കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. അലിപൂരിലെ സിംഗു അതിര്‍ത്തിയില്‍ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം.

പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. പാനിത്തില്‍ നിന്ന് അത്‌ലറ്റിക് മീറ്റ് കഴിഞ്ഞ് സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ മടങ്ങുകയായിരുന്നു സംഘം. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരീഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ആറ് പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ട്രെയിന്‍ വ്യോമഗതാഗതം താറുമാറായിരുന്നു. മൂടല്‍മഞ്ഞ് മൂലം ഞായറാഴ്ച 28 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകള്‍ വൈകിയോടുകയാണ്. വ്യോമഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്.