിസ്താനെയാണ്.
വളരെ കാലംമുമ്പു മുതല്‍ക്കുതന്നെ ഗള്‍ഫ് സഹകരണകൗണ്‍സില്‍ രാഷ്ട്രങ്ങള്‍ നമ്മുടെ വാണിജ്യ മേഖലയില്‍ മുഖ്യപങ്കാണ് വഹിച്ചുവരുന്നത്. ഇന്ത്യയുടെ വിദേശ വരുമാനത്തിന്റെ 52 ശതമാനം വഹിക്കുന്നത് അറേബ്യന്‍ ഗള്‍ഫാണ്. ജി.സി.സിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഒ ന്നാം സ്ഥാനവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. മധ്യപൂര്‍വ ദേശത്തും വടക്കനാഫ്രിക്കന്‍ മേഖലയിലും ജീവിത സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച രാഷ്ട്രമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ രംഗങ്ങളിലൊക്കെ പരിശോധിക്കുമ്പോള്‍ ലോകത്തെ മികച്ച പതിനഞ്ചാമത്തെ രാജ്യം കൂടിയാണ് യു.എ.ഇ എന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലക്ക് നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് നമ്മുടെ ഇന്നത്തെ വിശിഷ്ടാതിഥി. അന്തരിച്ച പിതാവ് ശൈഖ് സായിദ് അല്‍ നഹ്‌യാനും ശൈഖ് റാഷിദ് അല്‍മക്തൂമുമാണ് ആധുനിക യു.എ.ഇയുടെ ശില്‍പികള്‍.
ഇന്ത്യയുടെ വളര്‍ച്ചയില്‍ യു.എ.ഇക്ക് തീര്‍ച്ചയായും മുഖ്യപങ്കുണ്ടെന്ന് മോദി ഇന്നലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത് അതിശയോക്തിപരമല്ല. മൂന്നര പതിറ്റാണ്ടിനുശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ 2015ലെ യു.എ.ഇ സന്ദര്‍ശനം. അഞ്ചുലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസനത്തിനുള്ള നിക്ഷേപം ഇന്ത്യയില്‍ നടത്താനുള്ള കരാര്‍ അന്ന് ഒപ്പുവെക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് കൗണ്‍സലേറ്റ് ആരംഭിച്ചതും ഈ ബന്ധത്തിനുള്ള തെളിവായിരുന്നു. പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ സഊദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഐക്യഅറബ് എമിറേറ്റ്‌സ്-26 ലക്ഷം പേര്‍. മലയാളികളാണ് ഇതില്‍ ഒന്നാമത്. യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ആ രാജ്യത്തെ ജനസംഖ്യയുടെ നാല്‍പതു ശതമാനം വരും. ദീര്‍ഘ കാലത്തെ ബന്ധം ഇരുരാജ്യങ്ങളുടെയും ജനങ്ങള്‍ തമ്മില്‍ നിലവിലുണ്ട്. ആ രാജ്യത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ നമുക്കുള്ള പങ്കിന് സമാനമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക കുതിപ്പില്‍ യു.എ.ഇക്കുള്ള പങ്കും. കൊച്ചി സ്്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികളും സ്മരണീയമാണ്. ഇവയെല്ലാം മുന്നില്‍കണ്ടുള്ള ദീര്‍ഘ ദൃഷ്ടിയുള്ളതും സൃഷ്ടിപരവും യുക്തി പൂര്‍ണവുമായ നടപടികളാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ നടത്തിയിരിക്കുന്നത് എന്നത് ലോകത്തെ വലിയ രണ്ട് സമ്പദ് വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളവും ജനങ്ങളെ സംബന്ധിച്ചും ഏറെ പ്രതീക്ഷാദായകമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ ദിശയിലാകട്ടെ ഭാവിയിലെ സര്‍വനീക്കങ്ങളും. യു.എ.ഇയിലെ ക്ഷേത്രത്തിന്റെ കാര്യത്തിലേതുപോലെ, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ കാട്ടുന്ന ഇരട്ട നീതി പോലെയാകരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending