Connect with us

Health

കുഞ്ഞുങ്ങളുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാഹ്യവസ്തുക്കള്‍-ഡോ. എബ്രഹാം മാമ്മന്‍

കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്.

Published

on

ഡോ. എബ്രഹാം മാമ്മന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
പീഡിയാട്രിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുള്ള അനുഭവ സമ്പത്തുണ്ട് എനിക്ക്. ഈ കാലയളവിനിടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികളും ആത്മസംഘര്‍ഷവും അനുഭവിക്കുന്ന പ്രധാനപ്പെട്ട സാഹചര്യമാണ് ബാഹ്യവസ്തുക്കള്‍ (Foreign Bodies) ഏതെങ്കിലും കാരണവശാല്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട് കുട്ടികള്‍ ചികിത്സ തേടിയെത്തുന്നത്. തൊണ്ടയിലും, വയറിലും, ശ്വാസകോശത്തിലുമെല്ലാം ബാഹ്യവസ്തുക്കള്‍ കുടുങ്ങിയത് മൂലം ചികിത്സ തേടിയെത്തിയ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എന്‍ഡോസ്‌കോപ്പിയിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താനുള്ള വഴികളെ കുറിച്ച് മാത്രമല്ല സംഭവിക്കാനിടയുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ചും അറിയാമെന്നതിനാല്‍ ഇത്തരത്തിലുള്ള ഓരോ കേസുകളെയും അഭിമുഖീകരിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അറിയാതെ ഒരു വിറയല്‍ ഉണ്ടാവാറുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍ ഒന്നുകില്‍ അത് അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് അവയവങ്ങളുടേയും പ്രവര്‍ത്തനം സങ്കീര്‍ണ്ണമാണ്. കഴിക്കുന്ന ഭക്ഷണവും, വെള്ളവും അന്നനാളത്തിലേക്കും ശ്വാസിക്കുന്ന വായു ശ്വാസനാളത്തിലേക്കും എത്തിക്കാനുള്ള സ്വാഭാവികമായ ക്രമീകരണങ്ങള്‍ ഇവിടെയുണ്ട്.

അന്നനാളത്തിലേക്ക് പോകുന്ന ബാഹ്യവസ്തുക്കള്‍

കുട്ടികള്‍ വിഴുങ്ങുന്നിതില്‍ ഭൂരിഭാഗം വസ്തുക്കളും രക്ഷിതാക്കളുടെ ആശങ്കകളെയും ആകുലതകളെയും അസ്ഥാനത്താക്കി മറ്റ് ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാതെ മലത്തിലൂടെ പുറത്ത് പോവുകയാണ് പതിവ്. എന്നാല്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റും വിഴുങ്ങുമ്പോള്‍ ഇവ സഞ്ചാരപഥത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കാനോ അല്ലെങ്കില്‍ എവിടെയെങ്കിലും കുത്തിക്കയറുവാനോ ഒട്ടിപ്പിടിക്കുവാനോ സാധ്യതയുണ്ട്. ഇത് കാര്യങ്ങളെ തകിടം മറിച്ചേക്കാം. പ്രധാനമായും കുടലിലാണ് ഇവ ആഘാതം സൃഷ്ടിക്കാറുള്ളത്. ചിലപ്പോള്‍ അന്നനാളത്തേയും തകരാറിലാക്കാറുണ്ട്. വളരെ നേര്‍ത്തതും ഇടുങ്ങിയതുമായ മേഖലയായതിനാല്‍ ഇവിടങ്ങളില്‍ എളുപ്പം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുവാനും സാധ്യതയുണ്ട്.

അപകടകരമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് കളിപ്പാട്ടങ്ങളിലേയും ടോര്‍ച്ചിലേയും റിമോട്ട് കണ്‍ട്രോളിലെയുമെല്ലാം ബാറ്ററികള്‍ വിഴുങ്ങുന്നതാണ്. ബാറ്ററികളില്‍ ഉള്ള മാരകമായ പദാര്‍ത്ഥങ്ങള്‍ വയറിലെത്തുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ദോഷകരമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭങ്ങളെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതാണ്. പൊതുവെ എന്‍ഡോസ്‌കോപ്പിയിലൂടെ ഇത്തരം വസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി പോയേക്കാം.

