കണ്ണൂര്‍: പ്രളയദുരിതാശ്വാസത്തിന്റ പേരില്‍ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളികളും കണ്ണൂരില്‍ അറസ്റ്റില്‍. ചക്കരക്കല്‍ പെരളശ്ശേരി സ്വദേശി റിഷഭ് (27), അലവില്‍ സ്വദേശി സഫാന്‍ (26), കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി ഇര്‍ഫാന്‍ (23) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബക്കറ്റില്‍ നിന്ന് 3540 രൂപ പിടിച്ചെടുത്തു.

നേരത്തേ മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ട പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ഉപഭോക്തൃമേളയിലാണ് ഇവര്‍ ബക്കറ്റ് പിരിവ് നടത്തിയത്.

വ്യാജ പിരിവുകാര്‍ സജീവമായി രംഗത്തുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രത്തിന് ലഭിച്ച രഹസ്യാന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ടൗണ്‍ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ ഓടിയ ഇവരെ പിന്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.