ചെങ്ങന്നൂര്‍: പശ്ചിമബംഗാളില്‍ രാഷ്ട്രീയ നിലനില്‍പ്പിനായി ബിജെപിക്കൊപ്പം ചേരുന്ന സിപിഎമ്മാണ് ബിജെപി വിരുദ്ധതയുടെ പേരില്‍ ചെങ്ങന്നൂരില്‍ വോട്ട് തേടുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. ബുധനൂര്‍ പഞ്ചായത്തിലെ കടമ്പൂര്‍ കുറ്റിയില്‍ ജംഗ്ഷനില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ബിജെപി വിരുദ്ധത കാപട്യമാണ്. ഫാസിസത്തെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന് എല്ലാ തെരെഞ്ഞെടുപ്പുകളിലും പറയുന്ന സി.പി.എം ഇപ്പോള്‍ അവസരവാദ രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്.