ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫെയ്‌സ്ബുക് ലൈവില്‍. സഭയില്‍ ആദ്യമായി സംസാരിക്കാന്‍ എഴിന്നേറ്റിട്ടും സാധ്യമാകാതെ പോയെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സച്ചിന് സഭയിലെ ബഹളത്തെ തുടര്‍ന്ന് അതിന് സാധിച്ചിരുന്നില്ല. വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്നാണ് സച്ചിന്റെ കന്നി പ്രസംഗം തടസപ്പെട്ടത്.

കളിക്കാനുള്ള അവകാശത്തെയും രാജ്യത്തിന്റെ കായികഭാവിയെയും കുറിച്ച് സംസാരിക്കാനായിരുന്നു സച്ചിന്‍ തന്റെ കന്നി പ്രസംഗത്തിന് അവസരം ചോദിച്ചത്. സഭാധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു സച്ചിനെ വിളിക്കാനൊരുങ്ങിയപ്പോള്‍ 2ജി പ്രശ്‌നമുന്നയിച്ചു സമാജ്‌വാദി നേതാവ് നരേഷ് അഗര്‍വാള്‍ ക്രമപ്രശ്‌നമുന്നയിച്ചു തടയുകയായിരുന്നു.

ഇന്ത്യ കായിക പ്രധാന്യമുള്ള രാജ്യം എന്ന തലകെട്ടോട് കൂടിയ തന്റെ തന്നെ പ്രസംഗ വീഡിയോയാണ് സച്ചിനിപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.