Connect with us

Video Stories

ഗ്രാമീണ ശൈലിയും പരസ്യ ശാസനയും

Published

on

ശാരി പിവി

വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന്‍ മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ മണി പറഞ്ഞതത്രയും നാടന്‍ പ്രയോഗങ്ങളായിരുന്നെന്ന് മൊഴിഞ്ഞ പാര്‍ട്ടി ഇരുട്ടി വെളുത്തപ്പോഴേക്കും പ്ലേറ്റ് മാറ്റിയടിച്ചു. സ്ത്രീകളോട് സഹാനുഭൂതി മാത്രം കാണിക്കുന്ന, ഒരു തെറ്റും ചെയ്യാത്ത ആശാനെ മാധ്യമ കൊഞ്ഞാണന്‍മാരുടെ മുട്ടുന്യായം കേട്ട് അങ്ങനെ വെറുതെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. മണി സി.പി.എമ്മിന്റെ നേതാവാണ്, വെറും നേതാവ് മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതായതിനാലാണ് പരസ്യശാസന നല്‍കിയതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശാസന മണിക്കും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണു പോലും. പാര്‍ട്ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണത്രേ!. ഇങ്ങനെ തിരുത്തി വന്നവര്‍ എത്രയുണ്ടെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ കണക്കുകള്‍ ഒന്നുമില്ലെങ്കിലും ഇ.എം.എസ് മുതല്‍ നായനാര്‍ വരെ താക്കീതിനോ ശാസനകള്‍ക്കോ വിധേയരായിട്ടുണ്ടെന്നതാണ് മണിക്കും ഒപ്പം പാര്‍ട്ടിക്കുമുള്ള ആശ്വാസം. എന്നാല്‍ അവരാരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണ ശൈലി നടത്തിയതായി അറിവുമില്ല. പിന്നെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണമല്ലോ പാര്‍ട്ടിക്ക് എവിടേയും ഇരുത്താന്‍ ഇടമില്ലാഞ്ഞിട്ട് കാസ്‌ട്രോയാക്കി ഭരണ പരിഷ്‌കാരത്തിന് നിയോഗിച്ച വി.എസും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പാമ്പും കോണിയും കളി പോലെ കേറി ഇറങ്ങിക്കളിക്കുന്ന പിണറായിയും പി.ബിയില്‍ നിന്ന് പുറത്തിരുന്ന ചരിത്രവും സെക്രട്ടറി മണിയെ ന്യായീകരിക്കാന്‍ നിരത്തിയിട്ടുണ്ട്. പിന്നെ എല്ലാ ശാസനയും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് ഒരു ആശ്വാസം. മണി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാമുവാണത്രേ (രാഷ്ട്രീയ മുദ്രാവാക്യം= രാമു) അത് മണിയുടെ വാക്കു പോലെ തന്നെ മറ്റേ പണിയാണല്ലോ. അപ്പോള്‍ പിന്നെ അത് അംഗീകരിക്കാനൊക്കുമോ ഇല്ല പകരം ശാസന തന്നെ. അല്ലേലും പാര്‍ട്ടിയുടെ പരസ്യ ശാസന എന്നാല്‍ വല്യക്കാട്ട് ഏര്‍പ്പാടൊന്നുമല്ലെന്ന് അരിയാഹാരം തിന്നുന്ന ആര്‍ക്കും അറിയാം. മണിയാശാനെ നേരിട്ട് ശാസിക്കാതെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന പരസ്യ ശാസന നാട്ടുകാരെ അറിയിക്കുക എന്നാതാണല്ലോ പാര്‍ട്ടി തന്‍ കലാപരിപാടി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ജീവിച്ചിരിക്കുന്നവരില്‍ ബുദ്ധി ജീവി പട്ടവുമൊക്കെയുള്ള താത്വിക ആചാര്യനായ മണിയാശാനെ സിന്‍ഡിക്കേറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാലും ഇങ്ങനെ ശാസിക്കേണ്ടിയിരുന്നില്ല. സംഗതി മുഹമ്മദലിയെ കേരള താരമൊക്കെയാക്കി തിളങ്ങി നിന്ന ജയരാജ സഖാവ് സ്വന്തക്കാര്‍ക്ക് വേണ്ടി അല്‍പം നിയമനം നല്‍കിയ വകയില്‍ പുറത്തായപ്പോള്‍ ശിക്കാരി ശംഭുവിനെ പോലെ കിട്ടിയ മന്ത്രിപ്പണിയാണെങ്കിലും, ഹൊ…എന്നാ കുറ്റമാ ടിയാന്‍ ചെയ്തത്. ഗ്രാമീണ ശൈലി ഒരു തെറ്റൊന്നുമല്ലല്ലോ ഹൊ…അല്ലേലും ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ. പറയലും തിരുത്തലുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള ലൊട്ടു ലൊടുക്കു നേതാക്കള്‍ വരെ എന്തു പറഞ്ഞാലും അത് പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കും. പക്ഷേ പറഞ്ഞത് മണിയാണെങ്കില്‍ ടിയാന്‍ പറഞ്ഞത് തിരുത്താന്‍ പാര്‍ട്ടി പോലും മിനക്കെടില്ലെന്നതാണ് ഇപ്പോഴത്തെ ഒരിത്. അങ്ങ് ഇടുക്കിയില്‍ പാര്‍ട്ടിയെന്നാല്‍ മണിയും മണിയെന്നാല്‍ പാര്‍ട്ടിയുമാണല്ലോ. ശൈലി മാറ്റാന്‍ തനിക്കും തന്റെ വാക്ക് മാറ്റാന്‍ പാര്‍ട്ടിക്കും കഴിയില്ലെന്നത് ഇരു കൂട്ടര്‍ക്കും നല്ല പോലെ അറിയാം. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നാല് ചീത്ത പറയുന്നത് പാര്‍ട്ടിയും ആഗ്രഹിച്ചു കൊണ്ടാണല്ലോ. സഹോദരനും സഹോദര പുത്രന്‍മാരുമാരും വകയിലെ കുടുംബക്കാരുമൊക്കെ ഭൂമി കൈയ്യേറിയതും ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ മറ്റേ പരിപാടി വിളിച്ചു പറയുന്നതുമൊക്കെ നാട്ടു പ്രയോഗമായതിനാല്‍ വിശാല മനസ്‌കരുടെ പാര്‍ട്ടി അങ്ങനങ്ങ് ക്ഷമിച്ചിരിക്കുന്നു. പിന്നെ മേപ്പടിയാന്റെ ഗ്രാമീണ ശൈലിയില്‍ നാല് അസ്സല്‍ കീറ് കേട്ടാലെന്താ, അഭിഭാഷകര്‍ കോടതി വളപ്പില്‍ പഞ്ഞിക്കിട്ടിട്ടു പോലും കിട്ടാത്ത സഹാനുഭൂതി ഹൈക്കോടതി പോലും മാധ്യമ പ്രവര്‍ത്തകരോട് കാണിച്ചല്ലോ. ഇതിനൊക്കെ മണി വെപ്രാളം തന്നെ വേണ്ടി വന്നു. സംഗതി ഇവ്വിധം മണിപ്രവാളം കേരളം കീഴടക്കുന്നതിനിടെ എല്ലാം ശരിയാക്കുന്ന ടീം ഒടുവില്‍ ആശാനും ഉപദേശകനെ വെക്കുകയാണ് പോലും. ഈ സര്‍ക്കാറില്‍ ഒരു ഉപേക്ഷയുമില്ലാതെ ലഭ്യമാകുന്ന ഏക സാധനമായ ഉപദേശകന്‍ മണി മന്ത്രിക്കും ലഭിക്കാന്‍ പോവുകയാണത്രേ!. ഹൊ.. ഹ… കോപ്പ്… തുടങ്ങിയ ഗ്രാമീണ നിഷ്‌കളങ്ക പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന മണി വര്‍ണന അവസാനിപ്പിച്ച് പണ്ഡിതോചിതമായി ഇനി പ്രസംഗങ്ങളും വാര്‍ത്തകളും മന്ത്രിക്കു വേണ്ടി ഉപദേശകന്‍ എഴുതി തയാറാക്കി നല്‍കുമെന്നാണ് പാര്‍ട്ടി പട്ടാള കോടതിയില്‍ നിന്നും അറിയാന്‍ പറ്റുന്നത്. ഇനി ഇതും പാഴായാല്‍ ഉപദേശകരെ ഉപദേശിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിക്കുമോ ആവോ?.
………………………………………………….
മുഖ്യമന്ത്രിയുടെ ചങ്കിന്റെ എണ്ണം പറഞ്ഞ് മേനി നടിച്ചിരുന്ന സി.പി.എമ്മുകാരെ കത്രികപ്പൂട്ടിട്ട് കുരുക്കിയിരിക്കുകയാണ് മൂപ്പിളമത്തര്‍ക്കത്തില്‍ സി.പി.ഐ. പഴകും തോറും വീര്യം കൂടുമെന്നറിയാത്ത മുഖ്യന്‍ പിണറായി പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേട്ടത്. ഏകാധിപതി എന്നൊക്കെ പറയുമ്പോ ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ പെടുമെന്ന് സി.പി.ഐക്കാര്‍ക്ക് നന്നായി അറിയാം. മുഖ്യന്റെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം. അല്ലേലും ഈ സി.പി.എമ്മുകാരെ വെറുതെ വിടാന്‍ സി.പി.ഐക്കാര്‍ക്ക് പറ്റില്ലല്ലോ?. സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ മറുപടി കുറിക്കു കൊള്ളുന്ന വിധം വേണമല്ലോ. ഇനിയിപ്പോള്‍ ടാറ്റക്കു വേണ്ടി ടാറ്റ കൊടുത്തത് ആരെന്നതാണ് അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമയിലെ പ്രധാന പ്രശ്‌നം. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.എമ്മാണെന്ന് സാക്ഷാല്‍ ബംഗാളിനെ കൂട്ടു പിടിച്ച് സി.പി.ഐക്കാര്‍ പറയുന്നു. ബംഗാളെന്ന് കേട്ടാല്‍ തന്നെ ചോര തിളക്കുന്നതിനു പകരം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്ന സി.പി.എമ്മിന് മുറിവില്‍ ഉപ്പു തേച്ച് പിടിപ്പിച്ച് സി.പി.ഐക്കാര്‍ തങ്ങളാലാവും വിധം കൊഴുപ്പിക്കുന്നുണ്ട്. അല്ലേലും തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണല്ലോ കാനം സഖാവിന്റേത്. ബംഗാളില്‍ കോണ്‍ഗ്രസുകാരുടെ തോളില്‍ കയ്യിട്ട് നടന്നിട്ട് കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി ആരും ഭയപ്പെടുത്തേണ്ടെന്നാണ് കാനം സഖാവ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ചുപ് രഹോ അല്ല പിന്നെ.

ലാസ്റ്റ് ലീഫ്:
കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍ ബംഗാളില്‍ യാതൊരു തടസവുമില്ലെന്ന് സംസ്ഥാന സി.പി.എം സെക്രട്ടറി. നോട്ടയോട് ഏറ്റുമുട്ടി മടുത്തുവെന്ന് സാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നെഹ്‌റുട്രോഫിക്ക് കളങ്കം ചാര്‍ത്താന്‍ പിണറായി

ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍.

Published

on

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍. നിരന്തരം സംഘ്പരിവാര്‍ വിരുദ്ധത പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരസ്പര്‍ശമേറ്റ നെഹ്‌റുട്രോഫി സമ്മാനിക്കുന്ന ചടങ്ങിലേക്ക് അമിത്ഷായെ പോലൊരു കളങ്കിതനെ ക്ഷണിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിത്ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നെഹ്‌റു ട്രോഫിയുടെ സകല കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്.

ഇതിന്റെ ഞെട്ടലിലാണ് സംഘടാക സമിതിയായ എന്‍.ടി.ബി.ആര്‍ സൊസൈറ്റി. മുന്‍കാലങ്ങളില്‍ സംഘാടക സമിതി നിര്‍ദേശിക്കുന്ന ദേശീയ നേതാക്കളെയായിരുന്നു പരിപാടിയിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. എന്‍.ടിി.ബി.ആര്‍ സൊസൈറ്റിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടകയായി എത്തിക്കാനായിരുന്നു താല്‍പര്യം. രാഷ്ട്രപതി എത്തുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ഉദ്ഘാടകനാക്കാനായിരുന്നു ധാരണ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരുപടി കൂടി കടന്ന് അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി നേരിട്ട് അമിത് ഷായെ ജലമേളയക്ക് ക്ഷണിച്ചത്.

ജലമേളയുടെ തലേദിവസമായ സെപ്തംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണ മേഖല യോഗത്തിന് ക്ഷണിക്കുന്നതിനൊപ്പമാണ് നെഹ്‌റുട്രോഫിക്കും കൂടിയുള്ള ക്ഷണം കഴിഞ്ഞ 23ന് അമിത്ഷാക്ക് മുഖ്യമന്ത്രി അയച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രം വിശദീകരിച്ചുള്ള കത്തില്‍ പരിപാടി സ്ഥലത്തേക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമിത്ഷായെ ക്ഷണിച്ച നടപടിക്കെതിരെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് വിമര്‍ശനം.അതേസമയം അമിത്ഷായുടെ വരവ് ഉറപ്പായ നിലയിലുള്ള ക്രമീകരണങ്ങളാണ് ആലപ്പുഴയിലും വള്ളംകളി നടക്കുന്ന പുന്നമടയിലും പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങള്‍ പുന്നമടകായലില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. കലക്റ്റര്‍ വി.ആര്‍ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവര്‍ക്കൊപ്പമായിരന്നു പരിശോധന.

Continue Reading

Indepth

നീതി ദേവത-പ്രതിഛായ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്.

Published

on

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്. രാജ്യത്തെ നിയമ പരിഷ്‌കാരത്തിനായി നെഹ്‌റു ഭരണകൂടം രൂപവല്‍കരിച്ച ആദ്യ ലോ കമ്മീഷന്റെ ചെയര്‍മാനായിരുന്നു ടീസ്റ്റയുടെ മുത്തച്ഛനും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന എം.സി സെതല്‍വാദ്. അദ്ദേഹത്തിന്റെ പേരമകള്‍ ലോകമറിയുന്ന മനുഷ്യാവകാശ പോരാളിയായതില്‍ അത്ഭുതത്തിന് വകയില്ല. മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു പിതാവ് അതുല്‍ സെതല്‍വാദും. നോംചോംസ്‌കിയെ പോലുള്ള ലോകത്തെ അത്യുന്നത ചിന്തകരും ബുദ്ധിജീവികളും ടീസ്റ്റയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതിക്ക് കത്തെഴുതിയിരിക്കുന്നത്. മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ ബഹുമതി. ഇന്ത്യയില്‍ ഫാസിസം വന്നോ, ഇല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മഹതിയെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഴിക്കുള്ളിലിട്ടത്. കുറ്റം ഗുജറാത്ത് കലാപത്തിലെ ഇരകളായ നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്! ടീസ്റ്റ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാകുന്നത് 2002 മുതല്‍ക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കും മറ്റുമെതിരെ കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസുകെട്ടുകളുമായി പായുകയായിരുന്നു ഇരകള്‍ക്കൊപ്പം ടീസ്റ്റ എന്ന 60കാരി. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയവരില്‍പെടുത്തിയാണ് മോദിയും കൂട്ടരും മുന്‍ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനൊപ്പം ടീസ്റ്റയെയും തുറുങ്കിലിലടച്ചത്. ‘മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നേരിട്ടുള്ള ആക്രമണം’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറസ്റ്റിനെ വിശേഷിപ്പിച്ചത്. നീതിക്കുവേണ്ടി പോരാടിയവരുടെ ഇതിഹാസമാണ് പുരാണത്തിലെ ദുര്‍ഗയുടെയും സീതയുടെയും പാഞ്ചാലിയുടേതുമെന്നതിനാല്‍ ആധുനിക സീതയുടെ പരിവേഷമാണ് ടീസ്റ്റക്ക്. അമ്മയുടെ പേരിലുമുണ്ട് സീത.

2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്ന കുപ്രസിദ്ധ ഭരണകൂട ഭീകരതക്കിരയായി കോണ്‍ഗ്രസ് എം.പി ഇഹ്്‌സാന്‍ ജാഫ്രിയടക്കം കൊലചെയ്യപ്പെട്ടതിന് നീതിതേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രിയുള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്. മോദി വിളിച്ചുചേര്‍ത്ത 2002ലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോദ്ര സംഭവത്തിന് ‘ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍വിടണ’മെന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചുവെന്നാണ് ടീസ്റ്റയും കൂട്ടരും വാദിച്ചത്. പരാതിയില്‍ മന്ത്രിമാരടക്കം 62 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യേകാന്വേഷണസംഘം പക്ഷേ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതാണ് ടീസ്റ്റയും മറ്റും സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതും. പ്രതികളെ കുറ്റവിമുക്തമാക്കുമ്പോള്‍ പരാതിക്കാരെ കേട്ടില്ലെന്നാണ് കോടതിക്കെതിരായി ഉയര്‍ന്നിരിക്കുന്ന മുഖ്യപരാതി. ലോകത്തെ വിവിധ ഉന്നത സര്‍വകലാശാലകളിലെ അത്യുന്നത പ്രൊഫസര്‍മാരും ബ്രിട്ടീഷ് ജനപ്രതിനിധിയും അടക്കമാണ് കഴിഞ്ഞദിവസം ‘സഹമത്’ എന്ന സംഘടന പുറത്തിറക്കിയ ടീസ്റ്റയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് കാണാതിരിക്കാന്‍ ഇന്ത്യന്‍ നീതിപീഠത്തിന് കഴിയില്ല. വരുന്ന 22നാണ് സുപ്രീംകോടതി ഇവരുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഭാവി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെയാണ് കേസ് വരുന്നത്.

കുടുംബ പാരമ്പര്യം കാക്കാനായി നിയമം പഠിക്കാന്‍പോയെങ്കിലും ഫിലോസഫിയിലാണ് ബിരുദമെടുത്തത്. 1983ല്‍ പത്രപ്രവര്‍ത്തകയായി. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമെന്ന നിലയില്‍ ഒട്ടനവധി കേസുകളാണ് ടീസ്റ്റ ഇതിനകം കോടതികളുടെ മുമ്പിലെത്തിച്ചിട്ടുള്ളത്. മുസ്്‌ലിംകളുടേതാണ് ഇവയില്‍ പലതും. കോര്‍പറേറ്റുകളുടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെയും പോരാടുന്നു. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന്റെ സെക്രട്ടറിയും ‘കമ്യൂണലിസം കോംപാക്ട്’ മാസികയുടെ സ്ഥാപകപത്രാധിപരും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനായി ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിറങ്ങിയത്. 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്ത്-മേക്കിംഗ് ഓഫ് എ ട്രാജഡി, രക്ഷകര്‍ ചതിക്കുമ്പോള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതി. സമാനമേഖലയിലെ പോരാളി ജാവേദ് ആനന്ദാണ് ഭര്‍ത്താവ്. മകനും മകളുമുണ്ട്.

Continue Reading

Health

ഉത്തര കേരളത്തിലാദ്യമായി ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്.

Published

on

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്.

പരിചയ സമ്പന്നനായ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്മാര്‍, പള്‍മനോളജിസ്റ്റുമാര്‍, അനസ്തറ്റിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റിന് പൂര്‍ണ്ണസജ്ജമായ ഓപ്പറേഷന്‍ തിയ്യറ്റര്‍, പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഐ.സി.യു തുടങ്ങിയവ ഉള്‍പ്പെടെയുള്ള അനേകം സൗകര്യങ്ങളും സജ്ജീകരണങ്ങളും ശ്വാസകോശം മാറ്റിവെക്കല്‍ ചികിത്സയ്ക്ക് അനിവാര്യമാണ്.

വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ ആദ്യ സെന്റര്‍ എന്ന പ്രത്യേകതയും ലഭ്യമാകും.

‘നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബാംഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും.’ ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

‘നിലവില്‍ വൃക്കമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റ്, എന്നിവയില്‍ നിലനിര്‍ത്തുന്ന ഉയര്‍ന്ന വിജയനിരക്കും ഈ നേട്ടം കൈവരിക്കുന്നതില്‍ പരിഗണിക്കപ്പെട്ടു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. അനില്‍ജോസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ കാര്‍ഡിയോതെറാസിക് സര്‍ജന്‍), ഡോ. മധു കല്ലാത്ത് (റീജ്യണല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്, ആസ്റ്റര്‍ മിംസ്), ഡോ.ശരത് (കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ്) ലുക്മാന്‍ പൊന്മാടത്ത് (സിഒഒ ആസ്റ്റര്‍ മിംസ്) എന്നിവര്‍ പങ്കെടുത്തു.

 

Continue Reading

Trending