kerala

മകനെ കാണാന്‍ ജയിലിലേക്ക് കഞ്ചാവുമായെത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

By webdesk18

December 15, 2025

മൈസൂരു: മൈസൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളടക്കം മൂന്ന് പേരെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിന് നല്‍കാനായാണ് കഞ്ചാവ് ജയിലിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഡിസംബര്‍ 12ന് മകനെ കാണാനും വസ്ത്രങ്ങള്‍ നല്‍കാനും ദമ്പതികള്‍ ജയിലിലെത്തിയിരുന്നു. പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ജയില്‍ ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതികള്‍ കഞ്ചാവ് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമിച്ചതായി സ്ഥിരീകരിച്ചു. എന്‍ഡിപിഎസ് ആക്ട്, ജയില്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമേഷ്, രൂപ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചോദ്യം ചെയ്യലില്‍, മധു എന്നയാളുടെ മകനായ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലെത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നല്‍കി. സുരേഷ്, ആകാശിന്റെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് സുരേഷ് എംനെയും മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കം വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.