വാട്‌സാപ്പിലേത് പോലെ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു തവണ അഞ്ച് വ്യക്തികള്‍ക്കോ, ഗ്രൂപ്പുകളിലേക്കോ മാത്രമേ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. തെറ്റായ വിവരങ്ങളുടേയും വ്യാജവാര്‍ത്തകളുടെയും പ്രചാരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

2018 ഇന്ത്യയില്‍ വാട്‌സാപ്പ് സന്ദേശങ്ങളയക്കുന്നതിന് സമാനമായ നിയന്ത്രണം ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിന് ഹാനികരമായ ഉള്ളടക്കങ്ങളുടേയും തെറ്റായ വിവരങ്ങളുടേയും പ്രചാരണത്തിന്റെ വേഗം കുറയ്ക്കുന്നതിന് ഫോര്‍വേഡുകള്‍ നിയന്ത്രിക്കുന്നത് ഫലപ്രദമായ മാര്‍ഗമാണെന്ന് മെസഞ്ചര്‍ പ്രൈവസി ആന്റ് സേഫ്റ്റി, പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടറായ ജെയ് സള്ളിവന്‍ പറഞ്ഞു.

മാര്‍ച്ചില്‍ തന്നെ ഈ സംവിധാനം പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപയോക്താക്കളിലേക്കും ലഭ്യമാക്കിത്തുടങ്ങി. ഘട്ടംഘട്ടമായാണ് ഇത് ഉപയോക്താക്കളിലേക്ക് എത്തിക്കുക.ന്യൂസിലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങള്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫെയ്‌സ്ബുക്ക് പുതിയ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്.