തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന പ്രശ്‌നം ‘പി’ ആണെന്ന് എല്‍ദോസ് കുന്നപ്പള്ളി. പഞ്ചായത്ത്, പൊലീസ്, പെമ്പിളൈ ഒരുമൈ എന്നിങ്ങനെ ‘പി’യില്‍ തുടങ്ങുന്നതെല്ലാം സര്‍ക്കാരിന്റെ പരാജയത്തിന് കാരണമായപ്പോള്‍ ‘പി’ എന്ന അക്ഷരത്തില്‍തന്നെയുള്ള പിണറായി സമ്പൂര്‍ണ പരാജയമായെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കുന്നപ്പള്ളി.

മന്ത്രി കെ.ടി ജലീലിന് ആകെയുള്ള യോഗ്യത മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിച്ച പാരമ്പര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘കോണി’ ഇറങ്ങി വന്നതിന്റെ ഗുണം മാത്രമേ ജലീലിനുള്ളൂ. അദ്ദേഹം മികച്ച മന്ത്രിയാണ്. പക്ഷേ, തദ്ദേശവകുപ്പ് പരാജയമാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസംഗ തൊഴിലാളിയെന്നാണ് പി.സി ജോര്‍ജ് മന്ത്രി കെടി ജലീലിനെ വിശേഷിപ്പിച്ചത്. മന്ത്രി മികച്ച പ്രാസംഗികനാണ്. എന്നാല്‍ അതുകൊണ്ട് യാതൊരു ഗുണവുമില്ല. തദ്ദേശവകുപ്പില്‍ യാതൊന്നും നടക്കുന്നില്ല. മന്ത്രിയുടെ വകുപ്പ് സെക്രട്ടറിയും മന്ത്രിയെ പോലെ തന്നെ പ്രസംഗ തൊഴിലാളിയായതോടെ ആകെ കുഴപ്പമായി. പഞ്ചായത്തുകള്‍ പദ്ധതിവിഹിതം എത്ര ചെലവഴിച്ചെന്ന് ചോദിച്ചാല്‍ പോലും മന്ത്രിക്ക് മറുപടി നല്‍കാനാവില്ല. മാലിന്യ സംസ്‌കരണം താളം തറ്റി. തന്റെ മണ്ഡലത്തില്‍ മാലിന്യലോറികള്‍ പ്രവേശിച്ചാല്‍ വാഹനം ഉള്‍പെടെ കത്തിക്കുമെന്നും തനിക്കെതിരെ കേസെടുക്കാമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പി.സി ജോര്‍ജ് പറഞ്ഞു.