ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിനെ ഉടച്ചു വാര്‍ത്ത് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുമ്പൊന്നും കാണാത്ത തരത്തിലുള്ള സംഘടനാ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമാണ് ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനം വേദിയാകുന്നത്. പ്രത്യേകം പ്രത്യേകം പാര്‍ട്ടി സമിതികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ പ്രിയങ്ക.

കഴിഞ്ഞ ദിവസം മാത്രം നാലു വിര്‍ച്വല്‍ യോഗങ്ങളാണ് പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യോഗം ചേര്‍ന്നു പിരിഞ്ഞു പോകുക മാത്രമല്ല, ഓരോ സമിതികള്‍ക്കും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി സമയക്രമവും നിശ്ചയിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള നേതാവായി പ്രിയങ്ക യുപിയിലെത്തുന്നത്. പിന്നീട് സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയും പാര്‍ട്ടി അവരെ ഏല്‍പ്പിക്കുകയായിരുന്നു.

പത്തു ലക്ഷം പേരുമായി ആശയവിനിമയം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്. ഇതിന്റെ ഭാഗമായി രൂപീകരിച്ച സമിതിക്ക് പത്തു ലക്ഷം ആളുകളുമായി ആശയവിനിമയം നടത്താനുള്ള ടാര്‍ഗറ്റാണ് നല്‍കിയിട്ടുള്ളത്. ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പത്രികയാണ് തയ്യാറാകുന്നത്. യുവാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത് പ്രിയങ്ക നേരിട്ടാണ്.

PTI3_18_2019_000088B

നേരത്തെ പ്രഖ്യാപിച്ച പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ സമീപിക്കാമെന്ന കണക്കുകൂട്ടിലാണ് പ്രിയങ്ക. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും പത്രികയില്‍ പ്രാധാന്യപൂര്‍വം ഇടംപിടിക്കുമെന്നാണ് സൂചന.

പരിശീലന ക്യാമ്പുകള്‍ സജീവമാകുന്നു

അടുത്ത ആറു മാസത്തിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി രണ്ടായിരം പരിശീലന ക്യാമ്പുകളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ ബ്ലോക്കിലും മൂന്ന് പരിശീലന ക്യാമ്പുകളെങ്കിലും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് 840 ബ്ലോക്കുകളാണ് ഉള്ളത്. പരിശീലന പദ്ധതിയുടെ ട്രയിനിങ് മൊഡ്യൂളുകള്‍ തയ്യാറാക്കി വരികയാണ്. ഇതിനു പുറമേ, സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഊര്‍ജിതമായി നടത്താനും പ്രിയങ്ക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ദുര്‍ബലമായ സാഹചര്യത്തില്‍ ക്യാമ്പുകള്‍ പുതിയ ഊര്‍ജം കൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ് അവര്‍.