ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വര്‍ധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65% വർധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും.