ന്യൂഡല്‍ഹി: അന്താരഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2017ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഇറാഖിനും ഉത്തരകൊറിയക്കും താഴെ. മൊത്തം 119 രാഷ്ട്രങ്ങളില്‍ നൂറാമതാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യയില്‍ പാകിസ്താന്‍ മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. റാങ്കിങ് ഇപ്രകാരം;

കുറഞ്ഞു വരുന്ന സൂചിക

മറ്റുരാഷ്ട്രങ്ങളില്‍ നിന്നു ഭിന്നമായി പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ താഴോട്ടാണ്. 25 വര്‍ഷം മുമ്പ് ഇതിനും മികച്ച രീതിയില്‍ ഇന്ത്യ വിശപ്പിന്റെ വെല്ലുവിളിയോട് പ്രതികരിച്ചിരുന്നു. 1992ല്‍ 46.2 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. 2017ല്‍ ഇത് താഴ്ന്ന് 31.4 ആയി. രണ്ടായിരത്തില്‍ ആഗോള പട്ടിണിയുടെ അനുപാതം 27 ശതമാനം താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ അതിനനുസൃതമായി 18 ശതമാനം മാത്രമാണ് താഴ്ന്നത്.

അയല്‍രാജ്യങ്ങളെ കണ്ടുപഠിക്കണം

1991ലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷം ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ്. എന്നാല്‍ ദക്ഷിണേഷ്യയിലെ മറ്റു രാഷ്ട്രങ്ങളുടെ വികസനവുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി മെച്ചമല്ല. വേണ്ടത്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാധ്യമാകാത്ത നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ പോലും അടിസ്ഥാന വികസന വെല്ലുവിളിയായ പട്ടിണി കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

പിന്നോട്ടു പോകുന്ന വികസനം

1992ല്‍ പട്ടിണിക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ രാജ്യം മ്യാന്മര്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ക്ക് മുമ്പിലായിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ ഈ രാഷ്ട്രങ്ങള്‍ ഇന്ത്യയേക്കാള്‍ കരുത്തു നേടി. ഇന്ത്യയ്ക്കാരേക്കാള്‍ നന്നായി ബംഗ്ലാദേശികളും ബര്‍മക്കാരും ഭക്ഷണം കഴിക്കുന്നുണ്ടെന്നര്‍ത്ഥം. 1992ല്‍ ഇന്ത്യയേക്കാള്‍ സ്‌കോറുണ്ടായിരുന്ന പാകിസ്താന്‍ ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് പിറകിലേക്ക് വീഴുകയും ചെയ്തു.

തൂക്കമില്ലാത്ത കുഞ്ഞുങ്ങള്‍

ഇന്ത്യയിലെ 21 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്ത തൂക്കമില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഇന്ത്യയേക്കാള്‍ മുകളില്‍ മൂന്ന് രാഷ്ട്രങ്ങള്‍ മാത്രമേയുള്ളൂ. 1992 ല്‍ ഇന്ത്യയില്‍ ഇരുപത് ശതമാനം കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നു. 2017ലെത്തുമ്പോള്‍ അത് ഒരു ശതമാനം വര്‍ധിച്ച് 21 ആയി. ഇക്കാര്യത്തില്‍ മറ്റു ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ മുന്നിലാണ്. രാഷ്ട്രങ്ങളുടെ കണക്ക് ഇപ്രകാരം. ചൈന (1.8), മ്യാന്മര്‍ (7), പാകിസ്താന്‍ (10.5), നേപ്പാള്‍ (11.3), ബംഗ്ലാദേശ് (14.3), ഇന്ത്യ (21), ശ്രീലങ്ക (21.4)