സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായില്‍ കാത്തിരിക്കുന്നത് വീണ്ടും രണ്ട് കേസുകള്‍. പത്തുലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി) കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിനോയിക്കെതിരെ രണ്ടു കേസുകള്‍ കൂടി ഉടന്‍ ചാര്‍ജ് ചെയ്‌തേക്കുമെന്ന വിവരം പുറത്തുവരുന്നത്.

കേരളത്തിലെ പ്രമുഖനായ ഒരു പ്രവാസി വ്യവസായിയുടെ മധ്യസ്ഥതയില്‍ 1.72 കോടി ജാസ് കമ്പനിക്ക് നല്‍കി കേസ് അവസാനിപ്പിച്ച് യാത്രാവിലക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനൊപ്പം മറ്റ് രണ്ട് കേസുകള്‍ കൂടി ഉണ്ടായാല്‍ വീണ്ടും യാത്രാ വിലക്ക് നിലനില്‍ക്കും. ഈസാഹചര്യത്തില്‍ ബിനോയിക്ക് കുരിക്ക് മുറുകാനാണ് സാധ്യത. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്‍പ് മകന്റെ ഇടപാടുകള്‍ തീര്‍ത്ത് നാട്ടിലെത്തിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.

നല്‍കാനുള്ള പണം പൂര്‍ണമായി അടക്കാതെ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നാണ് അറിയുന്നത്. രണ്ട് കേസുകള്‍ കൂടി ചാര്‍ജ് ചെയ്യപ്പെട്ടാല്‍ അഞ്ചര കോടി രൂപ നല്‍കാതെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവില്ല. കഴിഞ്ഞ ഞായറാഴ്ചയാണു ദുബായ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുലക്ഷം ദിര്‍ഹത്തിന്റെ കേസാണു ഇപ്പോള്‍ ഒത്തുതീര്‍പ്പ് സാധ്യതയിലുള്ളത്. വീണ്ടും 20 ലക്ഷം ദിര്‍ഹത്തിന് മര്‍സൂഖി കോടതിയെ സമീപിക്കുമ്പോള്‍ ബിനോയിയുടെ നില പരുങ്ങലിലാകും.

പത്തുലക്ഷം രൂപ കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് നല്‍കുന്നതെന്നാണു സൂചന. ഇദ്ദേഹം ഉന്നത സി.പി.എം നേതാവിന്റെ ബന്ധുവാണ്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഖുല്‍ കൃഷ്ണക്കുമാണ്. കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണ് ബിനോയിക്കു നല്‍കിയത്. എന്നാല്‍ പണം തിരികെ കിട്ടാതെ വന്നതോടെ മര്‍സൂഖി നേരിട്ടു കാര്യങ്ങള്‍ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നല്‍കാനുണ്ടെന്നാണു കമ്പനി പറയുന്നത്.

ഇടപാടുകള്‍ തീര്‍ത്ത് മകന്‍ തിരിച്ചെത്തുന്നതിനേക്കാള്‍ കോടിയേരി ബാലകൃഷ്ണന് തലവേദനയാകുന്നത് സംസ്ഥാന സമ്മേളനവും തുടര്‍ന്നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുമാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കോടിയേരിയെ പരോക്ഷമായെങ്കിലും വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുവരാനിടയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന സെക്രട്ടറി പതറുന്ന സ്ഥിതിയുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടുപക്ഷത്തെ അടിക്കാനുള്ള വടിയായി ബംഗാള്‍ ഘടകം ഉപയോഗിക്കാനിരിക്കുന്നത് കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പാണ്. സംഭവം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ബംഗാള്‍ ഘടകം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.