കോഴിക്കോട്: ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യ ദിനം കലക്ഷന്‍ പതിനായിരം കടന്നു. പരീക്ഷണടിസ്ഥാനത്തില്‍ വ്യാഴാഴ്ച ആരംഭിച്ച സര്‍വ്വീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഓടിയെത്തി.

ആദ്യ ദിനത്തില്‍ 246 കിലോ മീറ്റര്‍ യാത്രയില്‍ 305 പേര്‍ യാത്രക്കാരായെത്തി. 10065 രൂപ വരുമാനവും ലഭിച്ചു. ആദ്യ ദിനമായതിനാല്‍ യാത്രക്കാര്‍ യാത്രക്ക് ഇലക്ട്രിക് ബസ് തെരഞ്ഞെടുക്കാന്‍ മടി കാണിക്കുകയായിരുന്നു.

രാവിലെ 7.40 ന് കോഴിക്കോട് ടെര്‍മിനലില്‍ നിന്നും 100 ശതമാനം ചാര്‍ജോടെ ഓടിത്തുടങ്ങിയ വാഹനം രാത്രി 9.20 ന് ട്രിപ്പ് അവസാനിക്കുമ്പോള്‍ 33.8 ശതമാനം ചാര്‍ജ്ജുണ്ടായിരുന്നു. ഇന്നലെ സാമാന്യം മികച്ച കലക്ഷന്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ജില്ലയില്‍ ബസ് സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, കൊയിലാണ്ടി, രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന്റെ നിരക്കാണ് വൈദ്യുതി ബസിനും ഇടാക്കുന്നത്. മിനിമം ചാര്‍ജ്ജ് 20 രൂപയാണ്. നാവിഗേഷന്‍, വൈഫൈ, സി.സി ടി.വി ക്യാമറ സൗകര്യങ്ങളും ബസിലുണ്ട്.