തിരുവനന്തപുരം: വ്യാപക തെറ്റുകളെ തുടര്‍ന്ന് നിര്‍ത്തിവെച്ച വി.എച്ച്.എസ്.ഇ രണ്ടാംവര്‍ഷ മാര്‍ക്ക് ലിസ്റ്റ് വിതരണം പുനരാരംഭിച്ചു. അപകാതകള്‍ പരിഹരിച്ച പുതുക്കിയ മാര്‍ക്ക് ലിസ്റ്റുകള്‍ എല്ലാ സ്‌കൂളുകളിലേക്കും അയച്ചതായി വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് ഡയരക്ടര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്ക് പ്രവേശനത്തിന് തടസമുണ്ടാകാതിരിക്കാന്‍ ഫലത്തിന്റെ സംഗ്രഹം ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇ-മെയിലിലൂടെ അവ നല്‍കിയതായും ഡയരക്ടര്‍ വ്യക്തമാക്കി.
സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച മാര്‍ക്ക് ലിസ്റ്റുകളില്‍ തെറ്റുകള്‍ വ്യാപകമായതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരാതിയുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് വിതരണം നിര്‍ത്തിവെക്കാന്‍ വി.എച്ച്.എസ്.ഇ ഡയരക്ടര്‍ ആവശ്യപ്പെട്ടു.ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചിട്ടും മാര്‍ക്ക് ലിസ്റ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ പരീക്ഷാ സെക്രട്ടറിക്ക് പകരം ടെക്‌നിക്കല്‍ ഓഫീസര്‍ ഒപ്പുവെച്ചതിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇത്തവണ 29,427 വിദ്യാര്‍ത്ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്. ഫലം മെയ് 15ന് പ്രസിദ്ധീകരിച്ചിട്ടും ജൂണ്‍ അവസാന ആഴ്ച മാത്രമാണ് മാര്‍ക്ക് ലിസ്റ്റ് തയാറായത്. ഇത് ഏതാനും സ്‌കൂളുകളില്‍ വിതരണം ചെയ്തപ്പോള്‍ തന്നെ വ്യാപകമായ തെറ്റുകള്‍ ഉള്ളതായി പരാതി ഉയര്‍ന്നു. പരീക്ഷയിലെ ഗ്രേഡ് രേഖപ്പെടുത്തിയിരിക്കുന്നതിലാണ് ഭൂരിപക്ഷം തെറ്റുകളും. പകുതിയിലേറെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റിലും തെറ്റ് കടന്നുകൂടിയിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വി.എച്ച്.എസ്.ഇ ഡയരക്ടര്‍ ഇടപെടുകയായിരുന്നു.
എന്‍.ഐ.സി തയാറാക്കിയ സോഫ്റ്റ് വെയറില്‍ ഉണ്ടായ പ്രശ്‌നമാണ് പിശക് സംഭവിക്കാന്‍ കാരണമെന്നാണ് വി.എച്ച്.എസ്.ഇ അധികൃതരുടെ വാദം.