തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായി ഇ.പി ജയരാജന്‍ പാര്‍ട്ടിയുമായുള്ള ഭിന്നത തുടരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലും ഇ.പി ജയരാജന്‍ എംഎല്‍എ പങ്കെടുത്തില്ല.

എം.എം മണി പുതിയ മന്ത്രിയായി എത്തിയ സാഹചര്യത്തില്‍ മന്ത്രിസഭാ പ്രവേശനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സി.പി.എം കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍ കനത്തതായാണ് വിവരം.
ഇന്ന് വൈകിട്ട് നടക്കുന്ന എം.എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്.

ഇന്നലെ കണ്ണൂരിലായിരുന്നു ഇ.പി ജയരാജന്‍, നിയമസഭയില്‍ നിന്നും വിട്ടുനിന്നതിനെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം പുതിയ മന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ നിന്നും അകന്നുള്ള ജയരാജന്റെ പ്രതിരോധം.