കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.
ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്‌ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.