Connect with us

Video Stories

ബാബരി ഗൂഢാലോചകര്‍ക്ക് നീതിപീഠത്തിന്റെ ‘മാര്‍ഗദര്‍ശനം

Published

on

കെപി ജലീല്‍
തന്റെ പാപം തിരിച്ചറിയുമ്പോഴാണ് ഒരാളുടെ മന:സാക്ഷി പതറുന്നത്. ആതാണ് അയാള്‍ക്കുള്ള ശിക്ഷയും. ‘കുറ്റവും ശിക്ഷയും’ എന്ന വിശ്വവിഖ്യാത കഥയെഴുതിയ തിയഡോര്‍ ദോസ്‌റ്റോവ്കിയാണിത് പറഞ്ഞത്. അധികാരവും പണവും ഹുങ്കും പതഞ്ഞുപൊങ്ങുമ്പോള്‍ മനുഷ്യന്‍ തെറ്റുകള്‍ക്ക് വശംവദരാകുന്നു. കാലം മുന്നോട്ടുപോകുമ്പോള്‍ അതയാള്‍ക്ക് തിരിച്ചടിയായി ഭവിക്കുന്നു. ഇതിപ്പോള്‍ ഏറ്റവുമധികം യോജിക്കുന്നത് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ കാര്യത്തിലാണ്. തന്റെ ആരോഗ്യത്തിന്റെ നല്ല കാലത്ത് ഒരു രാജ്യത്തെ ജനതയെ തമ്മില്‍ ഭിന്നിപ്പിച്ചും തല്ലിപ്പിച്ചും കൊല്ലിച്ചും അധികാരം പിടിക്കാന്‍ പയറ്റിയ തന്ത്രങ്ങളെല്ലാം എണ്‍പത്തൊമ്പതാം വയസ്സു കാലത്ത് ഒരു മനുഷ്യനെ തിരിഞ്ഞുകൊത്തുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്ക് വിധിക്കപ്പെടുന്നത് കാല്‍നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നതുപോകട്ടെ, താന്‍ എന്തിനുവേണ്ടി ഇതുവരെ ജീവിച്ചുവോ അവയെല്ലാം കൈവിട്ടു പോകുകയും പാര്‍ട്ടിക്കും ജനത്തിനും മുന്നില്‍ തീര്‍ത്തും പരിഹാസ്യനായി വിധിയെ പഴിച്ച് കഴിയേണ്ടിവരികയും ചെയ്യുന്ന അവസ്ഥ അദ്വാനിയെ പോലെ ഈ കേസിലെ മറ്റുപ്രതികളില്‍ അധികം പേര്‍ക്കുണ്ടാവില്ല. രാജ്യത്താകമാനം ബി.ജെ.പി അതിശക്തിയാര്‍ജിച്ചു വരുമ്പോഴാണ് അതിന്റെ സ്ഥാപകനേതാവിന് തടവറയിലേക്കുള്ള ആദ്യമണി മുഴങ്ങിയിരിക്കുന്നത്. ജയില്‍ ശിക്ഷയെക്കാളും കാല്‍നൂറ്റാണ്ട് മുമ്പ് ചെയ്‌തൊരു തെറ്റിന്റെ പ്രായശ്ചിത്തത്തിനുള്ള അവസരമാണിത് അദ്വാനിക്ക്.
കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാനും താന്‍ സ്ഥാപിച്ച പാര്‍ട്ടിയായ ബി.ജെ.പിക്ക് അധികാരത്തിലെത്താനും കാലേക്കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തന്ത്രത്തിന്റെ ബലിയാടാകുകയായിരുന്നു ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദെങ്കില്‍ അതേ കാരണത്താല്‍ തന്നെ രാഷ്ട്രീയ രംഗത്തെ ബലിയാടാകുകയായിരുന്നു അദ്വാനിയുമെന്നത് ഒരു പക്ഷേ വിധിയുടെ വൈപരീത്യമാകാം. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതിവിധി ശരിവെച്ച ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യവിശ്വാസികളുടെ ആശ്വാസമെന്നതിലുപരി അദ്വാനിയുള്‍പ്പെടെയുള്ള വയോധികരായ പതിമൂന്നു പേര്‍ക്കുള്ള ശിക്ഷയായി വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ഏറെ മുമ്പേ തന്നെ രാജ്യത്ത് അന്നുവരെ നിലകൊണ്ടിരുന്ന ബഹുസ്വര സാംസ്‌കാരികതയെ വകഞ്ഞുമാറ്റി അവിടെ വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷ വിത്തുകള്‍ വിതറിയതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ പ്രമുഖനാണ് എല്‍.കെ അദ്വാനി. സര്‍വര്‍ക്കറുടെ ഹിന്ദുത്വ സിദ്ധാന്തത്തെയാണ് രാഷ്ട്രീയ സേവക് സംഘം അതിനായി കൂട്ടുപിടിച്ചത്. അവരതിനെ ജനസംഘമെന്നും ഭാരതീയ ജനതാപാര്‍ട്ടിയെന്നുമൊക്കെ രാഷ്ട്രീയ-പാര്‍ലമെന്ററി വ്യവസ്ഥക്കനുയോജ്യമാക്കി ഉപയോഗപ്പെടുത്തിയെന്നേയുള്ളൂ. അതിന്റെ പരിണതിയായിരുന്നു 1992ലെ ബാബരി മസ്ജിദിന്റെ ധ്വംസനവും 1998ലെ വാജ്‌പേയി ഭരണവും . പള്ളി തകര്‍ക്കപ്പെടുമ്പോള്‍ അത്യാഹ്ലാദവുമായി അടുത്തുതന്നെ നിലയുറപ്പിച്ച പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ ഇനിയും വൈകുന്നുവെന്നത് മതേതര വിശ്വാസികളായ ജനങ്ങളുടെ പരിദേവനമായിരുന്നു. നിയമപീഠങ്ങളോട് പൗരന്മാര്‍ക്കുള്ള വിശ്വാസം കുറഞ്ഞുപോകാനിത് കാരണമായെന്നുമാത്രമല്ല, സ്വന്തം ജീവിതം തന്നെ അപകടത്തിലാകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ പതിനാല് ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കഴിയുന്നുമുള്ളൂ.
രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാല്‍ 1200 കൊല്ലത്തോളം ഇന്ത്യ ഉപഭൂഖണ്ഡം ഭരിച്ച വൈദേശികരെ മുസ്‌ലിംകളായി മാത്രം മുദ്രകുത്തി അവര്‍ ചെയ്തതിനെയൊക്കെ തങ്ങളുടെ വര്‍ഗീയ അജണ്ടക്കായി ദുരുപയോഗിക്കുകയായിരുന്നു സംഘ്പരിവാരം. ലോധിമാരും കില്‍ജികളും മുഗളരുമൊക്കെ തികച്ചും മത പ്രചാരണമാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇന്ത്യ എന്നേ ഇസ്്‌ലാമിക രാഷ്ട്രമാകുമായിരുന്നുവെന്ന് തിരിച്ചറിയാതിരിക്കുന്നതാണ് സംഘികളുടെ യഥാര്‍ഥ ഗതികേട്. വെറും വിവരക്കേടിനെ കുറ്റകൃത്യമായി കരുതാനാകില്ലല്ലോ. കാലങ്ങളായി വിശ്വാസപരമായ കാരണങ്ങള്‍ കൊണ്ടുമാത്രം മതം മാറിയ ഇവിടുത്തെ മുസ്‌ലിംകളെ ശത്രുക്കളായി സ്വയംപ്രഖ്യാപിച്ച് ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉത്തേജിപ്പിക്കാനായിരുന്നു അദ്വാനി പ്രഭൃതികളുടെ ശ്രമം. ആര്യന്മാരെ ഉപയോഗിച്ച് ഹിറ്റ്‌ലര്‍ ചെയ്ത അതേ തന്ത്രം. ബി.ജെ.പി രൂപീകരിക്കുമ്പോള്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെയും അദ്വാനിയുടെയും എ.ബി വാജ്‌പേയിയുടെയും മറ്റും മനസ്സിലുണ്ടായിരുന്നതാണ് ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്ന തത്വശാസ്ത്രം. അവരതിനായി ഉപയോഗപ്പെടുത്തിയതാകട്ടെ ബാബരി മസ്ജിദ് എന്ന തികച്ചും മതപരവും നിയമപരവുമായ ഒരു പ്രശ്‌നത്തെയായിരുന്നുവെന്നതാണ് ഖേദകരം. അതിന്റെ തിരിച്ചടിയാണ് ഇന്നലത്തെ വിധിയിലൂടെ അദ്വാനിയും മറ്റും ഇനി അനുഭവിക്കേണ്ടിവരുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ പറഞ്ഞ അതേ ന്യായങ്ങള്‍ തന്നെയാണ് രാജ്യത്തെ മറ്റ് രണ്ടായിരം മസ്ജിദുകളുടെ കാര്യത്തിലും ബി.ജെ.പി പരിവാരം മുന്നോട്ടു വെച്ചത്. ബാബരി മസ്ജിദിനു പുറമെ മഥുരയിലും മറ്റും തോളോടുതോള്‍ ക്ഷേത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന മുസ്‌ലിം ആരാധനാലയങ്ങളെയും അവര്‍ ലക്ഷ്യപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ ബോഫോഴ്‌സ് ഇടപാടിന്റെ പേരില്‍ തെരഞ്ഞെടുപ്പിലൂടെ മറിച്ചിട്ട് രാജ്യത്തുടനീളം വര്‍ഗീയ വിഷം ചുഴറ്റിക്കൊണ്ടുള്ള രഥയാത്രയാണ് അദ്വാനി നടത്തിയത്. രഥയാത്ര തടയാന്‍ ആര്‍ജവം കാട്ടിയ അന്നത്തെ പ്രധാനമന്ത്രി വി.പി. സിങിനുള്ള പിന്തുണ പിന്‍വലിക്കാന്‍ വരെ അദ്വാനിയുടെയും ജോഷിയുടെയും ബി.ജെ.പി തയ്യാറായി. രഥം ഉരുണ്ടുകൊണ്ടിരിക്കെ കൊല ചെയ്യപ്പെട്ടത് കേരളത്തില്‍ പാലക്കാട്ടടക്കം നിരപരാധികളായ ആയിരങ്ങളായിരുന്നു. അതിലേറെയായിരുന്നു രാജ്യത്താകമാനം മതേതര-ന്യൂനപക്ഷ വിശ്വാസികള്‍ക്കിടയിലുയര്‍ന്നുവന്ന അരക്ഷിതാവസ്ഥയും പരസ്പര അവിശ്വാസവും പടര്‍ത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. അതിന്നും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് കേന്ദ്രത്തിലെയും പതിനാറോളം സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍. ബാബരിയുടെ പേരിലാണ് കാല്‍ നൂറ്റാണ്ടു മുമ്പ് വര്‍ഗീയ വിഷം പടര്‍ത്തിയതെങ്കില്‍ ഇന്ന് ബീഫ്, നാളെ മറ്റൊന്ന് എന്നീ വ്യത്യാസങ്ങളേ ഉണ്ടാവൂ.
ആര്‍.എസ്.എസ് പ്രചാരകനായ ഗുജറാത്തി താന്‍ കൊതിച്ച പ്രധാനമന്ത്രിക്കസേരയിലിരിക്കുമ്പോള്‍ തേരാപാരാ കോടതി കയറിയിറങ്ങേണ്ടിവരുന്ന അദ്വാനിയുടെയും ജോഷിയുടെയും ഗതികേട് ഇനി പാര്‍ട്ടിയും ജനതയും കാണണം. മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങിനെയും ഉമാഭാരതിയെയും മോദി രക്ഷിച്ചപ്പോള്‍ മറ്റുള്ള പ്രതികള്‍ക്കും ശിക്ഷ വാങ്ങിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇനി സി.ബി.ഐക്കും കോടതിക്കുമാണ്. ഇവിടെ സുപ്രീംകോടതിയുടെ ആര്‍ജവത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. ഹിന്ദുത്വം ജീവിത രീതിയാണെന്നും സംസ്‌കാരമാണെന്നും ദേശീയഗാനം നിര്‍ബന്ധമായി ആലപിക്കണമെന്നും ഉത്തരവിട്ട കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി പുറത്തുവന്നത് നിസ്സാരമല്ല. അതിനെ എത്ര പ്രശംസിച്ചാലും മതിയാകുകയുമില്ല.
കഴിഞ്ഞയാഴ്ച സുപ്രീംകോടതി തന്നെ മറ്റൊരു ഹര്‍ജിയില്‍ പ്രശ്‌നം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചിരുന്നതാണ്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹര്‍ജിയിലാണിത്. രാമക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്നതാണ് സ്വാമിയുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചകള്‍ക്കല്ല, കോടതിയുടെ വിധിക്കാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് മുസ്‌ലിം സംഘടനാപ്രതിനിധികള്‍ പറയുന്നത്. എങ്കില്‍ തങ്ങള്‍ അടുത്ത വര്‍ഷം ആദ്യം രാമക്ഷേത്രം നിര്‍മിക്കുമെന്ന് സ്വാമി പരസ്യമായ ഭീഷണി മുഴക്കുകയുണ്ടായി. ശരിക്കും ഇതൊരു കോടതിയോടുള്ള അലക്ഷ്യവും വെല്ലുവിളിയുമാണ്.
2019ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഒരിക്കല്‍ കൂടി വിഷയം പൊതുസമക്ഷത്തിലിടുന്നതിലൂടെ ബി.ജെ.പി ചെയ്യാനുദ്ദേശിക്കുന്നത്. ഇത് പക്ഷേ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനായി അവര്‍ ആസൂത്രണം ചെയ്യുന്നതാണ്. ക്ഷേത്രം കെട്ടുമെന്നുകാട്ടുകയും കോടതി അതിനനുവദിക്കുന്നില്ലെന്നു വരുത്തുകയും ചെയ്യുക, കോടതിയുടെ ശിക്ഷ വാങ്ങിയെടുത്ത് വീരപരിവേഷം ചമയുക എന്നൊക്കെയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഉമാഭാരതിയുടെയും മറ്റും വാക്കുകളില്‍ നിന്ന് തികട്ടിവരുന്നത്. ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം, കൃഷി, ഭക്ഷണം, ഗതാഗതം തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ അതൊന്നും സ്പര്‍ശിക്കാതെ ഏതുവഴിക്കും അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴിയാണ് ബി.ജെ.പിക്കും സംഘ്പരിവാറിനും ഹിന്ദുത്വവും ബാബരി മസ്ജിദ് പ്രശ്‌നവും. പശുക്കളെ കൊല്ലുന്നുവെന്നും മുസ്‌ലിംകള്‍ മുത്തലാഖിലൂടെ യഥേഷ്ടം വിവാഹ മോചനം നടത്തുന്നുവെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് തങ്ങളുടെ അന്തിമ അജണ്ടയായ ഹിന്ദുരാഷ്ട്രത്തിനുള്ള ഒരുക്കൂട്ടലാണ്. കാലചക്രം തിരിയുമ്പോള്‍ ഇവക്കെല്ലാം തിരിച്ചടി ലഭിക്കുമെന്ന അന്തിമ നീതിയാണ് അദ്വാനിയുടെയും മറ്റും കാര്യത്തിലെന്നത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഇന്നത്തെ നാടിന്റെ വിലാപം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending