ജയ്പൂര്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ മോശം നടപടികള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും അവസരമുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി നേരിട്ട് സംസാരിക്കണമെന്നും ഗഹ്‌ലോട്ട് ആവശ്യപ്പെട്ടു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തിരുത്തണം. ഒരിക്കലെടുത്ത തീരുമാനം പിന്നീട് മാറ്റുന്നതില്‍ തെറ്റായൊന്നുമില്ല. ഇത് ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണ്. തീരുമാനം തിരുത്തിയാല്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തുണ്ടായ അക്രമത്തില്‍ ബിജെപി സര്‍ക്കാര്‍ ഇതുവരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചു. ചില സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അക്രമണത്തില്‍ എന്തുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ച ഗഹ്‌ലോത്ത് സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കര്‍ഷ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ബിജെപി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ട്രാക്ടര്‍ പരേഡിനിടെ അക്രമമുണ്ടായതെന്ന് ആം ആദ്മി പാര്‍ട്ടിയും ശനിയാഴ്ച ആരോപണം ഉയര്‍ത്തിയിരുന്നു.