തിരുവനന്തപുരം: നടി മഞ്ജുവാര്യറെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘമാളുകള്‍ ഇന്നലെ രാത്രി തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്.

നേരത്തേയും സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. സെറ്റില്‍ വന്ന് ചിലര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇതിനെ സെറ്റിലുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് മഞ്ജവാര്യറെ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു നടന്റെ ഫാന്‍സ് ആണ് സംഘത്തിലുണ്ടായതെന്നും പറയപ്പെടുന്നു. നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംഭവിച്ചില്ലെന്നാണ് അറിയിപ്പ് ലഭിച്ചത്. പിന്നീട് അനുരഞ്ജനത്തിലൂടെ പ്രശ്‌നം ഒതുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. വിധവയുടെ വേഷമാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വന്‍വിവാദമായിരുന്നു. അതിനുശേഷമാണ് മഞ്ജുവാര്യറെ അപമാനിച്ച സംഭവം പുറത്തുവരുന്നത്.  എന്നാല്‍ സംഭവത്തില്‍ പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല. നടിയോ മറ്റു സിനിമാ പ്രവര്‍ത്തകരോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.