റാഞ്ചി: ജാര്‍ഖണ്ഡില്‍ മത്സരത്തിനിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു. റാഞ്ചിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഗുംല ജില്ലയിലാണ് സംഭവം. ഗുംല ജില്ലയെ ഉരു ബാര്‍ദിയില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെ പരസ് പന്ന എന്നയാളാണ് മരിച്ചത്.

കുജുര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടന്ന മത്സരത്തിനിടെ അഞ്ചു പേര്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. ഇവരെ ഗുംല സര്‍ദാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. നിസാര പരിക്കേറ്റ മറ്റു നാലുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന സംഭവം പോലീസ് അറിയുന്നത് വെള്ളിയാഴ്ച്ച രാവിലെയാണ്. ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഫുട്‌ബോള്‍ മത്സരം എങ്ങനെ സംഘടിപ്പിച്ചെന്ന് അന്വേഷിക്കുമെന്ന് ചൈന്‍പൂരിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ കുല്‍ദീപ് കുമാര്‍ വ്യക്തമാക്കി.