ന്യുയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ എട്ടുപേരെ ട്രെയ്‌ലര്‍ ട്രക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അവശരായ 20 പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാന്‍ അന്റോണിയോ നഗരത്തിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിനു പുറത്താണ് മൃതദേഹങ്ങളടങ്ങിയ ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്. എവിടെനിന്നാണ് വാഹനം എത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്താണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിക്കു സമീപമാണ് സാന്‍ അന്റോണിയോ നഗരം. വാള്‍മാര്‍ട്ട് സ്‌റ്റോറിലെ ഒരു ജീവനക്കാരന്‍ നല്‍കിയ വിവരപ്രകാരം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് മേധാവി വില്യം മക്മാനുസ് പറഞ്ഞു. ട്രക്കിനുള്ളില്‍ എയര്‍ കണ്ടീഷണന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ജീവനോടെ അവശേഷിച്ചവരുടെ നില അതീവ ഗുരുതരമായിരുന്നു. മെക്‌സിക്കോയില്‍നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ മനുഷ്യക്കടത്തുകാര്‍ വാഹനത്തിനുള്ളില്‍ അടച്ചിട്ടതാണെന്ന് സംശയിക്കുന്നു. ദുരന്തത്തിനിരയായവരില്‍ രണ്ടുപേര്‍ കുട്ടികളാണെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇവരുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. വാഹനത്തില്‍നിന്ന് ചിലര്‍ രക്ഷപ്പെട്ടതായും സംശയമുണ്ട്.