തളിപ്പറമ്പ്: ദുരൂഹമായി മരിച്ച റിട്ട.സഹകരണ ഡെപ്യൂട്ടി റജിസ്ട്രാര്‍ തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കള്‍ തളിപ്പറമ്പിലെത്തി. ബാലകൃഷ്ണന്റെ സഹോദരനും റിസര്‍വ്വ് ബാങ്ക് മുന്‍ജീവനക്കാരനുമായ പരേതനായ കുഞ്ഞിരാമന്റെ മക്കളായ ബീന രഘുവും ഡോ.ചിത്രാ കൃഷ്ണകുമാറുമാണ് എത്തിയത്. ചെന്നൈയിലാണ് മൂത്ത മകളായ ബീന താമസിക്കുന്നത്. ഇന്നലെ രാവിലെ ചെന്നൈയില്‍ നിന്നു കണ്ണൂരിലെത്തിയ സംഘം ആദ്യം പയ്യന്നൂര്‍ സി.ഐ ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കേസിലെ മുഖ്യപ്രതി പയ്യന്നൂരിലെ അഭിഭാഷക ശൈലജ തട്ടിയെടുത്ത അമ്മാനപ്പാറയിലെ ഭൂമി സന്ദര്‍ശിച്ചു. സന്ധ്യ കഴിഞ്ഞാണ് ആക്ഷന്‍ കമ്മിറ്റി യോഗം നടന്ന പൂക്കോത്ത് നട എല്‍.ഐ.സി ഓഫീസിന് സമീപത്തെ വീട്ടിലെത്തിയത്. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്, ജനറല്‍ കണ്‍വീനര്‍ പത്മന്‍ കോഴൂര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ബാലകൃഷ്ണന്റെ ബന്ധുക്കളുമായി നേരത്തെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ബീനയും ചിത്രയുമടക്കമുള്ള ബന്ധുക്കളെ വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. മാധ്യമ വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞാണ് തിരുവനന്തപുരത്തെ കുടുംബസുഹൃത്തായ മാര്‍ഗരറ്റിനൊപ്പം ബീനയും ചിത്രയും കുടുംബാംഗങ്ങളും എത്തിയത്.