ഗുവാഹത്തി: ബ്യൂട്ടി പാര്‍ലറില്‍ ചെന്ന് ഫേഷ്യല്‍ ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. മുഖത്താകെ പൊള്ളലേറ്റു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബിനിത എന്ന യുവതിക്കാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഗുവാഹത്തി ലിങ്ക് റോഡിലെ ശാരദ എന്ന ബ്യൂട്ടി പാര്‍ലറില്‍ വിവാഹാഘോഷത്തിനു പങ്കെടുക്കുന്നതിന് വേണ്ടി ഫേഷ്യല്‍ ചെയ്യാനെത്തിയതായിരുന്നു.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത്:

‘വിവാഹശേഷം ആദ്യമായാണ് ഒരു ബ്യൂട്ടിപാര്‍ലറില്‍ പോയത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ‘ഡീറ്റാന്‍ ഫേഷ്യല്‍’ ആണ് നല്ലതെന്ന് നിര്‍ദേശിച്ചത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ തന്നെയാണ്. മുഖത്ത് രോമങ്ങളുള്ളത് വാക്‌സ് ചെയ്‌തോ ത്രെഡ് ചെയ്‌തോ നീക്കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിസമ്മതിച്ചു അങ്ങനെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്. ഞാനത് സമ്മതിച്ചു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. ഉറക്കെ നിലവിളിച്ചതോടെ അവര്‍ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു. അതിനുശേഷം മുഖത്ത് ഐസ് ബാഗ് വച്ചു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമക്ക് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല.’

അതേ സമയം പൊള്ളലേറ്റതു തന്നെയാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മുഖത്തെ പാടുകള്‍ പോവാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ പുരട്ടിക്കൊണ്ടിരിക്കുകയാണ്. പാടുകള്‍ മായാന്‍ കാലതാമസമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമകളിലൊരാളായ ദീപ് ദേബ് റോയ് പിന്നീടെ രംഗത്തെത്തി. ഡീറ്റാന്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് ബ്ലീച്ച് ചെയ്യുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് ദീപ് റോയ് പറഞ്ഞത്. എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ താന്‍ വിഡ്ഢിയല്ലെന്നായിരുന്നു ബിനിതയുടെ മറുപടി.