കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. ഡോ അനൂപിനെ ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍.

ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി.

ഏഴു വയസ്സുകാരി ശസ്ത്രക്രിയക്കു ശേഷം മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കുനേരെ നേരത്തെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്യുന്നത്. കടപ്പാക്കട ‘ഭദ്രശ്രീ’യില്‍ ഡോ.അനൂപ് കൃഷ്ണയെ (35) ആണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണു പൊലീസ് നിഗമനം.

ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ: ഡോ.അര്‍ച്ചന ബിജു. മകന്‍: കിത്തു (7).