ശ്വാസനാളത്തിലേക്ക് (Bronchus) പോകുന്ന അന്യവസ്തുക്കള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ അന്നനാളത്തിലൂടെ വയറിലേക്ക് കടന്ന് പോകുന്ന വസ്തുക്കളെടെ കാര്യത്തിലാണ്. എന്നാല്‍ അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ അന്നനാളത്തിലേക്ക് പോകാതെ പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യം വന്ന് ചേരും. ഇത് തികച്ചും വ്യത്യസ്തമായ അവസ്ഥാ വിശേഷമാണ്. അതുകൊണ്ട് തന്നെ മേല്‍പറഞ്ഞിരിക്കുന്നവയില്‍ നിന്ന് വ്യത്യസ്തമായ ചികിത്സാ മുറകളാണ് ഇവിടെ സ്വീകരിക്കേണ്ടി വരാറുള്ളത്. ശ്വാസനാളത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വസ്തു സ്വാഭാവികമായി പുറത്ത് വരാനുള്ള ഏക മാര്‍ഗ്ഗം ചുമയ്ക്കുക എന്നത് മാത്രമാണ്. എന്നിട്ടും പുറത്ത് വരാതെ ഇവ ബ്രോങ്കസ്സിലോ ശ്വാസകോശത്തിലോ തുടരുകയാണെങ്കില്‍ ഗൗരവതരമായ സമീപനം ആവശ്യമായി വരും. ഈ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നിടത്തോളം ഇതുമൂലം വരുന്ന പഴുപ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബ്രോങ്കോസ്‌കോപ്പി എന്ന പ്രൊസീജ്യര്‍ ആവശ്യമായി വരും.അനസ്തേഷ്യ നല്‍കിയ ശേഷമാണ് ഇത് നിര്‍വ്വഹിക്കുക. ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്‌കോപ്പ് എന്ന കുഴല്‍ സന്നിവേശിപ്പിക്കുകയും ഇതിലൂടെ ബാഹ്യവസ്തുക്കളെ കൃത്യമായി ദര്‍ശിച്ച ശേഷം ഗ്രാസ്പിങ്ങ് ഫോര്‍സെപ്സ് എന്ന ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കുകയം ചെയ്യുന്ന രീതിയാണ് ബ്രോങ്കോസ്‌കോപ്പി. അല്‍പ്പം സങ്കീര്‍ണ്ണമായ പ്രൊസീജ്യറാണ് ബ്രോങ്കോസ്‌കോപ്പി. ഈ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കുന്ന സമയത്ത് കുഞ്ഞിന് ശരിയായി ശ്വസിക്കാന്‍ സാധിക്കില്ല. അതിനാല്‍ വളരെ വേഗത്തില്‍ തന്നെ പ്രൊസീജ്യര്‍ നിര്‍വ്വഹിക്കേണ്ടതാണ്. സര്‍ജന്റെ വൈദഗ്ദ്ധ്യവും അനസ്തറ്റിസ്റ്റുമായുള്ള ടീം വര്‍ക്കും ഇതില്‍ നിര്‍ണ്ണായകമാണ്.

നീക്കം ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഈ വസ്തു തിരികെ വഴുതി വീഴാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നേരത്തെ സ്ഥിതി ചെയ്തിരുന്നതിന്റെ എതിര്‍ വശത്തേക്കായിരിക്കും എത്തിച്ചേരുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പ്രക്രിയ പുനരാവര്‍ത്തിക്കേണ്ടി വരും. ബോള്‍ റിങ്ങ്, പുളിങ്കുരു പോലുള്ള വട്ടത്തിലും മിനുസമുള്ളതുമായ വസ്തുക്കള്‍ പുറത്തെടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇവ തിരികെ വീണ് പോകാനുള്ള സാധ്യതയും കൂടുതലാണ്. മഫ്ത പിന്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കളും വളരെ വ്യാപകമായി കുട്ടികള്‍ വിഴുങ്ങുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതും നീക്കം ചെയ്യല്‍ വളരെ സങ്കീര്‍ണ്ണവും ദുഷ്‌കരവുമാണ്.

ശസ്ത്രക്രിയ വേണ്ടി വരുന്ന സാഹചര്യം

അപൂര്‍വ്വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിര്‍വ്വഹിക്കേണ്ടി വരും. നിരവധി തവണ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ ഭാഗത്ത് ശസ്ത്രക്രിയ (തൊറാകോടമി) നിര്‍വ്വഹിച്ച് അന്യവസ്തു നീക്കം ചെയ്യേണ്ടതായി വരും. ഒരു ട്യൂബ് സ്ന്നിവേശിപ്പിച്ച് അന്യ വസ്തുവിനെ ദര്‍ശിച്ച് പുറത്തെടുക്കുക എ്ന്നതാണ് ബ്രോങ്കോസ്‌കോപ്പിയുടെ രീതി. പറയുമ്പോള്‍ ഇത് വളരെ ആയാസ രഹിതമായി തോന്നുമെങ്കിലും അത്രത്തോളം എളുപ്പമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ജന്റെ അനുഭവസമ്പത്തും, അനസ്തറ്റിസ്റ്റിന്റെയും മറ്റ് ടീമംഗങ്ങളുടേയും അനുഭവ പരിചയവുമെല്ലാം ഇതില്‍ നിര്‍ണ്ണായകമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണ്. മുന്‍കരുതള്‍ നിര്‍ബന്ധമായും സ്വീകരിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending