കണ്ണൂര്‍: കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സൂരജിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കാദമിയുടെ നാലുനില കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അക്കാദമിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കോടതി ഉത്തരവ് നേടി സൂരജ് കഴിഞ്ഞ ദിവസം അക്കാദമിയില്‍ തിരിച്ചെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. അധികൃതര്‍ സൂരജിനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അക്കാദമിയില്‍ സെയിലറായിരുന്ന സൂരജ് പരീക്ഷയെഴുതിയാണ് കേഡറ്റ് യോഗ്യത നേടിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് സൂരജ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും ഇത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. കോടതിയലക്ഷ്യത്തിന് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സൂരജിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും പരീക്ഷാ സമയത്ത് പേപ്പര്‍ പിടിച്ചുവാങ്ങി വലിച്ചുകീറിയതായും ബന്ധുക്കള്‍ പറഞ്ഞു.