ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെയും പികെ ശ്രീമതിയെയും സിപിഎം കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. നേരത്തെ, ബന്ധുനിയമത്തെത്തുടര്‍ന്ന ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടിയുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ നടപടിയാണ് താക്കീത്.

ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന ശഠിച്ചത് സീതാറാം യെച്ചൂരിയാണ്. ഇപി ജയരാജന്‍ രാജി വെച്ച് ഒഴിഞ്ഞതിനാല്‍ രണ്ടുപേര്‍ക്കുമെതിരെ നടപടിയൊന്നും വേണ്ടെന്ന വാദിക്കാനും കമ്മിറ്റിയില്‍ ചിലരുണ്ടായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് പേരിനെങ്കിലുമുള്ള നടപടിയുമായി കേന്ദ്ര കമ്മിറ്റി കൈകഴുകിയത്.

അതേസമയം, താക്കീത് ചെയ്യുന്നതോടെ രണ്ടുപേരുടെയും പിഴവുകള്‍ സ്ഥിരീകരിക്കപ്പെടുകയാണ് ചെയ്തത്. പിഴവ് പറ്റിയെന്ന് രണ്ടുപേരും കേന്ദ്ര കമ്മിറ്റിയില്‍ സമ്മതിച്ചു.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. കമ്മിറ്റി അംഗമായിട്ടും പങ്കെടുക്കാത്തതിന് അനാരോഗ്യമെന്നാണ് കാരണം ബോധിപ്പിച്ചിട്ടുള്ളത്. പികെ ശ്രീമതി യോഗത്തില്‍ സന്നിഹിതയായിരുന്നു.