കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറാകാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലെ വിശദ വാദത്തിലായിരുന്നു ഇഡി ഇക്കാര്യം പറഞ്ഞത്.

രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി ഒക്ടോബര്‍ 28 ന് വിധി പറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി. ചോദ്യങ്ങളോടെല്ലാം ഓര്‍ക്കുന്നില്ല, അറിയില്ല എന്ന രീതിയിലാണ് ശിവശങ്കര്‍ പെരുമാറുന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ പടച്ചുവിടുന്നത് കാല്‍പനിക കഥകളാണെന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും പറയുന്നു.