ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.

സമാധാനപരമായിട്ട് ഉപരോധം നടത്താനാണ് സംഘടനകളുടെ തീരുമാനം. അടിയന്തര സര്‍വീസുകള്‍ അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേര്‍ന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാനയും വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.