Video Stories
കിഫ്ബി വെട്ടിപ്പിന് പാലം പണിയേണ്ട
വിമാനത്താവളം, തുറമുഖം, മെട്രോ റെയില്‍വെ തുടങ്ങി വന്‍കിട പദ്ധതികളിലൂടെ കേരളത്തിന്റെ വികസനമേഖലയില്‍ വിപ്ലവകരും ചരിത്രപരവുമായ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതിക്കഥകള്‍ പാട്ടാക്കിതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി അനുദിനമെന്നോണം അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍ വേണ്ടത്ര പണമില്ലെന്ന് പറഞ്ഞ് ധനസമാഹരണത്തിനായി ഇടതുസര്‍ക്കാര്‍ രൂപീകരിച്ച കേരള അടിസ്ഥാന സൗകര്യ വികസന ബോര്‍ഡ് (കിഫ്ബി) ഭരണതലത്തിലെ വെള്ളാനയായി മാറിയിരിക്കുകയാണെന്നാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
രാജ്യത്തെ ഭരണഘടനാസ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി.) പോലും പരിശോധനക്ക് അനുവദിക്കാത്തവിധത്തിലാണ് കിഫ്ബിയെ പിണറായി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിരിക്കുകയാണെന്ന് ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതികളിലാണ് ഇപ്പോള്‍ അഴിമതി കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്തിലടക്കം ശതകോടികളുടെ അഴിമതിയാണ് കിഫ്ബിവഴി നടന്നിരിക്കുന്നതെന്നും അഴിമതി മലയുടെ അരിക് മാത്രമാണ് ഇപ്പോള്‍ സ്പര്‍ശിച്ചിരിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍.
പാതകളുടെയും പാലങ്ങളുടെയും മറ്റും നിര്‍മാണത്തിനും വികസനത്തിനുമായി ലക്ഷ്യംവെച്ചുള്ള കിഫ്ബി ഫണ്ട് വിനിയോഗത്തിന് അഴിമതിയുടെ പുതിയ മാനം നല്‍കിയിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിയായ ട്രാന്‍സ്ഗ്രിഡിന്റെ നിര്‍മാണത്തിലാണ് കോടികളുടെ അഴിമതി കണ്ടെത്തിയിരിക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന പദ്ധതിയാണിത്. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് പതിനായിരം കോടിയാണ് ഇതിനായി ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആദ്യഘട്ടമായി 4500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലെ കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലുമാണ് വന്‍ വെട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് വിവരം.
ഇതിനായി നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പ്രത്യേകമായി ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ നിയോഗിച്ചതുതന്നെ അഴിമതിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ്. നിലവിലെ കെ.എസ്.ഇ.ബി നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് തുക വകയിരുത്തിയിരിക്കുന്നത്. അറുപതു ശതാമനം അധിക നിരക്കാണ് ഇതിനായി എസ്റ്റിമേറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇതുവരെ ലഭ്യമായ വസ്തുതകള്‍ അനുസരിച്ചാണ്. യു.ഡി.എഫ് കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍വിമാനത്താവളത്തിനും (കിയാല്‍) സി.എ.ജിയുടെ പരിശോധന വേണ്ടെന്ന് സര്‍ക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. കിയാലില്‍ സര്‍ക്കാര്‍ ഓഹരി കുറവാണെന്നു പ്രചരിപ്പിച്ചാണ് തോന്നിയപോലെ ഫണ്ട് വിനിയോഗിക്കാനുള്ള ഇടംകണ്ടെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി മറച്ചുവെച്ചാണീ തട്ടിപ്പ്. അഴിമതിയുടെ സ്വജനപക്ഷപാതവും കണ്ടെത്തുമെന്നതാണ് പിണറായി സര്‍ക്കാരിനെ ഓഡിറ്റില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ ഭയക്കുന്നതെന്തിനാണെന്നാണ് ജനത്തിന്റെ സംശയം.
സര്‍ക്കാര്‍ ഇതിനകം രണ്ടുമന്ത്രിമാരെ രാജിവെപ്പിച്ചത് അനധികൃതനിയമനങ്ങളും സ്ത്രീപീഡനകേസുമൊക്കെ കൊണ്ടാണ്. വ്യവസായ മന്ത്രിഇ.പി ജയരാജന് പ്രതിയായ അനധികൃത നിയമനക്കേസില്‍നിന്ന് അദ്ദേഹത്തെ നിര്‍ഭയം തലയൂരിച്ചാണ് വീണ്ടും അതേ ലാവണത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് പിണറായി സര്‍ക്കാരും സി.പി.എമ്മും പറഞ്ഞ ന്യായം, നിയമനം മന്ത്രി നേരിട്ടറിഞ്ഞുകൊണ്ടായിരുന്നില്ല എന്നായിരുന്നു. ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടം വരുത്തിയെന്നാരോപിച്ച് തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. അവിടെയും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിച്ചത്.
മന്ത്രി സി.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടി ഉയര്‍ത്തിയ ആരോപണത്തെതുടര്‍ന്ന് അദ്ദേഹത്തെ വൈകാതെ തിരിച്ചെടുത്തു. ആലപ്പുഴയില്‍ കായല്‍ കയ്യേറി റിസോര്‍ട്ട് പണിതതിന് അതേ പാര്‍ട്ടിയുടെ മറ്റൊരു മന്ത്രിക്കും രാജിവെച്ചോടേണ്ടി വന്നു. ഇപ്പോള്‍ കിഫ്ബിയുടെ കാര്യത്തില്‍ പക്ഷേ എത്രമറയ്ക്കാന്‍ ശ്രമിച്ചാലും മായ്ക്കാനാവാത്ത വിധത്തിലുള്ള അഴിമതിയുടെ കൂമ്പാരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊക്കെയാണോ പിണറായി അഭിരമിക്കുന്ന അഴിമതി വിരുദ്ധ സംസ്കാരം? മേല്പറഞ്ഞതിലൊക്കെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ നിലപാട് കൈക്കൊണ്ട സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ 374 കോടിയുടെ എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ശരിക്കുംവെട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഡല്‍ഹിയില്‍നിന്ന് പുറത്തുവരുന്നവിവരം. പതിനൊന്നുതവണ കേസ് സുപ്രീംകോടതിയില്‍ മാറ്റിവെപ്പിച്ചശേഷം നില്‍ക്കക്കള്ളിയില്ലാതെയാണ് കോടതിയുടെ അവസാനവിധിയെ നേരിടാന്‍ സി.പി.എം തയ്യാറെടുക്കുന്നത്. സി.ബി.ഐയുടെ കേസില്‍ ആഴ്ചക്കകള്‍ക്കുള്ളില്‍ കോടതിവിധി പുറത്തുവന്നേക്കും.
ഇതിനിടെയാണ് പാലാ നിയമസഭാഉപതെരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് അഴിമതി വിരുദ്ധ വാചോടോപം നടത്തിയിരിക്കുന്നത്. ‘ഇപ്പോഴും അഴിമതി കാണിക്കാന്‍ ചിലര്‍ തയ്യാറാകുന്നു. മര്യാദക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ട. വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം.’ മേല്‍സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം സര്‍ക്കാരിലെ ആളുകളെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് തോന്നാമെങ്കിലും മാധ്യമങ്ങളത് പ്രതിപക്ഷത്തിന് നേര്‍ക്കുള്ള ഒളിയമ്പെയ്ത്തായാണ് വ്യാഖ്യാനിച്ച് കാണുന്നത്. കൊച്ചിയിലെ പാലാരിവട്ടംപാലം നിര്‍മാണത്തില്‍ സംഭവിച്ച തകരാറാണ് പിണറായിയുടെ പ്രസ്താവനക്ക് ഹേതുവെന്നും അവര്‍ എഴുതിക്കാണുന്നു.
അതെന്തായാലും പാലം നിര്‍മാണത്തിലുണ്ടായ അപാകതയുമായ ബന്ധപ്പെട്ട് വിജിലന്‍സും ക്രൈംബ്രാഞ്ചും എടുത്ത കേസില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വാളോങ്ങുന്നത് സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള വ്യഗ്രത കൊണ്ടായിരിക്കണം. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ഇത്തരം ചെപ്പടിവിദ്യകളുമായി ഇടതുമുന്നണിക്കാര് പ്രത്യക്ഷപ്പെടുന്നത്. ഇക്കാര്യത്തില്‍ അത് രണ്ടുദിവസം മുമ്പായി എന്നേയുള്ളൂ. കെ.പി.സി.സിഅധ്യക്ഷന്‍ മുല്ലപ്പള്ളിരാമചന്ദ്രന് ചൂണ്ടിക്കാട്ടിയതുപോലെ ഇടതുമുന്നണിയുടെ ഉണ്ടയില്ലാവെടികള്‍ അട്ടത്തുവെക്കുകയേ അവര്‍ക്ക് നിവൃത്തിയുള്ളൂ. ആര്, എപ്പോള്‍, എവിടുന്ന്, ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.എം നേതൃത്വമോ അവരുടെ മുഖ്യമന്ത്രിയോ അല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News18 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

